പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ..


2026  ഏപ്രില്‍ 15, ബുധന്‍
1201  മേടം 2, പൂരുരുട്ടാതി
1447  ശവ്വാൽ 27

◾ ഇന്നു വിഷു. പൊന്‍കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുക്കൈനീട്ടം നല്‍കിയും നാടുനീളെ വിഷു ആഘോഷം. 
എല്ലാവര്‍ക്കും   വിഷു ആശംസകള്‍. 

◾ വനിത സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്കു വിതരണം ചെയ്തു. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാനാണ് മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ നിര്‍ദേശം. പുനര്‍നിര്‍ണയത്തിന് സുപ്രീം കോടതി ജഡ്ജി അധ്യക്ഷായുള്ള കമ്മീഷനെ നിയമിക്കും. വര്‍ധിപ്പിക്കുന്ന മണ്ഡലങ്ങളില്‍ 35 എണ്ണം  കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നായിരിക്കും. ജനസംഖ്യക്ക് ആനുപാതികമായാണു മണ്ഡലങ്ങളുടെ എണ്ണമെന്നാണു സര്‍ക്കാര്‍ വാദം. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ മണ്ഡലങ്ങള്‍ അനുവദിക്കുമെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ലോക്സഭാ, നിയമസഭാ തലങ്ങളില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണു വനിതാ സംവരണ ബില്‍.

◾ ഹോര്‍മൂസ് കടലിടുക്കു കടക്കാന്‍ ശ്രമിച്ച ആറു കപ്പലുകളെ മടക്കിയയച്ചെന്ന് അമേരിക്ക. ഹോര്‍മൂസിലും ഇറാനു ചുറ്റുമായി പതിനായിരം സൈനികരെ വിന്യസിച്ചിട്ടുണ്ട്. 12 പടക്കപ്പലുകളും 100 വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് അവകാശപ്പെട്ടു. ഇതേസമയം, രണ്ടു ദിവസത്തിനകം വീണ്ടും ചര്‍ച്ച നടക്കുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധം തുടര്‍ന്നാല്‍ ഇറാന് പ്രതിദിനം നാലായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.
 
◾  ഹോര്‍മൂസില്‍ അമേരിക്കയുടെ ഉപരോധ ഭീഷണി നടപ്പായില്ല. യുഎസ് യുദ്ധക്കപ്പലുകള്‍ക്കു മുന്നിലൂടെ ചൈനയുടേതടക്കം ഏഴു കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കു കടന്നുപോയി. രണ്ടു കപ്പലുകള്‍ ഇറാനിയന്‍ തുറമുഖത്തു നങ്കൂരമിടുകയും ചെയ്തു. അമേരിക്കയുടെ നിലപാടിനു നാറ്റോ സഖ്യകക്ഷികളുടെ പിന്തുണയില്ല. ചൈനയും റഷ്യയും ഇറാനെ പിന്തുണയ്ക്കുകയും ചെയ്തു.
◾  സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക ലിസ് മാത്യുവിനേയും ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതയെയും കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു.

◾  വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ സംഘടനകളുടെ അംഗീകാരത്തിനായി ഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് പി.ആര്‍. പോളാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം, കെഎസ്ഇബിയോട് വിശദീകരണം തേടി. ആവശ്യമായ അംഗബലം ഇല്ലാതെയാണ് ഫെഡറേഷനിലെ ഒരു വിഭാഗത്തിന് അംഗീകാരം നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

◾  എല്‍ഡിഎഫ് കേരളത്തില്‍ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. ഓണ്‍ലൈനായി ചേര്‍ന്ന പി ബി യോഗത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി അവകാശപ്പെട്ടു. ഭരണ വിരുദ്ധ വികാരമോ സര്‍ക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണമോ ഉണ്ടായിട്ടില്ലെന്നാണ് സി പി എം വിലയിരുത്തല്‍.

◾  കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജ് മരിച്ച സംഭവത്തില്‍ പ്രതിയായ ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് കോളേജ് അധികൃതര്‍. അന്വേഷണത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലേക്ക് കെഎസ്യു - എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

◾  നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നു കുടുംബം. ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭര്‍ത്താവ് അശോക് ആരോപിച്ചു.

◾  നിതിന്‍ രാജ് ആത്മഹത്യ കേസില്‍ പ്രതിയായ ഡോ. റാമിന്റെ ക്ലിനിക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. പൊലീസ് ബാരിക്കേഡ് മറികടന്നെത്തിയ പ്രവര്‍ത്തകര്‍ ക്ലിനിക്കിന് മുന്നില്‍ കൊടിയും അംബേദ്കറിന്റെ ചിത്രവും സ്ഥാപിച്ചു. അതേസമയം, കേസിലെ പ്രതികളായ അധ്യാപകര്‍ ഒളിവിലാണ്.

◾  നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഎം വീടു നിര്‍മിച്ചു നല്‍കും. ഈ മാസം 19 ന് വൈകീട്ട് അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വീടിന് തറക്കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. സിപിഎം ജില്ലാ സെക്രട്ടറി എ.എ റഹീം എംപി വ്യക്തമാക്കി.

◾  ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ മലയാളികള്‍ക്കു വിഷു ആശംസകള്‍ നേര്‍ന്നു. ലോകത്തെങ്ങുമുള്ള മലയാളികളുടെയും ആഘോഷമാണ് വിഷുവെന്നും എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകണമെന്നും സതീശന്‍ ആശംസിച്ചു.

◾  ഏറെ ഉത്തരവാദിത്വമുള്ള ചുമതലയാണ് തന്നെ ഏല്പിച്ചതെന്ന് ദേശീയ ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായ ജി കൃഷ്ണകുമാര്‍. പ്രധാന മന്ത്രിക്ക് അദ്ദേഹം നന്ദി അറിയിച്ചു.

◾  സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുകയാണെന്നും വരും ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലത്ത് 39 വരെയും താപനില ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും കരുതണം എന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പേജിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു.

◾  മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങളും പരസ്യ പ്രസ്താവനകളും തടയണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ കോണ്‍ഗ്രസ് അധ്യഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു കത്തു നല്‍കി.

◾  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം. തന്ത്രിമാരുടെ അഭിപ്രായം തള്ളി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകക്കാരനായി ഈഴവ പ്രതിനിധിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പൂജാ കാര്യങ്ങളില്‍നിന്ന് അഞ്ചു തന്ത്രി കുടുംബങ്ങള്‍ വിട്ടുനില്‍ക്കുന്നു. ഉത്സവവുമായും ഇവര്‍ സഹകരിച്ചേക്കില്ല. ഈ മാസം 28 നാണ് ഉത്സവം കൊടിയേറുന്നത്.

◾  കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അദ്നാന്‍ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാന്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

◾  യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഫോണില്‍ വിളിച്ചു നാല്‍പതു മിനിറ്റോളം സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്തു. ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടതിനെക്കുറിച്ചും മേഖലയിലെ സുരക്ഷയെക്കുറിച്ചും സംസാരിച്ചെന്നു മോദി എക്സില്‍ കുറിച്ചു.

◾  മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള തെക്കേ ഇന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കത്ത്. ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് കത്തില്‍ പറയുന്നു. 'പിണറായി ഗാരു' എന്ന് അഭിസംബോധന ചെയ്താണ് തെലങ്കാന മുഖ്യമന്ത്രിയുടെ കത്ത്.

◾  മണ്ഡല പുനര്‍നിര്‍ണയത്തില്‍ തമിഴ്നാടിന് അര്‍ഹമായത്രയും മണ്ഡലങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കി തമിഴ്നാടിന്റെ പദവി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  ബിഹാറില്‍ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി ഇന്നു ചുമതലയേല്‍ക്കും. 20 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജ്യസഭാംഗമായതോടെ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. നീതീഷ് കുമാറിന്റെ മകന്‍ നിശാന്ത് കുമാര്‍ തത്കാലം മന്ത്രിയാകില്ലെന്നാണു സൂചന.

◾  ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ 10 മരണം. ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം. ഛത്തീസ്ഗഢിലെ സക്തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡിന്റെ പവര്‍ പ്ലാന്റിലാണ് സംഭവം.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നു നാഗര്‍കോവിലില്‍ റോഡ് ഷോ നടത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നത്. അതിനാല്‍ തിരുവനന്തപുരത്തും ഗതാഗത നിയന്ത്രണമുണ്ട്. ഉച്ചയ്ക്ക് 11.30 മുതല്‍ രാത്രി ഏഴുവരെ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

◾  എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഹസീന സയിദ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍. കേരള മുഖ്യമന്ത്രിയാകാന്‍ വേണ്ടി കെസി, വിജയുടെ ടിവികെയുമായി സഖ്യത്തിന് ശ്രമിച്ചെന്ന ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

◾  അഞ്ചു വര്‍ഷത്തിനു ശേഷം ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടന്നാക്രമിച്ചു. ബംഗാളില്‍ ബിജെപിക്കു വളരാന്‍ അവസരമൊരുക്കിയത് തൃണമൂല്‍ ആണെന്നും, ശാരദ തട്ടിപ്പ് പോലുള്ള അഴിമതികള്‍ ജനങ്ങള്‍ മറന്നിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

◾  ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൃക്ക റാക്കറ്റ് സംഘത്തിലെ മുഖ്യസൂത്രധാരന്‍ രോഹിത് തിവാരി പിടിയില്‍. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ മുപ്പതോളം ശസ്ത്രക്രിയകള്‍ നടത്തിയെന്നു പൊലീസ് കണ്ടെത്തി. ശസ്ത്രക്രിയകള്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. രോഹിത് തിവാരിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

◾  വിവാഹ മോചനത്തിന് വിസമ്മതിച്ച ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. ഒഡിഷയിലെ ജാജ്പുര്‍ സ്വദേശിയായ സൗമ്യ രഞ്ജന്‍ സമാലി(23)നെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശുഭശ്രീ ബെഹ്റ(23), കാമുകന്‍ തപന്‍ ഖില്ലാര്‍(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദര്‍ശിനി, സുരാജ്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

◾  ഇറാന് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന്  വ്യക്തമാക്കിയ ചൈന, ഉപരോധ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് അമേരിക്കയോട്  ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

◾  ഇറാന്റെ പ്രതികാര നടപടികള്‍ ഭയന്ന്, സൗദി അറേബ്യ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയോടു സമ്മര്‍ദ്ദം ചെലുത്തുന്നു. സംഘര്‍ഷം മേഖലയിലെ സുരക്ഷയ്ക്കും ആഗോള എണ്ണ വിപണിക്കും കനത്ത ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണിത്.

◾  ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ മയക്കുമരുന്നു വ്യാപാരത്തില്‍നിന്ന് മകനുണ്ടാക്കിയ പണം വെളുപ്പിക്കാന്‍ സഹായിച്ച 90കാരിയായ അമ്മയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി. ഒരു വര്‍ഷത്തെ തടവും മൂന്ന് കോടിയോളം രൂപ പിഴയുമാണു ശിക്ഷ വിധിച്ചത്.

◾  ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. 48 റണ്‍സ് നേടി സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി ടോപ് സ്‌കോററായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിനാണ് ചെന്നൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കൊല്‍ക്കത്തക്കായുള്ളു.

◾  2026 മാര്‍ച്ച് മാസത്തെ ഐസിസിയുടെ മികച്ച താരത്തിനുളളപുരസ്‌കാരം സഞ്ജു സാംസണ്. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു. ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

◾  സ്വര്‍ണ്ണപ്പണയ വായ്പയോടുള്ള കേരളത്തിന്റെ വിശ്വാസം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 2024ല്‍ 98,784 കോടി രൂപയാണ് സ്വര്‍ണപ്പണയ വായ്പയായി നല്‍കിയത്. 2025ല്‍ സ്വര്‍ണ്ണപ്പണയ വായ്പയില്‍ 44.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025ല്‍ സ്വര്‍ണപ്പണയ വായ്പ 1,42,740 കോടി രൂപയായാണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 43,956 കോടി രൂപയുടെ വര്‍ധന. 2024ല്‍ 8,350 കോടി രൂപയായിരുന്നു കാര്‍ഷികേതര സ്വര്‍ണ്ണപണയ വായ്പയായി നല്‍കിയത്. 2025ല്‍ ഇത് 50,090 കോടി രൂപയായി വര്‍ധിച്ചു. 500 ശതമാനം അഥവാ ആറിരട്ടി വര്‍ധന. ഇക്കാലയളവില്‍ കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പകളില്‍ കേവലം 2.4 ശതമാനം വര്‍ധന മാത്രമാണുണ്ടായത്. 90,433 കോടിയില്‍ നിന്ന് 92,649 കോടി രൂപയായാണ് വര്‍ധിച്ചത്. സ്വകാര്യ ബാങ്കുകളുടെ സ്വര്‍ണ്ണപ്പണയ വായ്പ 2169 കോടിയില്‍ നിന്ന് 20,092 കോടിയായി ഉയര്‍ന്നു. സ്വര്‍ണ്ണപ്പണയ വായ്പയില്‍ പൊതുമേഖലയില്‍ കാനറ ബാങ്കും എസ്ബിഐയുമാണ് മുന്നില്‍.

◾  ലോകത്തിലെ മുന്‍നിര ടെക് കമ്പനിയായ ആപ്പിള്‍ എഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച സ്മാര്‍ട്ട് കണ്ണടകള്‍ വികസിപ്പിക്കുന്നു. ഈ സ്മാര്‍ട്ട് കണ്ണടകള്‍ വിവിധ ഫ്രെയിം ഡിസൈനുകളിലും നിറങ്ങളിലുമായി ഈ വര്‍ഷാവസാനത്തോടെ തന്നെ അവതരിപ്പിക്കാനാണ് സാധ്യത. മികച്ച ക്യാമറ ഫീച്ചറുകളും ഈ സ്മാര്‍ട്ട് കണ്ണടയ്ക്കുണ്ടാകും. ആപ്പിളിന്റെ ഡിസൈന്‍ ടീം കുറഞ്ഞത് നാല് വ്യത്യസ്ത ഫ്രെയിം ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ റെക്ടാംഗുലര്‍ ഫ്രെയിം, സ്ലിം റെക്ടാംഗുലര്‍ മോഡല്‍, വലിയ ഓവല്‍ അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള ഡിസൈന്‍, ചെറിയ ഓവല്‍ ഫ്രെയിം എന്നിവയാണ് പരിഗണനയില്‍ ഉള്ളത്. ക്ലാസിക് റേ-ബാന്‍ വേഫെയറുകളുടെ സമാന മാതൃകയില്‍ നിന്നുള്ള പ്രചോദനവും ചില ഡിസൈനുകളില്‍ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, സാധാരണ പ്ലാസ്റ്റിക്കിന് പകരം കൂടുതല്‍ ദൃഢവും ആഡംബരപരവുമായ അസിറ്റേറ്റ് പോലുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് കണ്ണടകള്‍ നിര്‍മ്മിക്കാനും ആപ്പിള്‍ ആലോചിക്കുന്നു.

◾  യുവനിരയിലെ ശ്രദ്ധേയനായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രം പ്രദര്‍ശന സജ്ജമായി വരുന്നു. മെയ് പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ലൈന്‍ ഓഫ് കളേഴ്സ്, ക്ലാന്‍ ആര്‍ എന്നീ ബാനറുകളില്‍ എം.സി അരുണ്‍, ഡോ. രാജേഷ് രാജു ജോര്‍ജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ ഒരു സ്ലോ ബേണ്‍ ത്രില്ലറാണ് ചേര. ഗുരു സോമ സുന്ദരം, ലെന, ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫര്‍ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേന്‍, ഗാര്‍ഗി അനന്തന്‍, അര്‍ച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രന്‍, സജിന്‍ ചെറുകയില്‍, ശാരിക ഡോ. രാജേഷ് രാജു ജോര്‍ജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയര്‍, മനോഹരി ജോയ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

◾  ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായ 'വരവ്'ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജിന്റെ തീപാറും നോട്ടമുള്ള പോസ്റ്ററാണ് എത്തിയത്. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് വരവ്. വാണി വിശ്വനാഥും ചിത്രത്തിലുണ്ട്. സ്റ്റണ്ട് മാസ്റ്റര്‍മാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തില്‍. സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഡോമിനാര്‍ 400 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡലില്‍ 350സിസി എന്‍ജിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2.03 ലക്ഷം (എക്‌സ്-ഷോറൂം) വിലയിട്ടിരിക്കുന്ന ഈ ബൈക്കിന് മുന്‍പത്തെ മോഡലിനേക്കാള്‍ 37,000 രൂപ കുറവാണ്. എന്‍ജിന്‍ ശേഷി കുറച്ചതോടെ പുതിയ ജിഎസ്ടി സ്ലാബ് അനുസരിച്ചാണ് വില കുറഞ്ഞത്. മുന്‍പ് ഈ മോഡലിന് 40 ശതമാനം നികുതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ 18 ശതമാനം ജിഎസ്ടി നിരക്കിലേക്ക് മാറിയതാണ് ഈ വിലക്കുറവിന് കാരണം. 9,000 ആര്‍പിഎമ്മില്‍ 40.04 ബിഎച്പി കരുത്ത് ആണ് ഇത് പുറപ്പെടുവിക്കുന്നത്. പരമാവധി ടോര്‍ക്ക് 7,500ആര്‍പിഎമ്മില്‍ 33.2 എന്‍എം ആണ്. സുരക്ഷയ്ക്കായി രണ്ട് വശങ്ങളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും സജ്ജീകരിച്ചിട്ടുണ്ട്.13 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്. നിലവില്‍ കറുപ്പ്, പച്ച  എന്നീ രണ്ട് നിറങ്ങളില്‍ 2026 ബജാജ് ഡോമിനാര്‍ 400 ലഭ്യമാണ്.

◾  നാടുമുഴുവന്‍ ആരാധിക്കുന്ന പിതാവിനെ ക്രൂരമായി ആക്രമിച്ചുകൊന്ന് ജയിലില്‍ പോയ മകന്‍ മിത്രന്‍ വെളിപ്പെടുത്തുന്ന അവിശ്വസനീയമായ ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ സത്യം എന്ന സങ്കല്‍പ്പത്തെ വിചാരണ ചെയ്യുന്ന ശോഭീന്ദ്രന്‍ സ്മാരക വായനശാല, അച്ഛന്റെ വധശ്രമത്തില്‍നിന്ന് ഒരിക്കല്‍ രക്ഷപ്പെട്ട മാനസികവൈകല്യമുള്ള മകന്‍ പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ സംശയത്തിന്റെ നിഴലിലായിപ്പോകുന്ന ചിത്ര എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവിതം പറയുന്ന ഹീനയാനം, പരാജയപ്പെട്ട ആദ്യവിവാഹത്തിനുശേഷം കൂട്ടിനെത്തിയ സുഹൃത്തും മറ്റുള്ളവര്‍ക്കൊപ്പം അവിഹിതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്ന ഷീലു എന്ന ടീച്ചറിലൂടെ സ്‌നേഹത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന ടാമറിന്റ്... തുടങ്ങി പല നിറങ്ങളിലൂടെ ജീവിതഭൂപടം തീര്‍ക്കുന്ന പന്ത്രണ്ടു കഥകള്‍. 'ഹീനയാനം'. കെ.എസ്. രതീഷ്. മാതൃഭൂമി. വില 178 രൂപ.

◾  രക്തസമ്മര്‍ദം ഉയരാനുള്ള ഒരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറിലെ ലാറ്ററല്‍ പാരഫേഷ്യല്‍ മേഖല രക്തസമ്മര്‍ദത്തിന്റെ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കുന്നുണ്ടെന്ന് സര്‍ക്കുലേഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ലാറ്ററല്‍ പാരഫേഷ്യല്‍ നമ്മുടെ ശ്വസന നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ മേഖലയാണ്. ഇത് നമ്മുടെ സജീവമായ ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നു (വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ). തലച്ചോറിലെ ലാറ്ററല്‍ പാരഫേഷ്യല്‍ മേഖല സജീവമാകുമ്പോള്‍ രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുന്നുവെന്ന് ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെയും ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡ് സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.പിഎഫ്എല്‍ ന്യൂറോണുകള്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന റോസ്ട്രല്‍ വെന്‍ട്രോലാറ്ററല്‍ മെഡുള്ള ഉള്‍പ്പെടെയുള്ള സിമ്പതറ്റിക് വാസോമോട്ടര്‍ ന്യൂറോണുകളെ സ്വീധീനിക്കുന്നതിലൂടെയാണ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ മരുന്നുകള്‍ കഴിച്ചിട്ടും ഏകദേശം 40 ശതമാനം ആളുകളിലും ഇത് നിയന്ത്രണ വിധേയമാകാത്തിന്റെ ഒരു കാരണം ഇതായിരിക്കാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടില്‍ കടുത്ത വരള്‍ച്ചയായിരുന്നു.  അതുകൊണ്ട് തന്നെ അയാളുടെ പറമ്പിലെ മിക്ക കൃഷികളും നശിച്ചു.  വിഷു വരാനിരിക്കെ, കണി കാണാന്‍ പോലും കതിരില്ല എന്ന സത്യം അയാളെ വിഷമിപ്പിച്ചു.  വീട്ടില്‍ വിഷുക്കണിയും സദ്യയും ഒരുക്കാന്‍ പണമില്ലാത്ത അവസ്ഥ. നിരാശനായി ഇരുന്ന അയാളുടെ മുന്നിലേക്ക് അയാളുടെ അച്ഛന്‍ വന്ന് ഇങ്ങനെ പറഞ്ഞു:  നോക്ക് മോനേ, കണിക്കൊന്ന പൂത്തു നില്‍ക്കുന്നത് നോക്കൂ.. പ്രകൃതിക്ക് പോലും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ല.  മണ്ണില്‍ അല്‍പം പ്രതീക്ഷയുണ്ടെങ്കില്‍ എന്തും പുനര്‍നിര്‍മ്മിക്കാം. തന്റെ അച്ഛന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കി അയാള്‍ വിഷമിച്ചിരുന്ന് സമയം കളയാതെ, പറമ്പിലെ അവശേഷിച്ച മണ്ണില്‍ വീണ്ടും കൃഷി ചെയ്യാന്‍ തീരുമാനിച്ചു.  മണ്ണില്‍ അവന്‍ പ്രതീക്ഷയുടെ വിത്തുകള്‍ പാകി.  ആ വര്‍ഷത്തെ വിഷു അല്പം ലളിതമായിരുന്നുവെങ്കിലും അയാളുടെ മനസ്സില്‍ വലിയ പ്രതീക്ഷകളായിരുന്നു.  വിഷു നമുക്ക് നല്‍കുന്ന വലിയ സന്ദേശം പുതിയ തുടക്കങ്ങളുടേതാണ്.. ഭൂതകാലത്തിലെ തോല്‍വികളെ മറന്ന് പുതിയ പ്രതീക്ഷകളോടെ ജീവിതത്തെ പുനര്‍നിര്‍മ്മിക്കാം.. പുതിയ തുടക്കങ്ങള്‍ക്കായി പരിശ്രമിക്കാം.. ഏവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസിക്കുന്നു.