കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ വിവിധ ജില്ലകളിൽ ബസും ഓട്ടോയും അടക്കം തടയുകയാണ്.
തിരുവനന്തപുരത്ത് ഹർത്താലനുകൂലികള്‍ ബസ് തടയുന്നുണ്ട്. ഇത് സ്ഥലത്ത് സംഘർഷ സാഹചര്യം സൃഷ്ടിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡില്‍ കെഎസ്‌ആർടിസി ബസ്സുകള്‍ തടയുന്നുണ്ട്. പോലീസ് വാഹനം കടത്തിവിടാൻ ശ്രമം നടത്തുന്നുണ്ട്.
ഇടുക്കി ജില്ലയിലും വാഹനങ്ങള്‍ തടയുന്നതായി റിപ്പോർട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. കണ്ണൂർ പഴയങ്ങാടിയിലും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകേണ്ട ഒരു സ്ത്രീയെ പൊലീസ് ബസില്‍ നിന്നിറക്കി പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സമരാനുകൂലികളെ പല ഇടങ്ങളിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്.
ബത്തേരിയിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. എവിടെയും വാഹനങ്ങൾ തടയുന്നില്ല.വ്യാപാര സ്ഥാപനങ്ങൾ തുറന്നു വരുന്നു..
പലയിടത്തും ജനങ്ങള്‍ കടകളടച്ച് സഹകരിക്കുന്നുണ്ടെന്ന് ഹർത്താലനുകൂലികള്‍ പറയുന്നു. എല്ലാ അറിയിപ്പുകളും നല്‍കിയിരുന്നതായും, എന്നിട്ടും വാഹനങ്ങള്‍ ഓടുന്നതുകൊണ്ടാണ് തടയുന്നതെന്നും, ദളിത് വിഭാഗങ്ങള്‍ നടത്തുന്ന സമരമായതു കൊണ്ടാണ് ആരും അനുകൂലിക്കാത്തതെന്നും ഹർത്തലനുകൂലികള്‍ വ്യക്തമാക്കി.
വാഹനങ്ങള്‍ തടയില്ലെന്നും, കടകള്‍ നിർബന്ധിതമായി അടപ്പിക്കില്ലെന്നും ഹർത്താലിന് ആഹ്വാനം ചെയ്ത ദളിത് സംഘടനകളുടെ ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ ഹർത്താലുമായി സഹകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്.
അതെസമയം കടകള്‍ തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നിലപാടെടുത്തിരുന്നു. കേരള ടെക്സ്റ്റൈല്‍സ് ഗാർമെന്റ്സ് ഫെഡറേഷൻ, കേരള സ്റ്റീല്‍ ട്രേഡേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളും ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി. കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ഹർത്താലിനെ അനുകൂലിക്കില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്.
വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ