കോടാലിയിൽ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും ശംഖുവരയൻ; വീടും പരിസരവും പരിശോധിച്ചു.

 


കോടാലിയിൽ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടിലും പരിസരത്തും പരിശോധന നടത്തി വനം വകുപ്പ് അധികൃതര്‍. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് മറ്റൊരു ശംഖുവരയനെ കൂടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ വീട്ടിലും പരിസരത്തും പരിശോധന നടത്തിയത്.

വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ എസ് ഷിനോജ് ഉച്ച കഴിഞ്ഞ് സ്ഥലം സന്ദര്‍ശിച്ചു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം വൈകുന്നേരം ഇരുപതോളം വനംവകുപ്പ് ജീവനക്കാര്‍ ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി. പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ പാമ്പുകളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അൽജോ എന്ന എട്ട് വയസുകാരനാണ് പാമ്പ് കടിയേറ്റ് മരിച്ചത്. അൽജോയുടെ സഹോദരൻ അനോഷ് നിലവിൽ ചികിത്സയിലാണ്. വീട്ടിലെ കിടപ്പുമുറിയിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ കുട്ടികളെ പാമ്പ് കടിക്കുകയായിരുന്നു.

അതേസമയം അനോഷിന്റെ മെഡിക്കൽ ബുള്ളറ്റിൻ ക‍ഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ഉള്ള കുട്ടിയുടെ രോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് അധികൃതർ അറിയിച്ചത്.