കര്‍ണാടകയിലെ കുടകില്‍ ട്രെക്കിംഗിന് പോയ മലയാളി യുവതിയെ കാണാനില്ല; തെരച്ചില്‍ ഊര്‍ജിതം.


കർണാടകയിലെ കുടകില്‍ ട്രെക്കിംഗിന് പോയ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശിനിയും ഐ.ടി പ്രൊഫഷണലുമായ ജി.എസ്.ശരണ്യ (36) എന്ന യുവതിയെയാണ് മൂന്നു ദിവസമായി കാണാതായത്.

ഈ മാസം രണ്ടിനാണ് യുവതി കുടക് തടിയന്റെ മോള്‍ മലയില്‍ എത്തിയത്. കർണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റർ ദൂരത്തിലാണ് മലയില്‍ ട്രെക്കിംഗ് അനുമതിയുള്ളത്.

ട്രെക്കിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റിയെന്ന് താമസസ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെക്കുറിച്ച്‌ വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്റ്റ് വെയർ എൻജീനിയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിംഗിന് പോയത്. മൂന്നുദിവസമായി മലയില്‍ കർണാടക വനംവകുപ്പും പൊലീസും തെരച്ചില്‍ തുടരുകയാണ്. കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വിരാജ്പേട്ട എംഎല്‍എയുമായ എ എസ് പൊന്നണ്ണയെ ശരണ്യയുടെ കുടുംബം സന്ദർശിച്ച്‌ സഹായം അഭ്യർത്ഥിച്ചു. തെരച്ചില്‍ ഊർജിതമാക്കാൻ എംഎല്‍എ നിർദേശം നല്‍കിയിതായാണ് വിവരം.