കാസര്‍ഗോഡ് അഞ്ച് വയസുകാരനോട് രണ്ടാനാച്ഛന്റെ കൊടുംക്രൂരത; ദൃശ്യങ്ങള്‍ പകര്‍ത്തി അയല്‍വാസി.


അഞ്ച് വയസുകാരനോട്‌ രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കാസർഗോഡ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ കുട്ടിയാണ് ക്രൂരമർദ്ദനത്തിനിരയായത്.

സംഭവത്തില്‍ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജെ.ജെ ആക്‌ട് ഉള്‍പ്പടെചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു.

മാര്‍ച്ച്‌ 31-നും ഏപ്രില്‍ ഒന്നിനുമാണ് സംഭവം നടന്നത്. കുട്ടിയുടെ നിലവിളി ശബ്ദം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയാണ് ദൃശ്യം പകര്‍ത്തിയത്.
പിന്നീട് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ വിളിച്ചു വരുത്തുകയും കേസെടുക്കുകയുമായിരുന്നു.

നാല് മാസം മുമ്പാണ് കോടതി നിര്‍ദ്ദേശപ്രകാരം ഇവരുടെ മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല മാതാവിനെ ഏല്‍പിച്ചത്. മൂന്ന് മാസത്തോളമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.

പരാതിയെ തുടര്‍ന്ന് കുട്ടിയില്‍ നിന്ന് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ചൈല്‍ഡ് ഫ്രന്റലി റൂമില്‍ വച്ച്‌ വനിതാ പൊലീസ് വിശദമായ മൊഴിയെടുത്ത ശേഷമാണ് രണ്ടാനച്ഛന്‍ ഷൗക്കത്തലിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് പൊലീസ് അഞ്ച് വയസുകാരന്റെയും ഒപ്പം 11 വയസുകാരന്റെയും താത്കാലിക സംരക്ഷണ ചുമതല പിതാവിനെ ഏല്‍പിച്ചു. എട്ട് വയസുള്ള പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക.

മര്‍ദ്ദനത്തിരയായ അഞ്ച് വയസുകാരനെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിശോധനയും നടത്തി. മൂന്ന് മാസം മുമ്പാണ് മൂന്നു മക്കളുടെ മാതാവായ യുവതി ഭര്‍ത്താവിനെ ഉപപേക്ഷിച്ച്‌ ഷൗക്കത്തലിക്കൊപ്പം താമസം തുടങ്ങിയത്.

സംഭവത്തില്‍ മാതാവ് കുട്ടിയെ ഉപദ്രവിക്കാറുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാനഗര്‍ പോലീസ് വിശദമായ അന്വേഷണം
നടത്തിവരികയാണ്.