സുല്‍ത്താന്‍ ബത്തേരി: വാഹനാപകടത്തില്‍ ഇടതുകൈ മുട്ടിനു മുകളില്‍ അറ്റുപോയ യുവാവിന് കെഎസ്ആര്‍ടിസി 1.5 കോടി രൂപ നഷ്ടപരിഹാരം നല്കാന് വയനാട് മോട്ടോര്‍ ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണല്‍ ഉത്തരവായി. അമ്പലവയല്‍ മാളിക കുന്നത്തൊടി മുഹമ്മദ് അസ്ലമിന്റെ ഹര്‍ജിയിലാണ് എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന്റെ ഉത്തരവ്. 1,40,34,550 രൂപയും ഈ തുകയുടെ എട്ട് ശതമാനം പലിശയും കോടതി ചെലവുമാണ് ഹര്ജിക്കാരന് കോര്പറേഷന് നല്‍കേണ്ടത്. ബത്തേരി ബാറിലെ അഡ്വ.ടി.ആര്. ബാലകൃഷ്ണന് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2023 ജനുവരി 17ന് മാളികളില്നിന്ന് ബത്തേരിക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവേ മംഗലംകാപ്പിലുണ്ടായ അപകടത്തിലാണ് മുഹമ്മദ് അസ്ലമിന്റെ ഇടതുകൈ അറ്റത്.
എതിരേ വന്ന വാഹനത്തിന് ഡ്രൈവര്‍ അശ്രദ്ധമായി അരികുകൊടുത്തപ്പോള് ബസ് മുഹമ്മദ് അസ്ലമിന്റെ ഇടത് കൈ ചേര്‍ത്ത് ഇലക്ട്രിക് പോസ്റ്റില്‍ ഉരയുകയായിരുന്നു. ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ ലഭ്യമാക്കിയെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അപകടസമയം ബത്തേരി കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗില്‍ ഫാര്‍മസി കോഴ്സ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് അസ്ലം. ബസിന് ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ