പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ഏപ്രില്‍ 26, ഞായര്‍
1201  മേടം13, മകം
1447  ദുൽഖഅ്ദ 08

◾  സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. പ്രതിദിന വൈദ്യുതി ഉപഭോഗം 6,195 മെഗാവാട്ട് കടന്നു. ഡാമുകളില്‍ വെള്ളം ഇല്ലാതായതോടെ ഉദ്പാദനം കുറഞ്ഞ് 1,752 മെഗാവാട്ടായി. പുറത്തുനിന്ന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചില്ല. കൂടുതല്‍ സമയം അപ്രഖ്യാപിത ലോഡ്‌ഷെഡിംഗിനു സാധ്യത.

◾  അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചയ്ക്കു തയാറാകാതെ ഇറേനിയന്‍ പ്രതിനിധികള്‍ പാക്കിസ്ഥാനില്‍നിന്നു മടങ്ങി. ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും അജണ്ട തങ്ങള്‍ നിശ്ചയിക്കുമെന്നുമുള്ള നിലപാട് പാക് മധ്യസ്ഥരോടു പങ്കുവച്ചുകൊണ്ടാണ് ഇറാന്‍ സംഘം മടങ്ങിയത്. ഇതേസമയം, ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് പാകിസ്ഥാനിലേക്കു പോകേണ്ടെന്ന് അമേരിക്കന്‍ സംഘത്തിന് ഡൊണാള്‍ഡ് ട്രംപ്  നിര്‍ദേശം നല്‍കി. ഇനി വേണമെങ്കില്‍ ഇറാന്‍ ഇങ്ങോട്ട് വരട്ടെ എന്നാണ് നിലപാടെന്നും ട്രംപ്.

◾  പൊതുവിടങ്ങളില്‍ സൂര്യാഘാത പ്രഥമ ശുശ്രൂഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളം സൗജന്യമായി നല്‍കാന്‍ ക്രമീകരണമുണ്ടാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനു ദുരന്ത പ്രതിരോധന നിധിയില്‍നിന്ന് സാമ്പത്തിക സഹായം നല്‍കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണു തീരുമാനം.


◾  കനത്ത ചൂടുള്ളതിനാല്‍ ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണിലേക്കു മാറണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പകല്‍  യാത്ര  ഒഴിവാക്കണം. ചൂടില്‍ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾  സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു. കൊല്ലത്തും പട്ടാമ്പയിലിലും വയോധികര്‍ മരിച്ചത് സൂര്യാഘാതമേറ്റെന്നാണ് സംശയിക്കുന്നത്. ഇന്നലെ ഏഴു പേര്‍ക്കു സൂര്യാതപമേറ്റു. പുനലൂരില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

◾  കിളിമാനൂരില്‍ ഹരിതകര്‍മ സേനാംഗത്തിനു സൂര്യാതപമേറ്റു. പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ ലതികയ്ക്കാണ് പൊള്ളലേറ്റത്. ടൗണിലെ കടകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ 12 മണിക്കാണ് സംഭവം. കയ്യിലും കഴുത്തിലും കാലിലും പൊള്ളലേറ്റു.

◾  ഈ മാസം 29 നു മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ എന്നീ നാലു ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട്. ഇത്തവണ ശക്തമായ വേനല്‍മഴ പ്രതീക്ഷിക്കാം.

◾  പവര്‍ക്കെട്ടിനെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്ഇബി ഓഫീസുകളിലെത്തി. രണ്ടു ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.

*പ്രവാസി വാര്‍ത്തകള്‍*
ഡെയ്ലി ന്യൂസ് - പ്രവാസി വാര്‍ത്തകള്‍ എന്ന പുതിയ പംക്തി ആരംഭിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പ്രവാസികളുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഡെയ്ലി ന്യസ് ടെക്സ്റ്റ് വാര്‍ത്തയ്ക്കൊപ്പം ഈ പംക്തി തുടങ്ങുന്നത്. മലയാളി അസോസിയേഷനുകളുടെ വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി ഈ പംക്തിയെ ഉപയോഗപ്പെടുത്താം. ഈ പംക്തിയിലേക്കു വളരെ ചുരുങ്ങിയ വാക്കുകളില്‍ മലയാളത്തില്‍ തയാറാക്കിയ വാര്‍ത്തകള്‍ സബ്ജക്ടില്‍ PRAVASI NEWS  എന്നു കുറിച്ചുകൊണ്ട് ഇ മെയില്‍ ചെയ്യേണ്ടതാണ്: dailynewsmalayalam@gmail.com
ഫ്രാങ്കോ ലൂയിസ്, എഡിറ്റര്‍. ഫോ: 91 9745108206

◾  ഇന്നു തൃശൂര്‍ പൂരം. വടക്കുന്നാഥ ക്ഷേത്രത്തിലേക്കു രാവിലെ ഏഴു മുതല്‍ എഴുന്നള്ളിപ്പ്. വെടിക്കെട്ടും ആര്‍ഭാടങ്ങളും ഒഴിവാക്കിയാണ് ഇത്തവണ പൂരം. വൈകുന്നേരം അഞ്ചിനുള്ള കുടമാറ്റം 15 മിനിറ്റായി ചുരുക്കും. തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം.

◾  തൃശൂര്‍ പൂരത്തിനു മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. എന്നാല്‍ അനുവദിച്ചതിലും കൂടുതല്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചതിനു കേസ് തുടരും.

◾  കാസര്‍കോട് തൃക്കരിപ്പൂരില്‍ ശൈശവ വിവാഹം. 16 വയസ്സുകാരിയെ വിവാഹം കഴിച്ചത് ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന 28 വയസുകാരനായ പ്രവാസി. വരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു. ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാല്‍ ജുമാമസ്ജിദില്‍ വിവാഹം നടന്നത്.

◾  കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകര്‍ക്കെതിരായ മാനസിക പീഡന പരാതിയില്‍ അന്വേഷണം. ഇതിനായി മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഡോ.അനിത കുമാരി, ഡോ. സിഎല്‍ സ്മിത എന്നിവര്‍ക്കെതിരേയാണ് അന്വേഷണം.

◾  വൈഎംസിഎ ദേശീയ പ്രസിഡന്റായി സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രസിഡന്റ് വിന്‍സെന്റ് ജോര്‍ജിനെയാണു പരാജയപ്പെടുത്തിയത്.

◾  താന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരെന്ന തര്‍ക്കം മുറുകുന്നതിനിടെയാണ്  രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍. ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് നേതാവാകാം. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയിലാണു താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾  സിപിഎമ്മിന് പരാജയഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി പ്രവര്‍ത്തകരെ  പോലീസ് ആക്രമിച്ചാല്‍ നോക്കി ഇരിക്കില്ല. ശ്രീലേഖക്കും ആശനാഥിനുമെതിരെ കേസെടുത്ത ഭരണത്തിന്, മെയ് നാലിന് അറുതി ഉണ്ടാകും. ഇതു ജനാധിപത്യ രാജ്യമാണെന്നും റഷ്യയോ ചൈനയോ അല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

◾  മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് നീര്‍ നായയുടെ കടിയേറ്റു. മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയില്‍ താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തില്‍ അനീഷിന്റെ മകന്‍ ആദിദേവ്(15), കാരശ്ശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദല്‍ അഹമ്മദ്(9) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾  കോഴിക്കോട് പേരാമ്പ്രയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തല്‍ ഭാസ്‌കരന്‍ (54) ആണ് മരിച്ചത്.

◾  എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം. മാലിന്യ കൂമ്പാരത്തില്‍ നിന്ന് തീപടര്‍ന്നതെന്നാണ് സൂചന.

◾  നീറ്റ് യു ജി പരീക്ഷയില്‍ ആള്‍മാറാട്ടം തടയാന്‍ മേയ് രണ്ട്, മൂന്ന് തീയതികളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കൃത്രിമം തടയാനാണാണു ദേശീയ മെഡിക്കല്‍ കമ്മീഷന് ഈ നിര്‍ദ്ദേശം നല്‍കിയത്.

◾  പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിലിരിക്കെ അമിത് ഷാ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും മമത പറഞ്ഞു.

◾  സത്യസന്ധരായവര്‍ അരവിന്ദ് കേജ്രിവാളിനൊപ്പം നില്‍ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയ സ്വാതി മാലിവാള്‍ എംപി. മുഖ്യമന്ത്രിയായിരുന്ന കേജരിവാളിന്റെ ഔദ്യോഗിക വസതിയില്‍ കേജ്രിവാളിന്റെ സ്റ്റാഫ് തന്നെ മര്‍ദ്ദിച്ചതിനുള്ള തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. അരവിന്ദ് കെജ്രിവാള്‍ അഴിമതിക്കാരനും സ്ത്രീവിരുദ്ധനുമാണെന്നും സ്വാതി.

◾  ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് ബിജെപി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആര്‍എസ്എസിനെ 'രാഷ്ട്രീയ സറണ്ടര്‍ സംഘം' എന്ന് വിശേഷിപ്പിച്ച രാഹുല്‍, റാം മാധവ് സംഘത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തിയെന്നും ആരോപിച്ചു. യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താനും അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ അംഗീകരിക്കാനും ഇന്ത്യ തയ്യാറായെന്നാണ് റാം മാധവ് പറഞ്ഞത്. വിഷയം വിവാദമായതോടെ റാം മാധവ് തന്റെ പ്രസ്താവനയില്‍ മാപ്പു പറഞ്ഞു.

◾  പശ്ചിമ ബംഗാളില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ ബിജെപിക്കു ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രണ്ടാം ഘട്ട വോട്ടെടുപ്പിുള്ള പ്രചാരണത്തിനു ചൂടുപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മമത ബാനര്‍ജി അടക്കമുള്ള പ്രമുഖ നേതാക്കള്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണ രംഗത്ത് സജീവമാണ്.

◾  അമേരിക്കയില്‍ ജോലിക്കായി ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തുന്ന എച്ച് വണ്‍ ബി വിസ മൂന്നു വര്‍ഷത്തേക്കു നിര്‍ത്തിവയ്ക്കാനുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. പ്രതിവര്‍ഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 65,000 ല്‍നിന്ന് 25,000 ആയി കുറയ്ക്കണമെന്നാണ് ഒരു നിര്‍ദേശം. രണ്ടു ലക്ഷം ഡോളര്‍ വാര്‍ഷിക ശമ്പളമുള്ളവര്‍ക്കേ വിസ നല്‍കാവൂവെന്ന നിബന്ധനയുമുണ്ട്.

◾  ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍സേന വച്ച ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം യുഎസ് നാവികസേന തുടരുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, കടലിനടിയിലെ സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ആറു മാസം വേണ്ടിവരുമെന്ന് യുഎസ് കോണ്‍ഗ്രസ് സമിതിയെ പെന്റഗണ്‍ അറിയിച്ചു.

◾  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ നിന്ന് ജസീറ എയര്‍വേയ്‌സ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കുന്നു. കൊച്ചി, മുംബൈ, ഡല്‍ഹി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ പത്തിടങ്ങളിലേക്കാണ് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്.

◾  ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചതോടെ പാകിസ്ഥാനില്‍ ഇന്ധനവില കുത്തനെ ഉയരുന്നു. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 393.35 രൂപയായി.

◾  ഐപിഎല്ലില്‍ രാജസ്ഥാനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 5 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് വൈഭവ് സൂര്യവംശി നേടിയ സെഞ്ചുറിക്ക് അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും അര്‍ധസെഞ്ചുറികളിലൂടെ മറുപടി നല്‍കി. ആദ്യം ബാറ്റ് ചെയ്ത് 37 പന്തില്‍ 103 റണ്‍സെടുത്ത വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം ഹൈദരാബാദ് 5 വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ മറികടന്നു. 31 പന്തില്‍ 74 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് 29 പന്തില്‍ 57 റണ്‍സെടുത്തു.

◾  ഐപിഎല്ലിലെ മറ്റൊരു മല്‍സരത്തില്‍ പഞ്ചാബിന്റെ  താണ്ഡവത്തില്‍ തകര്‍ന്ന് ഡല്‍ഹി. ഡല്‍ഹി ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഐപിഎല്ലിലെ മാത്രമല്ല ട്വന്റി 20 യിലെ തന്നെ ഏറ്റവും വലിയ റണ്‍ചേസാണിത്. 67 പന്തില്‍ 152 റണ്‍സ് നേടിയ രാഹുലും 44 പന്തില്‍ 91 റണ്‍സ് നേടിയ നിതീഷ് റാണയുമാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം 36 പന്തില്‍ 71 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടേയും 26 പന്തില്‍ 76 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും കരുത്തിലാണ് പഞ്ചാബ് സ്വപ്‌നതുല്യമായ വിജയം നേടിയത്. ഈ ജയത്തോടെ 7 കളികളില്‍ നിന്ന് തോല്‍വിയറിയാതെ 13 പോയിന്റ് നേടിയ പഞ്ചാബ് ഒന്നാം സ്ഥാനത്താണ്.

◾  ദക്ഷിണേന്ത്യയിലെ മുന്‍നിര റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് നെറ്റ്വര്‍ക്കായ മൈജി കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ് നേടി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 5,500 കോടി രൂപ വിറ്റുവരവ് നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. ഈ സാമ്പത്തികവര്‍ഷം 7,500 കോടി രൂപയുടെ വിറ്റുവരവും, ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയര്‍ത്താനും മൈജി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓണവിപണിയില്‍ മാത്രം 1,600 കോടി വിറ്റുവരവ് നേടാന്‍ മൈജിയ്ക്ക് കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 40 മുതല്‍ 50 വരെ ഷോറൂമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിനും കര്‍ണ്ണാടകയ്ക്കും തമിഴ്‌നാടിനും പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. 2006ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് ആരംഭിച്ച സംരംഭമാണ് ഇന്ന് 150ലധികം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളുമായി മുന്നേറുന്നത്.

◾  ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയൊന്നുമില്ലാതെ മൊബൈല്‍ റീചാര്‍ജിനായി പുതിയ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഉടന്‍ ലഭ്യമാകും. എയര്‍ടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാവുന്നതാണ്. റീചാര്‍ജ് ചെയ്യാനായി ആദ്യം വാട്‌സ്ആപ്പിലെ കാമറ ഐക്കണിന്റെ അടുത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വരുന്ന മെനുവില്‍ നിന്നും പ്രീപെയ്ഡ് റീചാര്‍ജ് തെരഞ്ഞെടുത്ത ശേഷം മൊബൈല്‍ നമ്പര്‍ കൊടുക്കുക. സിം ഏതാണെന്ന് തെരഞ്ഞെടുക്കുക. പിന്നീട് വരുന്ന മെനുവില്‍ നിന്നും റീചാര്‍ജ് പ്ലാന്‍ തെരഞ്ഞെടുക്കുക. ശേഷം പേയ്മെന്റ് രീതി (യുപിഐ/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്) തെരഞ്ഞെടുക്കുക. അവസാനമായി നിങ്ങളുടെ യുപിഐ പിന്‍ കൊടുത്ത് പേയ്മെന്റ് പൂര്‍ത്തീകരിക്കുക.

◾  മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പോലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയിലെ ക്യാരക്ടര്‍ വീഡിയോ പുറത്ത്. എസ്.ഐ വിജയ് രാധാകൃഷ്ണനായി എത്തുന്ന ഷെയ്നിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മെയ് 8-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. കുഴിനിലം എന്നൊരു നാട്ടിന്‍പുറത്തെ പോലീസ് സ്റ്റേഷനില്‍ എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന പുതിയ എസ്.ഐ ചാര്‍ജ്ജെടുക്കുന്നതും അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

◾  ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് 'അമ്പലമുക്കിലെ വിശേഷങ്ങള്‍'. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ : ഉമേഷ് കൃഷ്ണന്‍.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ചെറിയ അഡ്വഞ്ചര്‍ ബൈക്കായ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടിസ്ഥാന വേരിയന്റിന് 4.70 ലക്ഷം രൂപയാണ് പ്രാരംഭ വില. ആകെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ ഈ ബൈക്കിന്റെ 'എക്‌സ്‌ക്ലൂസീവ്' മോഡലിന് 4.90 ലക്ഷം രൂപയും, ഏറ്റവും ഉയര്‍ന്ന വേരിയന്റായ 'ജിഎസ് ട്രോഫി'ക്ക് 5.30 ലക്ഷം രൂപയുമാണ് വില. ഇന്ത്യയില്‍ ജി 310 ജിഎസിന് പകരക്കാരനായാണ് എഫ് 450 ജിഎസ് എത്തുന്നത്. ബിഎംഡബ്ല്യുവിന്റെ 'ജിഎസ്' ശ്രേണിയിലേക്കുള്ള പുതിയ എന്‍ട്രി ലെവല്‍ മോഡലാണിത്. ടിവിഎസ് ആണ് ഈ ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 420സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനുമായാണ് മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തിയത്. ഇത് 8,750 ആര്‍പിഎമ്മില്‍ 48 ബിഎച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 43 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

◾  മനുഷ്യചരിത്രമെന്നത് കുടിയേറ്റത്തിന്റെ പ്രവാസജീവിതത്തിന്റെ രേഖകളാണ്. അമേരിക്കന്‍ പ്രവാസ ജീവിതത്തിന്റെ അധോലോകങ്ങളും ഇടവഴികളും മരുഭുക്കളും ഒക്കെ താണ്ടി ദീര്‍ഘകാലം അവിടെ ജീവിച്ച മധുനായര്‍ സൃഷ്ടിക്കുന്ന പുതുപ്രപഞ്ചമാണ് ആനന്ദം എന്ന നോവല്‍ ത്രയം. മലയാളത്തില്‍ അമേരിക്കന്‍ പ്രവാസജീവിതത്തിന്റെ ഈ സര്‍ഗ്ഗാത്മക രചന മലയാള സാഹിത്യചരിത്രത്തിലെ വിലപ്പെട്ട സംഭാവനയാണ്. ജനിച്ച മണ്ണിന്റെ, രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍നിന്ന് മറ്റൊരു മണ്ണിലേക്ക്, നിയമവ്യവസ്ഥയിലേക്ക് മാറ്റപ്പെടേണ്ടി വരുന്ന മനുഷ്യര്‍ക്ക് ഉണ്ടാകുന്ന സാംസ്‌കാരിക സ്വത്വത്തിന്റെ പ്രശ്‌നങ്ങള്‍ ഈ കൃതിയില്‍ അടയാളപ്പെടുത്തുന്നു. 'ആനന്ദം'. മധുനായര്‍ ന്യൂയോര്‍ക്ക്. കറന്റ് ബുക്സ്. തൃശൂര്‍. വില 831 രൂപ.

◾  കോവിഡിന് ശേഷം ചെറുപ്പക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് വര്‍ധിച്ചതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. ചെറുപ്പക്കാരായ സ്ത്രീകളില്‍ ബ്ലാഡര്‍ സെന്‍സിറ്റിവിറ്റി, ഇടയ്ക്കിടെ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍, ഇടുപ്പിലെ പേശികളുടെ പ്രവര്‍ത്തന തകരാറ് എന്നിവയെല്ലാം വര്‍ധിപ്പിക്കാന്‍ ഉത്കണ്ഠ കാരണമാകും. മൂത്രസഞ്ചിയുടെ നിയന്ത്രണവും ലൈംഗികാരോഗ്യവും ഉള്‍പ്പെടെ സ്ട്രെസ്സ് ഹോര്‍മോണുകളായ അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ ഇവയുടെ സ്വാധീനത്തിലാണ്. ശാരീരികമായ രോഗങ്ങളൊന്നുമില്ലെങ്കില്‍ പോലും ചെറുപ്പക്കാരില്‍ ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലത്തിനും ഉത്കണ്ഠ കാരണമാകുന്നു. മാനസിക പിരിമുറുക്കം പല ശാരീരിക പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തും. ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസം, തലവേദന, ഉദരപ്രശ്നങ്ങള്‍ തുടങ്ങിയവ ഉത്കണ്ഠയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. ചികിത്സിച്ചില്ലെങ്കില്‍ ഉത്കണ്ഠ ഗുരുതരമാകാം. വിട്ടുമാറാത്ത ഉത്കണ്ഠ ഉറക്കപ്രശ്നങ്ങള്‍, കുറഞ്ഞ രോഗപ്രതിരോധശക്തി, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വ്യായാമം, ഉറക്കം, മൈന്‍ഡ്ഫുള്‍നെസ്സ്, സ്‌ക്രീന്‍ടൈം കുറയ്ക്കുക എന്നിവയിലൂടെ ഉത്കണ്ഠ വലിയൊരളവ് വരെ കുറയ്ക്കാന്‍ സാധിക്കും. പ്രാരംഭഘട്ടത്തില്‍ തന്നെ ഉത്കണ്ഠയെ നേരിടുന്നത് ശാരീരികവും മാനസികവുമായ തടസ്സങ്ങള്‍ വരാതെ തടയാനും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും സഹായിക്കും എന്ന് വിദഗ്ധര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടതിന്റെ പേരില്‍ അവന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.  അവന്‍ മലയുടെ മുകളിലെത്തി താഴേക്ക് നോക്കി നിന്നു.  അവന്റെ നില്‍പ്പില്‍ പന്തികേട് തോന്നിയ ഒരാള്‍ അവനോട് സംസാരിക്കാന്‍ തീരുമാനിച്ചു.  കാര്യമറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: നീ അവസാനിപ്പിക്കാന്‍ പോകുന്ന ജീവിതം ഒരു സിനിമയല്ല.  അതിലുളളതുപോലെ രണ്ടാമതൊരു ജന്മം നിനക്ക് കിട്ടുകയുമില്ല.  ജീവിതത്തിന്റെ വില നിനക്ക് മനസ്സിലാകണമെങ്കില്‍ നീ ഒരു ആശുപത്രിയിലേക്ക് ചെല്ലണം.  അവിടെ നിനക്ക് ഒരു ദിവസം കൂടി ജീവിക്കാനാഗ്രഹിക്കുന്ന മനുഷ്യരെ കണ്ടെത്താനാകും.  ഇത് കേട്ട് ഒരു ആലോചനയോടെ അവന്‍ മലയിറങ്ങി.  തിരഞ്ഞെടുക്കേണ്ടത് ജീവിതമാണ്.  മരണമല്ല. ആകസ്മികമായി എത്തേണ്ടവയെ സ്വയം തിരഞ്ഞെടുക്കരുത്.  അപ്രതീക്ഷിത കാര്യങ്ങള്‍ ജീവിതത്തിലുണ്ടാകാം.  അവ ചിലപ്പോള്‍ അശുഭകരവുമാകാം.  പക്ഷേ, അവയില്‍ തട്ടി പ്രതീക്ഷകള്‍ മുഴുവന്‍ നശിപ്പിക്കുന്നതെന്തിന്?  ജീവിതത്തിലെ ഓരോ ദിനവും ഒരു തിരഞ്ഞെടുപ്പാകണം.  എല്ലാം അനുകൂലമായി സംഭവിച്ചെന്ന് വരില്ല.  പ്രതികൂലമായി വരുന്ന കാര്യങ്ങളിലും നമ്മുടെ പ്രതികരണത്തിന്റെ തിരഞ്ഞെടുപ്പാണ് പ്രധാനം.  ഒന്നുകില്‍ എല്ലാറ്റിനേയും ശപിച്ച് സ്വയം നിരാശയില്‍ കഴിയുകയോ സ്വയം അവസാനിപ്പിക്കുകയോ ചെയ്യാം.  അല്ലെങ്കില്‍ ക്രിയാത്മകതിയിലൂടെ പകരം വഴികള്‍ കണ്ടെത്താം.   ജന്മമൊന്നേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് ഒറ്റക്ക് പോരാടാന്‍ തയ്യാറാകുക.. ഒളിച്ചോട്ടമല്ല വഴി - ശുഭദിനം.