2026 ഏപ്രില്‍ 5 ഞായര്‍
1201 മീനം 22 വിശാഖം
1447 ശവ്വാൽ 17
◾ ഇന്ന് ഈസ്റ്റര്‍. ക്രൈസ്തവ വിശ്വാസികള്‍ക്ക് അമ്പതു ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനു പരിസമാപ്തി. ക്രൂശിതനായ യേശു ഉയിര്‍ത്തെണീറ്റതിന്റെ ഓര്‍മ പുതുക്കലുമായി ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു.
ഏവർക്കും ന്യൂസ്ദർശൻ്റെ ഈസ്റ്റർ ആശംസകൾ...
◾ ഇടതു സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും സ്വര്‍ണക്കൊള്ളയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതാവിന്റെ കയ്യിലാണ്. വനിത സംവരണം 2029-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടപ്പാക്കും. കോണ്‍ഗ്രസ് എതിര്‍ത്താലും നടപ്പാക്കും. പ്രതിപക്ഷം ക്വട്ടേഷന്‍ സംഘത്തേപ്പോലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമ ഭേദഗതിയെ എതിര്‍ക്കുകയാണ്. തിരുവല്ലയിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് നരേന്ദ്ര മോദി പറഞ്ഞു.
◾ ആവേശവുമായി തിരുവനന്തപുരത്തു മോദിയുടെ റോഡ് ഷോ. തിരുവല്ലയിലെ പൊതുസമ്മേളന ശേഷമാണ് തലസ്ഥാനത്തെത്തിയത്. കരമന മുതല്‍ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയില്‍ മോദി പങ്കെടുത്തു. റോഡിനിരുവശവും ആവേശത്തോടെ ജനങ്ങള്‍ തിങ്ങിനിറഞ്ഞു. മോദിക്കൊപ്പം നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ.
◾ ശബരിമല യുവതി പ്രവേശന കേസ് സുപ്രീം കോടതി ഒമ്പതംഗ ഭരണഘടന ബെഞ്ച് ഏപ്രില്‍ ഏഴിനു വാദം കേള്‍ക്കല്‍ തുടങ്ങും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒമ്പതംഗ ഭരണഘടന ബെഞ്ചില്‍ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്‌നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളില്‍ നടക്കും.
◾ ഇന്നു മുതല്‍ ആറാം തീയതിവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണു മഴയ്ക്കു സാധ്യത.
◾ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം സുരക്ഷിതനല്ലെന്നും കള്ളന്മാര്‍ ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മലയാളത്തിലാണ് നിര്‍മല സീതാരാമന്‍ ഇതു പറഞ്ഞത്. കൊച്ചിയില്‍ എന്‍ഡിഎ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.
◾ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കളിപ്പാവയാണു മോദി എന്നതുപോലെ മോദിയുടെ കളിപ്പാവയാണു കേരളത്തിലെ പിണറായി വിജയനെന്നു രാഹുല്‍ ഗാന്ധി. എല്‍ഡിഎഫ് ഇന്ന് യഥാര്‍ത്ഥ ഇടതുപക്ഷമല്ല. അവര്‍ ജനാധിപത്യ വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും രാഹുല്‍ ആരോപിച്ചു. എറണാകുളത്തു യുഡിഎഫ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ കോഴിക്കോട് കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടില്‍ സ്‌ഫോടനം, രണ്ടു പേര്‍ മരിച്ചു. പടക്ക നിര്‍മ്മാണത്തിനിടെ വീട്ടുടമസ്ഥന്‍ രാഹുലും സഹോദരീ ഭര്‍ത്താവായ രാഹുലുമാണ് മരിച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന ഷിനി, ഭര്‍ത്താവ് വിഷ്ണു എന്നിവര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അധിക പ്രസംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കന്യാസ്ത്രീകളെ സഹായിക്കാന്‍ ആദ്യമെത്തിയതു സിപിഎം നേതാക്കളാണ്. അവരെ അന്യായമായി അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണെന്നും പിണറായി.
◾ വയനാട് ഉരുള്‍പൊട്ടലില്‍ വീടും കുടുംബവും നഷ്ടമായ ശ്രുതിയുടെ പുതിയ വീട് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് വയനാട് എല്‍ഡിഎഫ് കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍. താന്‍ നിര്‍മിച്ച് കൊടുക്കുന്ന വീട് എന്ന നിലയിലാണ് ടി സിദ്ദിഖ് പ്രചരിപ്പിച്ചത്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് വീട് നല്‍കാത്ത സാഹചര്യത്തില്‍ സിദ്ദിഖ് മാപ്പ് പറയണമെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു.
◾ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി. തൃശൂര്‍ ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് കിറ്റുകള്‍ തയ്യാറാക്കിവെച്ചത്. അമ്പതോളം പേര്‍ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു .സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലാണ് കിറ്റുകള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകള്‍ തയ്യാറാക്കിവച്ചതില്‍ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിച്ചു.
◾ തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായരുടെ പേര് മാറ്റണമെന്ന ആവശ്യം തള്ളി വരണാധികാരി. ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായര്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
◾ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ട് വിവാദത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ ആക്രമണം നടത്തുന്നതിനെതിരേയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
◾ കൊല്ലം ആര്യങ്കാവില്‍ കൈക്കൂലി വാങ്ങിയ നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചെക്ക്‌പോസ്റ്റിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി.ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ ജെ.ജോര്‍ജ് ജോസി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിവിന്‍ സജി ചെറിയാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
◾ കൊല്ലം കടയ്ക്കലില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കടയ്ക്കല്‍ കോവൂര്‍ സ്വദേശികളായ രാഹുല്‍, ജയേഷ് , ലിജോ, അജീഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.
◾ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൃശൂര്‍ കൊരട്ടിയിലെ ഫാ. ജോസഫ് കൊടിയന്‍ ഒളിവില്‍. പോലീസ് പോക്സോ കേസെടുത്തു. പെസഹാ ദിനത്തില്‍ കിടപ്പുരോഗികളായ വയോധികരെ കുമ്പസരിപ്പിക്കാനായി വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം.
◾ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതി എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിമ്മിക്കുകള്‍ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
◾ കോണ്‍ഗ്രസിന്റെ വയനാട് കണക്ക് പുറത്തുവിടണമെന്ന് സിപിഐ എംപി പി സന്തോഷ്‌കുമാര്‍. ബാങ്ക് ഏതാണ്, എത്ര തുകയാണ്, എന്നാണ് പിന്‍വലിച്ചത് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ കൊല്ലം കടയ്ക്കലില്‍ യുവാവിനെ കൊലപ്പെടുത്തി. വയല സ്വദേശിയായ ശരത് കുമാറാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. രണ്ടു പേര്‍ കടയ്ക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.
◾ കര്‍ണാടകയിലെ കുടഗില്‍ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്. ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു.കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചില്‍ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചില്‍ തുടരുകയാണ്.
◾ രാജ്യത്ത് ഇന്‍ഡക്ഷന്‍, ഇലക്ട്രിക് കുക്കറുകളുടെ ഉല്‍പാദനം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസായികള്‍ക്കു നിര്‍ദേശം നല്‍കി. ഇറാന്‍ യുഎസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ത്യയില്‍ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്‍പന കുത്തനെ കൂടിയിരുന്നു.
◾ ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ ഗ്രീന്‍ സാന്‍വി ഹോര്‍മുസ് കടലിടുക്ക് കടന്നു. സുരക്ഷാ കപ്പലുകള്‍ സഹിതമാണ് യാത്ര.
◾ ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിനു നേരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ബോംബാക്രമണം നടത്തി. ആക്രമണം മൂലം റേഡിയോ ആക്ടീവ് മലിനീകരണം കൂടുതല്‍ ബാധിക്കുക ഗള്‍ഫ് രാജ്യങ്ങളെയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
◾ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി പുതിയ സമയപരിധി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കുള്ളില്‍ പാത തുറന്നില്ലെങ്കില്‍ കടുത്ത രീതിയിലുള്ള ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
◾ ഇറാനില്‍നിന്ന് യുഎഇയെ ലക്ഷ്യമാക്കി ഇന്നലെ തൊടുത്തുവിട്ട 23 ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും നിര്‍വീര്യമാക്കി. ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ രണ്ട് യുഎഇ സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായും 217 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
◾ യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നതെന്ന് ഇറേനിയന്‍ വിദേശകാര്യ മന്ത്രി. പാകിസ്ഥാനില്‍ എത്തിയുള്ള സമാധാന ചര്‍ച്ചയ്ക്കില്ല, എന്നാല്‍ അനുകൂലമായ ധാരണകള്‍ ഉണ്ടായാല്‍ വഴങ്ങുമെന്ന് അദ്ദേഹം സൂചന നല്‍കി.
◾ ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഇറാന്‍. യുഎസിന്റെ എംക്യു1 ഡ്രോണ്‍ ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ്‌സ് വെടിവച്ചിട്ടു. ഇസ്ഫഹാന്‍ മേഖലയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് ഐആര്‍ജിസിയുടെ അവകാശവാദം. എന്നാല്‍ യുഎസ് പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
◾ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറ് റണ്‍സ് വിജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. 42 പന്തില്‍ 75 റണ്‍സെടുത്ത ധ്രുവ് ജുറലാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടാന്‍ സാധിച്ചത്.
◾ ഇന്ത്യന്‍ ഹോക്കി ഭരണസമിതിയായ 'ഹോക്കി ഇന്ത്യ'യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഹരി രഞ്ജന്‍ റാവു, സായ് ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി ഡയറക്ടര്‍ കല്‍പന ശര്‍മ്മ, ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍ക്കി എന്നിവര്‍ക്ക് ലഭിച്ച ഇമെയിലിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
◾ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നല്‍കുമെന്ന് സപ്ലൈകോയുടെ വാഗ്ദാനം. സപ്ലൈകോയില്‍ നിന്ന് 1,000 രൂപയ്ക്കു മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഇപ്രകാരം പുട്ടുപൊടി ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിക്കും. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്ലൈനോടെയുള്ള ഈ പ്രചാരണം അവതരിപ്പിക്കുന്നത്. ഏപ്രില്‍ 10, 11 തീയതികളില്‍ ആനുകൂല്യം ലഭിക്കും.
◾ ആപ്പിള്‍ കാര്‍ പ്ലേയില്‍ ചാറ്റ്ജിപിടി ലഭ്യമാണെന്ന് ഓപ്പണ്‍ എ.ഐ. ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐ.ഒ.എസ്. 26.4 അപ്ഡേറ്റിലാണ് ശബ്ദാധിഷ്ഠിത എ.ഐ. ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം കാര്‍പ്ലേയില്‍ എത്തിയത്. കാര്‍പ്ലേ വേര്‍ഷനില്‍ ചാറ്റ്ജിപിടിയുടെ ശബ്ദം കേള്‍ക്കാന്‍ മാത്രമേ സാധിക്കൂ. സ്‌ക്രീനില്‍ ടെക്സ്റ്റ് റിപ്ലൈകള്‍ കാണില്ല. വാഹനമോടിക്കുന്ന സമയത്ത് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സ്വാഭാവികമായ ഭാഷയില്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാനാവും. സ്‌ക്രീനില്‍ ഒരു എന്‍ഡ് ബട്ടനും മ്യൂട്ട്, അണ്‍മ്യൂട്ട് ഓപ്ഷനുകളും ഉണ്ടാവും. ഐഫോണ്‍ 26.4-ലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കാര്‍പ്ലേയില്‍ പ്രത്യേകം ചാറ്റ്ജിപിടി പോപ്പ് അപ്പ് കാണാന്‍ സാധിക്കും. ഈ ആപ്പില്‍ മുന്‍ ചാറ്റുകള്‍ കാണാന്‍ സാധിക്കുമെങ്കിലും ഇതിന്റെ സമ്പൂര്‍ണരൂപം കാര്‍പ്ലേ സ്‌ക്രീനില്‍ വായിക്കാനാവില്ല.
◾ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന 'പേട്രിയറ്റി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ട്രെയിലര്‍ എത്തുന്നത്. ചിത്രത്തിന്റെ ഹോളിവുഡ് സ്‌റ്റൈല്‍ മേക്കിങ്ങും ട്രെയിലറില്‍ വ്യക്തമാണ്. മേയ് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
◾ തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്റേയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അവന്തിക സുന്ദര്‍ അഭിനയിക്കുന്ന ആദ്യ സിനിമയായ 'ആരംഭം' എന്ന ചിത്രം പാക്കപ്പായി. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണ ശങ്കര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാര്‍ സേതു, ഷോബി തിലകന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റില്‍ സുചിത്ര മോഹന്‍ലാല്‍ അടുത്തിടെ സര്‍പ്രൈസ് വിസിറ്റ് നടത്തിയിരുന്നത് വാര്‍ത്ത ആയിരുന്നു. കഥ, തിരക്കഥ, സംഭാഷണം: ജോസ്ലെറ്റ് ജോസഫ്, അജോയ് തമ്പി, ഛായാഗ്രഹണം: അജയന്‍ വിന്‍സെന്റ്, സംഗീതം: ഗോപി സുന്ദര്‍.
◾ പുതിയ 2026 റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. വില 2.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ഗറില്ല 450 നും 7 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി പ്രോഗ്രാമുണ്ട്. കൂടാതെ, വാങ്ങുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് കവറേജില്‍ 4 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വാറന്റിയും ആര്‍എസ്എയും ലഭിക്കും. അപെക്‌സ് റെഡ്, അപെക്‌സ് ഗ്രീന്‍, അപെക്‌സ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പുതുക്കിയ ഗറില്ല 450 ഡാഷ് ട്രിം പുതിയ ട്വിലൈറ്റ് ബ്ലൂ കളര്‍ സ്‌കീമില്‍ ഹെഡ്‌ലൈറ്റ് ഗ്രില്ലും ഹാന്‍ഡ്ഗാര്‍ഡുകളും സഹിതം ലഭ്യമാണ്. പുതുക്കിയ ലൈനപ്പ് 452 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു. ഇത് 40 ബിഎച്പി കരുത്തും 40 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.
◾ സര്‍വ്വസാധാരണമെന്ന് പുറമേ തോന്നിക്കുന്ന ചില അസാധാരണ മനുഷ്യരിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള അനുഭവസഞ്ചാരങ്ങള്‍. ഒപ്പം, മലയാള സാഹിത്യത്തില്‍ പുതുയുഗത്തെ വിളംബരം ചെയ്ത എക്കാലത്തെയും മികച്ച നോവലിന്റെ ഭൂമികയായ ഖസാക്കായി രൂപംമാറിയ തസറാക്കിലേക്കും, സ്നേഹത്തിന്റെയും കരുത്തിന്റെയും പര്യായമായ ഒറോത എന്ന അവിസ്മരണീയ കഥാപാത്രം ഉയിര്‍ക്കൊണ്ട കുടിയേറ്റഭൂമിയായി കാക്കനാടന്‍ ഭാവനചെയ്ത ചെമ്പേരി എന്ന ഗ്രാമത്തിലേക്കും കേരളത്തിന്റെ പ്രിയ പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മസ്ഥലത്തേക്കുമുള്ള ഗൃഹാതുരയാത്രകള്‍. 'അരികില്‍ പാര്‍ക്കുന്ന മനുഷ്യര്‍'. 'താഹ മാടായി'. മാതൃഭൂമി. വില 180 രൂപ.
◾ ഉപ്പിലിട്ടതിനോടുള്ള അമിതമായ ആസക്തി ചില ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി അല്ലെങ്കില്‍ മൂത്രമൊഴിക്കല്‍ കാരണം ശരീരത്തില്‍ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പ്രേരിപ്പിക്കുന്ന സിഗ്‌നലുകള്‍ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം. സമ്മര്‍ദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളില്‍ ആളുകള്‍ ഉപ്പിട്ട ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന കുറഞ്ഞു പോകുന്ന ഹോര്‍മോണുകളാണിവ. ഉയര്‍ന്ന നിലവാരമുള്ള ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഉപ്പിലിട്ട അല്ലെങ്കില്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിപ്പിക്കും. ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ശരീരത്തില്‍ വളരെയധികം ജലാംശം പിടിച്ചുനിര്‍ത്താന്‍ ഇടയാക്കും. ഇത് ഹൃദയത്തിന്റെ പണി ഇരട്ടിയാക്കുകയും. മറ്റ് അവയവങ്ങള്‍ക്ക് സമ്മര്‍ദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകള്‍, തലച്ചോറ് എന്നിവയ്ക്ക് തകരാറുകള്‍ ഉണ്ടാക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
പണ്ട് ഒരു രാജ്യത്തെ ഏറ്റവും മികച്ച വേട്ടക്കാരനെന്ന് അഹങ്കരിച്ചിരുന്ന ഒരു യോദ്ധാവ് ഉണ്ടായിരുന്നു. ഒരിക്കലദ്ദേഹം മലമുകളിലെ ഭീകരനായ ഒരു വ്യാളിയെ പിടിക്കാന്‍ വേണ്ടി യാത്ര പുറപ്പെടുകയാണ്. കുറേദിവസം കഷ്ടപ്പെട്ട് മലകയറി കൊടുമുടിയുടെ ഏറ്റവും അഗ്രത്തിലുള്ള ഒരു ഗുഹയില്‍ അദ്ദേഹം എത്തിച്ചേരുമ്പോള്‍ കാണുന്നത് വ്യാളിയുടെ ശരീരം തണുത്തുറഞ്ഞു കിടക്കുന്നതാണ്. അയാള്‍ ഒരു വിധത്തില്‍ അതിനെ വലിച്ച് താഴെയിറക്കി താഴ്വരയിലെ തന്റെ രാജ്യത്തെത്തി എല്ലാവരോടുമായി പ്രഖ്യാപിച്ചു താനാണ് വ്യാളിയെ കൊന്നത് എന്ന്. ആളുകളൊക്കെ അത്ഭുതാദരവോടെ അയാളുടെ മുമ്പില്‍ തലകുനിക്കുന്നത് കണ്ട് ഒട്ടൊരു അഹങ്കാരത്തോടെ തന്നെ അയാള്‍ തലയുയര്‍ത്തി നിന്നു. പക്ഷേ നാട്ടിലേ കൊടും ചൂട് കാരണം വ്യാളി അതിന്റെ ശീതകാല നിദ്രയില്‍ നിന്ന് ഉണര്‍ന്നു. എന്തിനേറെ പറയണം അലറിവിളിച്ചുകൊണ്ട് കുറെയധികം പേരെ കൊന്നു വീഴ്ത്തി. അതിനോടൊപ്പം തന്നെ നമ്മുടെ ഈ വേട്ടക്കാരന്റെയും ജീവനതെടുത്തു. അര്‍ഹതയുള്ള വിജയങ്ങളില്‍ മാത്രമേ നാം അഭിമാനിക്കാവൂ. അബദ്ധത്തില്‍ സംഭവിക്കുന്നവ ആവര്‍ത്തിക്കണമെന്നില്ല. അനര്‍ഹമായ ചില വിജയങ്ങളില്‍ അഹങ്കരിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ അത്യാഹിതങ്ങള്‍ തന്നെ സംഭവിച്ചേക്കാം. നാം പ്രസിദ്ധി നേടേണ്ടത് നമ്മുടെ പ്രവര്‍ത്തികളുടെ ഗുണമേന്മയും ആത്മാര്‍ത്ഥതയും കൊണ്ടാണ്. അല്ലാതെ മാന്ത്രികവിദ്യയും ചെപ്പടിവിദ്യകളും കൊണ്ടല്ല. സാധാരണ ജീവിതം കൊണ്ട് അസാധാരണമായ ചില ഇടപെടലുകള്‍ നടത്തുക. നാം ആയിരിക്കുന്ന മണ്ഡലങ്ങളില്‍ നല്ല നല്ല മാറ്റങ്ങള്‍ക്ക് നാം തുടക്കം കുറിക്കുക. മാറി ചിന്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക. അതാണ് കൃത്രിമമായ മായാജാലങ്ങളെക്കാള്‍ എന്തുകൊണ്ടും പ്രസക്തമായിട്ടുള്ളത്. ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ