ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടിയെ കാണാതായ പ്രദേശത്ത് നിന്നല്ല മൃതദേഹം കിട്ടിയതെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന് ശശി കുമാര്‍ പറഞ്ഞു. ആ സ്ഥലത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കുട്ടിയെ കണ്ടെത്തിയ പ്രദേശത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നു. ഈ പറയുന്ന മേഖലയില്‍ ഞങ്ങള്‍ നേരിട്ട് തിരച്ചില്‍ നടത്തിയതാണ്. 300,400 അടി വരെ ഞങ്ങള്‍ ഇറങ്ങി പരിശോധിച്ചതാണ്. ആ പ്രദേശത്ത് വെച്ചല്ല കുട്ടിയെ കാണാതായത്. 150 മീറ്റര്‍ അപ്പുറത്ത് മറ്റൊരു മലയുടെ ചെരിവില്‍ വെച്ചാണ് കാണാതായത്. ഡോഗ് സ്ക്വാഡ് വന്നപ്പോഴും ഈ പ്രദേശത്തിന് നേരെ ഓപ്പസിറ്റായിട്ടാണ് പൊലീസ് നായ ഓടിയത്. കടയുടെ അടുത്ത് വരെ നായ മണം പിടിച്ച് വന്നിട്ടുണ്ട്', ശശി കുമാര്‍ പറഞ്ഞു.
കടയുടെ ഭാഗത്ത് വെച്ച് ആരോ കുട്ടിയെ അപായപ്പെടുത്തിയെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. അവസാനം കുട്ടി പോയത് ആ കടയിലാണെന്നും ആ കടയില്‍ മിക്കവാറും ആളുകള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പൊലീസുകാരോട് ആദ്യമേ പറഞ്ഞതാണ് അവിടെ ചോദ്യം ചെയ്യാന്‍, എന്നാല്‍ ഇതുവരെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. അപകടം സംഭവിച്ചിട്ടുണ്ടെന്നും മിസ്സിങ് ഇതുവരെ നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു', ശശി കുമാര്‍ പറഞ്ഞു.
കാണാതായി നാലാം ദിവസത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ