പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...

2026  ഏപ്രില്‍ 19, ഞായര്‍
1201  മേടം 6, ഭരണി, കാര്‍ത്തിക
1447  ദുൽഖഅ്ദ 1

◾  ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായി അടച്ചു. കടലിടുക്കു കടന്നു പോയ ഇന്ത്യന്‍ കപ്പല്‍ അടക്കമുള്ള കപ്പലുകള്‍ക്കു നേരെ വെടിവയ്പ്പ്. ഇറാന്‍ അംബാസഡറെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി. ഹോര്‍മുസില്‍ ടോള്‍ ഈടാക്കാന്‍ ഇറാന്‍ തീരുമാനിച്ചു. ഇനി യുദ്ധമുണ്ടായാല്‍ ആഗോള യുദ്ധമാകുമെന്നും ഈ മാസം വികസിപ്പിച്ച മിസൈലുകള്‍ അടക്കം ഉപയോഗിക്കുമെന്നും ഇറാന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റേസ മുന്നറിയിപ്പു നല്‍കി.

◾  വനിതാ സംവരണ ബില്ല് പരാജയപ്പെട്ടത് കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ത്ഥത കാരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ഡല പുനര്‍നിര്‍ണയ നിയമവുമായി കൂട്ടിക്കെട്ടിയുള്ള വനിതാ സംവരണ ബില്‍  പാര്‍ലമെന്റില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞിരിക്കുകയാണ്. ബില്‍ പാസ്സാകാത്തതില്‍ സ്ത്രീകളോടു ഞാന്‍ മാപ്പു ചോദിക്കുന്നു. ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിച്ചു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. സ്ത്രീകള്‍ മാപ്പു നല്‍കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

◾  രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നുണപ്രചാരണമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ഉണ്ടാകേണ്ട പവിത്രത കളഞ്ഞു കുളിച്ചു. കോണ്‍ഗ്രസിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണ്. മണ്ഡല പുനര്‍നിര്‍ണയം ഇല്ലാതെ വനിതാ സംവരണം നടപ്പാക്കാന്‍ നാളെ ബില്ല് കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.



◾  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന. പെന്‍ഷന്‍കാര്‍ക്കും ബാധകമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍നിന്ന് 60 ശതമാനമായാണു വര്‍ധന. കേന്ദ്ര സര്‍ക്കാരിനു വര്‍ഷം 6.79 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

◾  വയനാട് ടൗണ്‍ഷിപ്പിലെ ഒരു വീട്ടില്‍ കൂടി ചോര്‍ച്ച. ഫെയ്സ് ഒന്നിലെ 87-ാം നമ്പര്‍ വീട്ടിലാണ് ചോര്‍ച്ച. സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് കൈമാറിയ 178 വീടുകളില്‍ ഒന്നാണ് ഇത്. ഇതോടെ ചോര്‍ച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. അതേസമയം, മേല്‍ക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്ന് നിര്‍മാതാക്കളായ ഊരാളുങ്കല്‍ പറയുന്നു.

◾  വയനാട് ടൗണ്‍ഷിപ്പിലെ വീടിനു വിള്ളലില്ലെന്നു പ്രഖ്യാപിച്ച മന്ത്രി കെ രാജനെതിരെ വിള്ളല്‍ കണ്ടെത്തിയ വീടിന്റെ ഉടമസ്ഥന്‍ നൗഫല്‍. മന്ത്രി മാര്‍ക്ക് ചെയ്തത് മാത്രം മായ്ക്കാന്‍ ശ്രമിച്ചെന്നും വിള്ളല്‍ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫല്‍ പറയുന്നു. വീടിന് വിള്ളല്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞ തനിക്കു ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായി കെ സുധാകരന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖര്‍ഗെയോടാണ് ആവശ്യപ്പെട്ടത്.

◾  മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അക്രമിച്ച കേസിലെ ഒന്നാം പ്രതിയും കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ എം.സി അതുലിനെതിരെ ലൈംഗികാരോപണ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും യുവതി നല്‍കിയ പരാതിയിലാണു കണ്ണൂര്‍ വനിതാ പൊലീസ് കേസെടുത്തത്.

◾  ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ ശ്വാസതടസമുണ്ടായ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റിപന്‍ ദാസ് (22) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പശ്ചിമ ബംഗാള്‍ സ്വദേശി ഷഹദേബ് ദാസ് ഇന്നലെ ഉച്ചയോടെ മരിച്ചിരുന്നു. സംഭവത്തില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുണികെട്ടി മറച്ച് ഐസിയു പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താന്‍ ഡിഎംഇക്കു നിര്‍ദ്ദേശം നല്‍കി. ആശുപത്രി അധികൃതര്‍ നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തമുണ്ടായി ഒരു മാസമായിട്ടും ഐസിയു പ്രവര്‍ത്തന സജ്ജമാക്കാനായിട്ടില്ല.

◾  വാല്‍പ്പാറ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അപകടത്തില്‍ മരിച്ച അബ്ദുല്‍ മജീദിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യാന്‍ പറ്റുന്നത് തങ്ങളും ചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞു.

◾  സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്.

◾  കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വ്യാജ രേഖകളുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കേറ്റ് തയാറാക്കിയത്. അതാണ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നും  വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനില്‍ വിളയില്‍ പറഞ്ഞു.

◾  തൃശൂര്‍ മാടക്കത്തറയില്‍ വാക്കു തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 22കാരനായ നിഖില്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ജിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ജിന്റോയുടെ സഹോദരന്‍ ജെയ്സണ്‍, അച്ഛന്‍ ഔസേഫ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

◾  താമരശ്ശേരിയില്‍ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാന്‍ പൊലീസില്‍ പരാതി നല്‍കി. താമരശ്ശേരി ചീനി മുക്കില്‍ രാത്രി 10 മണിയോടെ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ സുഹൃത്തുക്കളിലൊരാളെ കാറിലെത്തിയ സംഘത്തിലെ യുവാവാണു തോക്കു ചൂണ്ടി  ഭീഷണിപ്പെടുത്തിയത്.

◾  കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലംഗ സംഘത്തിന്റെ അതിക്രമം. സന്ദര്‍ശക പാസ് ഇല്ലാതെ രോഗിയെ കാണാന്‍ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

◾  കള്ളപ്പണ കേസില്‍ ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ സഹായിച്ച കേരള പൊലീസിനെ അഭിനന്ദനിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്പിക്ക് അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് സുമന്‍ ആണ് കത്തു നല്‍കിയത്. മനുമോഹന്‍, നിസാര്‍, അഭിലാഷ്, ബിജോയ് ടി എസ് എന്നീ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

◾  വീട്ടുമുറ്റത്ത് കാര്‍ മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തില്‍ അര മണിക്കൂറോളം വാഹനത്തിനടിയില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു. മുളന്തുരുത്തി പുളിക്കമാലി ഷാപ്പുപറമ്പില്‍ അഖില്‍ രാജിനെ (30) യാണു രക്ഷിച്ചത്. അഖില്‍ രാജിന്റെ ഭാര്യ വാഹനം സ്റ്റാര്‍ട്ട് ചെയ്തു. പരിചയക്കുറവിനെ തുടര്‍ന്ന് ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ അമര്‍ത്തിയതോടെ നിയന്ത്രണം വിട്ട കാര്‍ മുന്നില്‍ നിന്ന അഖില്‍ രാജിനെ ഇടിച്ച് തെറിപ്പിച്ച് 50 മീറ്റര്‍ വരെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

◾  കഠിനമായ ചൂടു സഹിക്കാനാകാതെ വീടിനു പുറത്തു തുണിവിരിച്ച് കിടന്നുറങ്ങാന്‍ ശ്രമിച്ച ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും മര്‍ദിച്ച ഭര്‍ത്താവ് അമ്പലപ്പുഴ പുതുവല്‍ സ്വദേശി സിബിമോനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നിഷാമോള്‍ (39), 16 വയസ്സുകാരിയായ മകള്‍ നന്ദ എന്നിവരെ മര്‍ദിച്ചതിനാണ് കേസ്.

◾  വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടതിന് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്കു മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് വച്ച് വഴിയടച്ചു തടഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു. മഹിളാ മോര്‍ച്ച പ്രവത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു. കേന്ദ്രമന്ത്രി രക്ഷ ഖദ്‌സെ, എംപിമാരായ കമല്‍ജീത് സെജ്‌റാവത്, ബാന്‍സുരി സ്വരാജ് തുടങ്ങിയ വനിതാ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹേമമാലിനി, രേഖ ഗുപ്ത, ബാന്‍സുരി സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

◾  ഹജ്ജ് കര്‍മത്തിനായി ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം സൗദി അറേബ്യയിലെത്തി. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഹാജിമാരെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയ പ്രതിനിധികളും ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി എന്നിവരും ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

◾  ഇന്ത്യന്‍ ചരക്കുകപ്പലുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ 13,800 കോടി രൂപയുടെ 'സോവറിന്‍ മാരിടൈം ഫണ്ട്' രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ കപ്പല്‍ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.

◾  മഹാരാഷ്ട്രയില്‍ ലൈംഗിക പീഡനകേസുകളില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു. ബിസിനസ് പാര്‍ടണര്‍ ജിതേന്ദ്ര ഷെല്‍ക്കേ (55), ഭാര്യ അനുരാധ (50) എന്നിവരാണു മരിച്ചത്.  

◾  മഹാരാഷ്ട്രയിലെ നാസിക് ടിസിഎസിലെ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളിലും ലൈംഗിക പീഡന പരാതികളിലും മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നിദാ ഖാന്‍ ഒളിവില്‍. ഭര്‍ത്താവ് നല്‍കിയ വിവരമനുസരിച്ച് പോലീസ്  എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

◾  സ്റ്റാലിന്‍ സഹോദരനെന്ന് രാഹുല്‍ ഗാന്ധി. സ്റ്റാലിനെ മോദിക്കു നിയന്ത്രിക്കാനാവില്ല, അത് മോദിക്ക് അറിയാവുന്നതുകൊണ്ടാണ് എ ഐ എ ഡി എം കെ ഭരണത്തിനായി മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്നാട്ടിലേക്ക് വരുന്നത് എപ്പോഴും ആദരമാണെന്നും ഇവിടത്തെ മണ്ണിനോടും ജനങ്ങളോടും സവിശേഷമായ ബന്ധം മനസിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

◾  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധന. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റര്‍ പരിശോധിച്ചത്. രാഹുല്‍ കാറില്‍ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ എത്തി ഹെലികോപ്റ്റര്‍ പരിശോധിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി.

◾  നോയിഡയിലെ തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയ മുഖ്യ സൂത്രധാരന്‍ ആദിത്യ ആനന്ദിനെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. എന്‍.ഐ.ടി ബിരുദധാരിയായ ഇദ്ദേഹം സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് കേസ്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് പോലീസ് സംയുക്തമായാണ് ഇയാളെ പിടികൂടിയത്.

◾  ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാന്‍. അനാവശ്യമായ ആവേശം നിയന്ത്രിക്കണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ മാറ്റിനിര്‍ത്തണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

◾  ഇറാന്‍ സേനയ്ക്ക് അഭിനന്ദനവുമായി പരമോന്നത നേതാവ് മുജ്തബ ഖംനഇ. ഇറാനെ വിഭജിക്കാന്‍ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് മുജ്തബ ഖംനഇ അഭിനന്ദിച്ചു. ശത്രുക്കള്‍ക്ക് കനത്ത പരാജയം നല്‍കാന്‍ നാവിക സേനയും സജ്ജമാണ്. ഡ്രോണുകള്‍ എതിരാളികള്‍ക്കെതിരേ മിന്നലായി പതിച്ചെന്നും മുജ്തബ ഖംനഇയുടെ സന്ദേശത്തില്‍ പറയുന്നു.

◾  റഷ്യയില്‍നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് അമേരിക്ക അനുമതി നല്‍കി. റഷ്യയുടെ വരുമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബാരലിന് 60 ഡോളര്‍ എന്ന വില പരിധിക്കു താഴെ എണ്ണ വാങ്ങാനാണ് അനുമതി.

◾  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 10 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജും ക്രീസില്‍ നില്‍ക്കെ പ്രഫുല്‍ ഹിംഗെ എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 

◾  ഐപിഎല്ലിലെ മറ്റൊരു മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗളൂരിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 6 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗളൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി ഒരു പന്ത് മാത്രം ശേഷിക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

◾  പശ്ചിമേഷ്യയിലെ സംഘര്‍ഷം രാജ്യത്തെ വിദേശ വ്യാപാരത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം മാര്‍ച്ചിലെ കയറ്റുമതിയില്‍ 7.4 ശതമാനവും ഇറക്കുമതിയില്‍ 6.5 ശതമാനവും കുറവുണ്ടായി. ഇന്ത്യയുടെ മികച്ച 20 വ്യാപാര പങ്കാളികളില്‍ ഉള്‍പ്പെടുന്ന യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരം വന്‍തോതില്‍ താഴേക്ക് പോയി. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ അസാധാരണമായ ഇടിവാണ് രേഖപ്പെടുത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി 37.3% മുതല്‍ 66.3% വരെ കുറഞ്ഞു. മുന്‍പ് പ്രതിമാസം ശരാശരി 1,140 കോടി ഡോളറായിരുന്ന ഇറക്കുമതി മാര്‍ച്ചില്‍ 620 കോടി ഡോളറായി.

◾  പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത, ഉപകരണങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ആപ്പിളും സാംസങ്ങും ഈ നീക്കത്തെ പ്രധാനമായും എതിര്‍ത്തത്. ഇതിനുപുറമെ, കയറ്റുമതി ചെയ്യുന്ന ഫോണുകളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയ്ക്കുവേണ്ടി മാത്രം പ്രത്യേക ഫോണുകള്‍ നിര്‍മിക്കുന്നത് തങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കുമെന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

◾  കയല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന 'സിങ്ക' എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിര്‍, പ്രശസ്ത മലയാള നടന്‍ അരിസ്റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ടീസര്‍ നല്‍കുന്നത്. കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.

◾  മലയാള സിനിമയിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് 'കറക്കം'. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫെമിന ജോര്‍ജ് ആണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം' ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മിസ്റ്ററിയും ഹൊററും സംഗീതവുമായി ചേര്‍ത്തുവെക്കുന്ന 'കറക്കം', പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം നല്‍കാനായി ഒരുങ്ങുകയാണ്.

◾  വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ മൂന്നാമത്തെ മോഡലായ വിഎഫ് എംപിവി 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 24.49 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഔദ്യോഗിക വെബ്‌സൈറ്റ് വഴി 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. 60.1 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായാണ് വാഹനം വിപണിയില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 517 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 201 ബിഎച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആണ് കാറില്‍ ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 9 സെക്കന്‍ഡില്‍ താഴെ സമയം മതി. ആറ് നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലും വാഹനം ലഭ്യമാണ്.

◾  സാഹിത്യപഠനത്തിന്റെ സാദ്ധ്യതകള്‍ തിരയുന്ന 'സാഹിത്യപഠനവും വിനിമയമാതൃകകളും', ഉമ്പര്‍റ്റോ എക്കോയുടെ ചിന്താലോകം പ്രതിപാദിക്കുന്ന 'അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍', പ്രക്ഷേപണപ്രക്രിയയും ഭരണകൂടതാത്പര്യങ്ങളും പ്രശ്‌നവത്കരിക്കുന്ന ആകാശവാണിയും പ്രക്ഷേപണത്തിന്റെ രാഷ്ട്രീയവും', രാമായണത്തിന്റെ ബഹുസ്വരതയെ ഉറപ്പിക്കുന്ന 'രാമായണം എന്ന സംവാദസ്ഥലം', ലോകക്രമത്തില്‍ മാദ്ധ്യമങ്ങളുടെ പങ്കും പ്രാധാന്യവും പരിമിതികളും വിശകലനം ചെയ്യുന്ന 'മാദ്ധ്യമവും ലോകവും' എന്നീ ലേഖനങ്ങളിലൂടെ സമകാല സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്തെ സൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കുന്ന പഠനസമാഹാരം. 'അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍'.  കെ.എം നരേന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 199 രൂപ.

◾  ഹെയര്‍ ഡൈകള്‍ കരളിന്റെ ആരോഗ്യത്തിന് ചിലപ്പോള്‍ പണിയാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ്ഗധര്‍ പറയുന്നു. ഹെയര്‍ ഡൈകളില്‍, പ്രത്യേകിച്ച് കറുപ്പ് നിറമുള്ളവയില്‍, 'പാരാ-ഫിനിലിന്‍ ഡയമീന്‍'എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചര്‍മ്മത്തിലൂടെ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുകയും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തേക്കാം. ഇത് കരള്‍ വീക്കം പോലുള്ള അവസ്ഥ ഉണ്ടാക്കാം. ഹെയര്‍ ഡൈകളില്‍ പ്രധാനമായും അമോണിയ, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയ കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ അടങ്ങിയ പ്രകൃതിദത്ത എണ്ണ ഇല്ലാതാക്കാന്‍ കാരണമാകും. കാലക്രമേണ ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കാനും മുടി ദുര്‍ബലമാകാനും പൊട്ടിപോകാനും കാരണമാകും. മാത്രമല്ല, ഇടയ്ക്കിടെയുള്ള ബ്ലീച്ചിങും കളറിങും മുടിയുടെ പ്രോട്ടീന്‍ ഘടന നശിപ്പിക്കുന്നു. ഇത് മുടിയുടെ അറ്റം പിളരാനും അമിതമായ മുടി കൊഴിച്ചിലിനും കാരണമാകും. കെമിക്കല്‍ ഹെയര്‍ ഡൈകള്‍ ചിലരില്‍ തലയോട്ടിയിലെ ചൊറിച്ചില്‍, കടുത്ത അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പാരാ-ഫിനിലിന്‍ ഡയമീന്‍ എന്ന സംയുക്തം കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിന് കാരണമാകും. ചിലപ്പോള്‍ അലര്‍ജി തലയോട്ടിയില്‍ നീര്‍വീക്കം, വേദനാജനകമായ കുമിളകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു വലിയതടിക്കഷ്ണം കീറുകയാണ് അയാള്‍.  പല തവണ കോടാലികൊണ്ട് വെട്ടിയെങ്കിലും ആ തടി പിളര്‍ന്നില്ല.  നിരാശനായി അയാള്‍ ജോലിനിര്‍ത്തി.  ഇത് കണ്ട് ഒരു വൃദ്ധന്‍ അയാളുടെ അടുത്തെത്തി.  ആ തടിക്കഷ്ണം പരിശോധിച്ച ശേഷം വൃദ്ധന്‍ പറഞ്ഞു:  ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ നിനക്കീ തടിക്കഷ്ണം മുറിക്കാം.  യുവാവ് തലയാട്ടിക്കൊണ്ട് എഴുന്നേറ്റു.  അയാള്‍ പറഞ്ഞു:  നീ ഇനി ഒരു തവണകൂടി മരത്തില്‍ ആഞ്ഞുവെട്ടണം.  അത് മറുവശത്തുനിന്നുവേണം ചെയ്യാന്‍. യുവാവ് സര്‍വ്വശക്തിയുമെടുത്ത് മറുവശത്ത് നിന്നും ആഞ്ഞുവെട്ടി.  മരത്തടി രണ്ടായി മുറിഞ്ഞു.  ഒരു ചുവടുകൂടി വെച്ചിരുന്നെങ്കില്‍ എത്തിച്ചേരാമായിരുന്ന തീരങ്ങളുണ്ട് മിക്കവരുടേയും ജീവിതത്തില്‍.  ഈ തീരത്ത് എത്തിപ്പെടാതിരിക്കാന്‍ കാരണം പലപ്പോഴും അവിടേക്ക് ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന മുന്‍ധാരണകളാണ്.  ഇത്ര സമയത്തിനുള്ളില്‍ തീരും, ഇത്രയും തുക ചിലവാകും,  ഇതൊക്കെ മുന്‍പ് ശ്രമിച്ചവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.  പക്ഷേ, എല്ലാ വഴികളും വ്യത്യസ്തമാണ്, ഒരാള്‍ നടത്തിയ അതേ പരിശ്രമം കൊണ്ട് മറ്റൊരാള്‍ അതേ നേട്ടത്തിലേക്ക് എത്തണമെന്നില്ല.   ഇനി ഒരുപടിയേ ഉളളൂ എന്നറിയാമായിരുന്നെങ്കില്‍ ആരും തങ്ങളുടെ ഉദ്യമം ഉപേക്ഷിക്കില്ലായിരുന്നു.  പലപ്പോഴും പിന്‍വാങ്ങിക്കഴിയുമ്പോഴാണ് അത് മനസ്സിലാകുക... ഉദ്ദേശിച്ച സ്ഥലത്തെത്തിച്ചേരാതെ വിശ്രമമില്ലെന്ന ഉറച്ച തീരുമാനമാണ് അതിനുളള പോംവഴി - ശുഭദിനം.