പാലക്കാട്: റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. അസം സ്വദേശികളായ അബ്ദുൽ സലാം - ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരിച്ചത്.
ബുധനാഴ്ച പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയ കുടുംബം ഫീഡിങ് റൂമിൽ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. മാതാവ് മുലയൂട്ടുന്നതിനിടെ അബദ്ധത്തിൽ പാൽ ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കൾ പറഞ്ഞു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ റെയിൽവേ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
ജാഗ്രതയ്ക്കായി:
കുഞ്ഞുങ്ങൾക്ക് പാൽ നൽകുമ്പോൾ ശ്വാസനാളത്തിൽ കുടുങ്ങാതിരിക്കാൻ തല അല്പം ഉയർത്തിപ്പിടിക്കാനും, പാൽ നൽകിയ ശേഷം തോളിലിട്ടു തട്ടി ഏമ്പക്കം (Burping) വരുത്താനും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ