ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്. അധ്യാപകന്റെ അധിക്ഷേപത്തെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. സഹപാഠികളുടെ മുന്നിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജിന്റെ ശബ്ദസന്ദേശം.
എത്രയോ ബോയ്‌സിനെ പച്ചയ്ക്ക് ഇൻസൾട്ട് ചെയ്യും. ഞാൻ അയാളുടെ ക്ലാസും ശ്രദ്ധിച്ച് പറയുന്ന കാര്യങ്ങളും നോക്കിക്കൊണ്ടിരിക്കുകയാണ്. വെറുതെ എണീപ്പിച്ച് നിർത്തി അമ്മയേയും കളിയാക്കി. അമ്മയുടെ സർജറിയേയും കളിയാക്കി. അതിനു ശേഷം പറയുകയാണ് എന്റെ മൂന്ന് മാർക്ക് കുറച്ചു. ഇൻസൾട്ട് ഒരു പരിധി വരെ സഹിച്ചു നിന്നു. കുറച്ചായപ്പോൾ പൊട്ടിത്തെറിച്ചു- നിതിൻ പറഞ്ഞു.
സ്റ്റാഫ് റൂമിനെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നാണ് നിധിൻ വിശേഷിപ്പിച്ചത്. സ്റ്റാഫ്‌റൂമിലുള്ള എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഗേറ്റിന് പുറത്തിറങ്ങിയാൽ നിന്റെ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരും എന്നെല്ലാം സ്റ്റാഫ് റൂമിൽ വച്ച് പറഞ്ഞു – നിതിൻ പറയുന്നു.
സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടിയെടുത്തിരുന്നു. മകനെ അധ്യാപകർ ജാതിപരമായി അധിക്ഷേപിച്ചെന്നും സീനിയർ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നും രക്ഷിതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് അധ്യാപകർക്കെതിരെ നടപടിയുണ്ടായത്. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ആശുപത്രി മാനേജ്മെന്റ് അന്വേഷണ സമിതിയെ രൂപീകരിച്ചു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഇതുവരെ റാഗിംഗ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുള്ളത്. അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിതിൻ രാജിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ ഉച്ചയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ