ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ല, ജീവനാംശം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിംഗ് ഉത്തരവില്‍ വ്യക്തമാക്കി. രാകേഷ് കുമാർ എന്നയാളും ഭാര്യയും മരുമകള്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ നടപടിച്ചട്ടം 125-ാം വകുപ്പ് പ്രകാരം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും, ആ നിർവചനത്തില്‍ ഭർത്താവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കില്‍ പോലും തന്റെ വരുമാനത്തില്‍ നിന്ന് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥയല്ലെന്നും, നിയമപ്രകാരം മാതാപിതാക്കള്‍ എന്ന വാക്കിന് സ്വന്തം അച്ഛനമ്മമാർ എന്ന് മാത്രമേ അർത്ഥമുള്ളൂ എന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ എന്ന നിർവചനത്തില്‍ സ്വന്തം അച്ഛനമ്മമാരാണ് വരുന്നത്, അല്ലാതെ ഭർത്താവിന്റെ മാതാപിതാക്കളല്ല. ഭർത്താവിന്റെ മരണശേഷം മരുമകള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ പോലും, ആ വരുമാനത്തില്‍ നിന്ന് ഭർത്താവിന്റെ മാതാപിതാക്കള്‍ക്ക് വിഹിതം നല്‍കാൻ അവർ ബാധ്യസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി.

ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാകേഷ് കുമാറും ഭാര്യയും അലഹബാദ് ഹൈക്കോടതിയ സമീപിച്ചത്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ മരുമകള്‍ക്കെതിരെയായിരുന്നു ഭർത്താവിന്റെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയത്. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും ദമ്പതികള്‍ വാദിച്ചു. 

മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മരുമകള്‍ക്ക് ജോലി ലഭിച്ചത് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള കാരുണ്യ നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും വ്യക്തമാക്കി. 2025 ഓഗസ്റ്റില്‍ മരുമകള്‍ക്ക് അനുകൂലമായി കുടുംബകോടതി നല്‍കിയ വിധിക്കെതിരെയായിരുന്നു ഭർത്താവിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.