രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും കഫ് സിറപ്പ് നൽകാൻ പാടില്ല; നിർണായക തീരുമാനമെടുക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം.



ഡൽഹി: നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും നൽകി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 

ഒരു കാരണവശാലും 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു ചുമയ്ക്കുള്ള മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും കഫ് സിറപ്പുകൾ നൽകുന്നത് അത്ര നല്ലതല്ലെന്നും, അടിയന്തര ഘട്ടമാണെങ്കിൽ മാത്രം ഡോക്ടറുടെ കർശന മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ എന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശംകഫ് സിറപ്പുകൾ കഴിച്ചതിന് പിന്നാലെ മധ്യപ്രദേശിലെ ഛിന്ദ്വാരയിലും രാജസ്ഥാനിലും നിരവധി കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്‌ടമായ സംഭവം രാജ്യത്ത് ഏറെ ചർച്ചയായിരുന്നു.

 നിരവധി കുട്ടികളുടെ മരണത്തിന് കഫ് സിറപ്പ് കാരണമായത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. കുട്ടികൾക്കു കൊടുത്ത കഫ്സിറപ്പിൽ, ‘കോൾഡ്രിഫ്’ പോലുള്ള ചില സിറപ്പുകളിൽ വിഷാംശമുള്ള ഡൈതലീൻ ഗ്ലൈക്കോൾ അടങ്ങിയയിട്ടുള്ളതായി പരിശോധനയിൽ വ്യക്തമായിരുന്നു. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഫാർമസിസ്റ്റുകൾ 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകരുതെന്ന് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ നിർദേശിച്ചിരുന്നു.

 കുട്ടികളിലെ ചുമ തനിയെ മാറുന്നതാണെന്നും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയുമാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മരുന്നുകൾക്ക് കൊണ്ടുവന്നിട്ടുള്ള ഈ നിയന്ത്രണം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുമുള്ള സുപ്രധാന തീരുമാനമായാണ് വിലയിരുത്തൽ.