2026 ഏപ്രില്‍ 3 വെള്ളി
1201 മീനം 20 ചിത്തിര
1447 ശവ്വാൽ 15
◾ ഇന്നു ദുഃഖവെള്ളി.
◾ പിണറായി വിജയനും എല്‍ഡിഎഫും മോദിയുടേയും ബജെപിയുടേയും ബി ടീമാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പിണറായി സ്വയം രക്ഷിക്കാന്‍ മോദിക്കു കീഴടങ്ങുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നു. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇവിടെ തൊഴില്‍ ലഭിക്കുന്നില്ല. ജനവിരുദ്ധ സര്‍ക്കാരാണ് ഇവിടം ഭരിച്ചത്. ചിറയിന്‍കീഴ്, വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കവേ പ്രിയങ്ക ആരോപിച്ചു.
◾ വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നീട്ടി. ഈ മാസം പതിനാറിന് സഭ വീണ്ടും ചേരും. 2029 ന് മുന്‍പ് വനിതാ സംവരണം നടപ്പാക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ല് പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കെടുത്ത് പാസാക്കാനാണ് കേന്ദ്ര നീക്കം.
◾ യുഡിഎഫിനു ജനങ്ങളോടു പ്രതിബദ്ധതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനു വേണ്ട ഒരു പദ്ധതിയും യുഡിഎഫ് നടപ്പാക്കിയിട്ടില്ല. പഴയ ഇരുണ്ടകാലം വരരുത് എന്ന് ജനങ്ങള്‍ വിധിച്ചതുകൊണ്ടാണ് എല്‍ഡിഎഫിനു തുടര്‍ഭരണം ഉണ്ടായത്. കോഴിക്കോട് പുറമേരിയില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
◾ എസ്ഡിപിഐയുടെ വോട്ടു വേണ്ടെന്ന് എന്തിനാണു പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ടു വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ. ഗോവിന്ദന്‍ ചോദിച്ചു.
◾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജന്‍ അടക്കം മൂന്നു പേര്‍ക്കെതിരേയാണ് കേസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മൂന്നിനു തിരുവല്ലയില്‍ എന്‍ഡിഎ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. മോദി ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു മൈതാനിയിലെ ഹെലിപാഡില്‍ ഇറങ്ങും. മോദിയുടെ സന്ദര്‍ശം മൂലം നാളെ ഉച്ചയ്ക്കു 12 മുതല്‍ വൈകുന്നേരം ആറുവരെ എംസി റോഡില്‍ ഗതാഗത നിയന്ത്രണം.
◾ കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
◾ എല്‍ഡിഎഫിന്റെ പ്രചാരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയാണെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വ്യക്തിപൂജയില്ല. എന്നാല്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാക്കളെ കൂടുതല്‍ ജനകീയമായി അവതരിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കാരാട്ട്.
◾ എഫ്സിആര്‍എ ബില്ലിലൂടെ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി. അവര്‍ തത്കാലം പിന്‍വാങ്ങിയിട്ടേയുള്ളൂ. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് എഫ്സിആര്‍എയ്ക്കായി മുമ്പ് കളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പായതു കൊണ്ടാണ് ഇപ്പോള്‍ മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ മുസ്ലിം ലീഗ് നയത്തിനെതിരെ പ്രതിഷേധിച്ച് ഭാരവാഹിത്വം രാജിവച്ച വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെതിരെ വിശദീകരണ നോട്ടീസ് അയച്ചെന്ന് ലീ?ഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
◾ കുട്ടനാട്ടിലെ പ്രളയത്തില്‍ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020 ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജെയ്സപ്പന്‍ മത്തായി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്.
◾ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സര്‍ക്കാര്‍ എന്തു ചെയ്തെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ടൗണ്‍ ഷിപ്പ് നിര്‍മ്മാണത്തിന് ഇത്രയധികം തുക ആവശ്യമില്ല. എല്ലാ കണക്കിലും ഓഡിറ്റ് വേണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
◾ സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഡബ്ല്യുസിസി വിമര്‍ശിച്ചു.
◾ തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പോലീസുകാര്‍ തമ്മില്‍ അടിപിടി. കാര്‍ പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കമാണു കാരണം. പോലീസ് ആസ്ഥാനത്തെ ഗാര്‍ഡ് കിരണ്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം സ്റ്റേഷനിലെ വിശാഖിനെ മര്‍ദിച്ചെന്നാണു പരാതി. കിരണിന്റെ അമ്മയുടെ കാര്‍ മാറ്റിയിടാന്‍ വിശാഖ് ആവശ്യപ്പെട്ടതാണു പ്രകോപനത്തിനു കാരണം.
◾ കോഴിക്കോട് ഒളവണ്ണയില്‍ മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ എട്ടു പേരെ തെരുവു നായ കടിച്ചു. പാലാഴിക്ക് സമീപം തലാഞ്ചേരിയിലാണ് തെരുവ് നായയുടെ ആക്രമണം.
◾ 'പൈതലാം യേശുവേ...' അടക്കം അനേകം ക്രൈസ്തവഗാനങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന സംഗീത സംവിധായകനും ഗാനരചയിതാവുമായ ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ സിഎംഐ (91) കൊച്ചിയില്‍ അന്തരിച്ചു.
◾ കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂളില്‍ അന്തേവാസി മരിച്ച സംഭവം കൊലപാതകം. സ്ഥാപനത്തിലെ കെയര്‍ ടേക്കര്‍ പിടിയില്‍. പാലക്കാട് വടക്കുഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പില്‍ വീട്ടില്‍ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയര്‍ടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേല്‍ പുത്തന്‍വീട്ടില്‍ മഹേഷ് (24) അറസ്റ്റിലായി.
◾ പുത്തന്‍ സാരിയുമായി സിനിമാ നടിയുടെ വീട്ടിലെത്തി നടിയെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു ശല്യം ചെയ്ത യുവാവിനെതിരെ പോലീസില്‍ പരാതി. ഡിസംബര്‍ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീല സന്ദേശം അയച്ചതായും പരാതിയില്‍ പറയുന്നു.
◾ കോഴിക്കോട്ട് 2.800 കിലോഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ(36)യാണ് പിടിയിലായത്. സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചെന്നു കേന്ദ്രസര്‍ക്കാര്‍. യുദ്ധംമൂലം 8,359 വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. വിവിധ എയര്‍ലൈനുകളുടെ സഹായത്തോടെ സര്‍ക്കാര്‍ പ്രത്യേക സര്‍വീസുകള്‍ നടത്തിയാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും യുഎഇ, ഇറാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
◾ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി. രാഘവിന് പകരം പഞ്ചാബില്‍നിന്നുള്ള എംപി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡര്‍ ആക്കണമെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിന് പാര്‍ട്ടി കത്തുനല്‍കി. പാര്‍ലമെന്റിലെ തന്റെ വിവിധ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചാണു രാഘവ് ഛദ്ദ പ്രതികരിച്ചത്.
◾ പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ കടലിലൂടെയും ആക്രമിക്കാന്‍ ഇന്ത്യ സുസജ്ജമായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി. പാകിസ്ഥാന്‍ സൈനിക നടപടികള്‍ നിര്‍ത്തിവക്കാന്‍ അഭ്യര്‍ത്ഥിച്ചതിനാലാണ് ആക്രമണം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
◾ ബംഗാളില്‍ വോട്ടര്‍ പട്ടിക പുതുക്കലിനെതിരേ പ്രതിഷേധിച്ച് ജഡ്ജിമാരെ ഒമ്പതു മണിക്കൂര്‍ ബന്ധികളാക്കിയ സംഭവം സിബിഐ അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി.
◾ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനും ബിജെപി ഗൂഢാലോചന നടത്തുകയാണെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വീഴ്ചയുണ്ടായെന്നും മമത വിമര്‍ശിച്ചു.
◾ തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ വാഹനങ്ങളില്‍ ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ പരിശോധന. മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴി, ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ കനിമൊഴി എന്നിവരുടെ വാഹനങ്ങള്‍ പരിശോധിച്ചു. തഞ്ചാവൂരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനവ്യൂഹം പരിശോധിച്ചിരുന്നു.
◾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവിയെ ഇലക്ഷന്‍ കമ്മീഷന്‍ മാറ്റി. ക്രമസമാധാന വിഭാഗം ഡിജിപി ജി വെങ്കട്ടരാമനെ മാറ്റി സന്ദീപ് റായ് റാത്തോറിനെ പൊലീസ് തലവനായി നിയമിച്ചു.
◾ ആസാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 39 ശതമാനം പേര്‍ കോടിപതികളും 14 ശതമാനം പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരുമാണെന്നു റിപ്പോര്‍ട്ട്. ആസാമിലെ 126 മണ്ഡലങ്ങളിലെ 722 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പരിശോധിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
◾ ആസാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ 126 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മൃഗീയ ഭൂരിപക്ഷം എന്‍ഡിഎ നേടുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ അവകാശവാദം.
◾ തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊട്ടിത്തെറി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ എവിടെ മത്സരിക്കുമെന്നതില്‍ തര്‍ക്കം തുടരുകയാണ്. മത്സരിക്കുമെങ്കില്‍ കോയമ്പത്തൂരില്‍ മാത്രമെന്ന നിലപാടിലാണ് അണ്ണാമലൈ. എന്നാല്‍ കോയമ്പത്തൂരില്‍ പാര്‍ട്ടിക്ക് അനുവദിച്ച ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിലാണ് വാനതി ശ്രീനിവാസന്‍.
◾ കുംഭമേള നടക്കാനിരിക്കെ ഹരിദ്വാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാംസാഹാര വില്‍പനയ്ക്കും മുട്ട വില്‍പ്പനയ്ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചന. തീര്‍ത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മേയര്‍ കിരണ്‍ ജയ്‌സാല്‍ വ്യക്തമാക്കി.
◾ രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍നിന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ച് നിര്‍ണ്ണായക നേട്ടം കൈവരിച്ചു ഇന്ത്യ. ജയ്‌സാല്‍മീറിലെ ജോധ്പൂര്‍ സാന്‍ഡ്സ്റ്റോണ്‍ മേഖലയില്‍ നിന്ന് പ്രതിദിനം 1,202 ബാരല്‍ എണ്ണയാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
◾ മകന്റെ അസുഖത്തിനും കുടുംബപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി മകളെ നരബലി നല്‍കിയ അമ്മ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ഹസരിബാഗിലാണ് 13 കാരിയെ നരബലി നല്‍കിയതിനു 35-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്‌ചെയ്തത്. അമ്മയുടെ കാമുകനായ ഭീം റാം(40) മന്ത്രവാദിനിയായ ശാന്തി ദേവി(55) എന്നിവരും അറസ്റ്റിലായി.
◾ കര്‍ണാടകയിലെ മല്ലടിഹള്ളിയില്‍ പ്രൊഫസറുമായി പ്രണയമുണ്ടെന്ന അപവാദ പ്രചരണത്തില്‍ മനംനൊന്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുര്‍വേദ കോളേജില്‍ ബിഎഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ 22 കാരിയാണ് ജീവനൊടുക്കിയത്.
◾ ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള 19 മിനിറ്റ് പ്രസംഗം ചീറ്റിപ്പോയി. യുദ്ധവുമായി ബന്ധപ്പെട്ട പുതിയ വെളിപെടുത്തലൊന്നും ഇല്ല. സ്ഥിരം പറയാറുള്ള പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ യുക്തിരഹിതമായി പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.
◾ ഇറാനില്‍ കരയുദ്ധത്തിനു യാത്ര തിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ന്നു. സൈനികര്‍ വളരെ നിരാശരാണെന്ന് സൈനിക താവളത്തിനരികിലെ തന്റെ ക്ലബിലേക്കു വരുന്ന സൈനികര്‍ വെളിപെടുത്തിയെന്നു സ്ട്രിപ്പ് നര്‍ത്തകി ചാം ഡേസ് ടിക്ടോകില്‍ പോസ്റ്റു ചെയ്ത വീഡിയോ വൈറലായി.
◾ കരയുദ്ധം തുടങ്ങിയാല്‍ രാജ്യത്തെ സാധാരണ ജനങ്ങളും ആയുധമെടുക്കുമെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗലിബാഫ്. 70 ലക്ഷം ജനങ്ങള്‍ പോരാട്ടത്തിനായി സജ്ജമാണ്. രാജ്യമൊട്ടാകെ ഇതിനായുള്ള മുന്നേറ്റം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ബഹ്റിനിലെ ആമസോണ്‍ വെബ് സര്‍വീസസ് കെട്ടിടത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഇറാന്‍ പ്രസ്താവിച്ചു.
◾ യുദ്ധം ഉടനേ നിര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇറാന്‍ അയല്‍രാജ്യങ്ങളിലേക്കുള്ള ആക്രമണവും അമേരിക്കയും ഇസ്രയേലും ഇറാനെതിരായ യുദ്ധവും അവസാനിപ്പിക്കണമെന്നു ഗുട്ടെറസ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തടസ്സപ്പെടുത്തുന്നത് ലോകത്തു വില വര്‍ദ്ധന ഉണ്ടാക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.
◾ അമേരിക്കയെയും റഷ്യയെയും വെല്ലുവിളിക്കുന്ന പ്രഹരശേഷികൂടിയ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ചൈനയുടെ രഹസ്യനീക്കം. നിലവിലെ ആണവപദ്ധതികള്‍ വിപുലീകരിച്ച് ആണവായുധങ്ങളുടെ എണ്ണത്തിലും പ്രഹരശേഷിയിലും വന്‍മുന്നേറ്റം നടത്തുകയാണ് ചൈന. ഇത് ഇന്ത്യയ്ക്ക് കൂടി ഭീഷണിയാണ്.
◾ ഇറാനെതിരായ യുദ്ധത്തില്‍ യുഎസിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ഭാര്യ ബ്രിജിറ്റ് മാക്രോണിനെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാര്യയില്‍നിന്നു താടിയില്‍ തട്ടുകിട്ടിയതു സംഖപ്പെട്ടു വരുന്നതേയുള്ളൂവെന്നാണു പരിഹാസം. സൈനികസഹായത്തിനു വിസമ്മതിച്ചതിനാണു ഫ്രഞ്ചു പ്രസിഡന്റിനേയും കുടുംബത്തേയും ഇങ്ങനെ പരിഹസിച്ചത്.
◾ ഹോര്‍മുസ് കടലിടുക്കിലെ സ്തംഭനാവസ്ഥയ്ക്കു കാരണം ഇസ്രയേലും യുഎസുമാണെന്ന് ചൈന. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്നത് 'നിയമവിരുദ്ധ സൈനിക നടപടി' ആണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം.
◾ അമേരിക്കയില്‍ ജനിച്ചവര്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്ന നിയമം ഭാഗികമായി റദ്ദാക്കിയ യുഎസ്
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീം കോടതിയില്‍ വാദവുമായി ഇന്ത്യന്‍ വംശജ സ്മിത ഘോഷ്. ട്രംപിന്റെ ഉത്തരവ് ഭരണഘടനാലംഘനമാണെന്ന് ആാരോപിച്ചാണു സ്മിത കോടതിയെ സമീപിച്ചത്.
◾ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 65 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കു 16 ഓവറില്‍ 161 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തില്‍ 52 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
◾ അഹമ്മദാബാദിലെ 1.3 ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിനു പിന്നാലെ, ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ രണ്ടാമത്തെ കൂറ്റന്‍ ക്രിക്കറ്റ് സ്റ്റേഡിയം മഹാരാഷ്ട്രയില്‍ വരുന്നു. സിഡ്‌കോയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായാണ് വലിപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നത്. നിലവില്‍ മുംബൈയില്‍ വാംഖഡെ (33,000 ശേഷി), സിസിഐ-ബ്രബോണ്‍ (50,000 ശേഷി) എന്നീ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ട്.
◾ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധിച്ച് 38,424 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷം 14,802 കോടി രൂപയായിരുന്നു ഇന്ത്യയുടെ ആയുധ കയറ്റുമതി. ആകെ ആയുധ കയറ്റുമതിയുടെ 55 ശതമാനത്തോളം പൊതുമേഖല സ്ഥാപനങ്ങളുടെ സംഭാവനയാണ്. സ്വകാര്യ മേഖലയുടെ കയറ്റുമതി 45 ശതമാനം വരും. 2024-25 സാമ്പത്തികവര്‍ഷം ആഭ്യന്തര പ്രതിരോധ ഉത്പന്ന നിര്‍മാണം 1.50 ലക്ഷം കോടി രൂപയായിരുന്നു. 2029-30 സാമ്പത്തികവര്‍ഷം ആകുമ്പോള്‍ പ്രതിരോധ കയറ്റുമതി 50,000 കോടിയിലെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ബ്രഹ്‌മോസ് മിസൈലുകള്‍, റഡാറുകള്‍, ആകാശ് മിസൈല്‍ സംവിധാനം, കവചിത വാഹനങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയാണ് പ്രധാനമായും രാജ്യം കയറ്റുമതി ചെയ്യുന്നത്.
◾ ഫെബ്രുവരിയില്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി ഭാരതി എയര്‍ടെല്‍. കൂടുതല്‍ വരിക്കാരെ ചേര്‍ത്തത് എയര്‍ടെല്ലാണ്. 48.57 ലക്ഷം. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 47.26 കോടിയായി. റിലയന്‍സ് ജിയോയ്ക്ക് 16.2 ലക്ഷം വരിക്കാരെ മാത്രമേ അധികമായി ചേര്‍ക്കാനായുള്ളൂ. എങ്കിലും 49.31 കോടി വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ എന്ന സ്ഥാനം റിലയന്‍സ് ജിയോ നിലനിര്‍ത്തി. ഫെബ്രുവരിയില്‍ 21,927 പുതിയ വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയ ചേര്‍ത്തത്. മൊത്തം വരിക്കാരുടെ എണ്ണം 19.83 ലക്ഷമായി. അതേസമയം, പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഏകദേശം 1.01 ലക്ഷം വരിക്കാരെ ഫെബ്രുവരിയില്‍ നഷ്ടമായി. മൊത്തം വരിക്കാരുടെ എണ്ണം 9.2 ലക്ഷം. കേരളത്തിലും ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്തത് ഭാരതി എയര്‍ടെല്ലാണ്. അതേസമയം ഫെബ്രുവരിയില്‍ മാത്രം 5,633 വരിക്കാര്‍ ബിഎസ്എന്‍എല്‍ വിട്ടുപോയി.
◾ ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ 'പള്ളിച്ചട്ടമ്പി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാന രംഗത്തില്‍ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. വിഷു റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രില്‍ പത്തിന് ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ജേക്ക്സ് ബിജോയ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. 'കാട്ടുച്ചെമ്പകം' എന്ന പേരില്‍ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ മുന്‍നിരയില്‍ നില്‍ക്കുകയാണ്. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി' പറയുന്നത്. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
◾ ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനില്‍ മാജിക് സൃഷ്ടിക്കാന്‍ 'ഹാരി പോട്ടര്‍' എത്തുന്നു. എച്ച്ബിഓ ഒരുക്കുന്ന ഹാരി പോട്ടര്‍ ടെലിവിഷന്‍ സീരിസിന്റെ ആദ്യ ടീസര്‍ എത്തി. ഡാനിയല്‍ റാഡ്ക്ലിഫ്, എമ്മ വാട്സന്‍, റൂപര്‍ട്ട് ഗ്രിന്റ് എന്നിവര്‍ അനശ്വരമാക്കിയ ഹാരി പോട്ടര്‍, ഹെര്‍മിയണി ഗ്രേന്‍ജര്‍, റോണ്‍ വീസ?ലി എന്നീ കഥാപാത്രങ്ങളെ ഡൊമനിക് മക്ലോഗിന്‍, അറബെല്ല സ്റ്റാന്റണ്‍, അലിസ്റ്റര്‍ സ്റ്റൗട്ട് എന്നിവരാണ് സ്‌ക്രീനിലെത്തിക്കുക. 'ഹാരി പോട്ടര്‍ ആന്‍ഡ് ദ് ഫിലോസഫേഴ്സ് സ്റ്റോണ്‍' എന്നാണ് ആദ്യ സീസണ്‍ ടൈറ്റില്‍. ഫ്രാന്‍സെസ്‌ക ഗാര്‍ഡിനര്‍ ആണ് ഷോ റണ്ണര്‍. സംവിധാനം മാര്‍ക് മൈലോഡ്. യുകെയിലെ വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസ് ലീവ്സ്ഡെനില്‍ ആയിരുന്നു പരമ്പരയുടെ ചിത്രീകരണം. ഈ വര്‍ഷം ക്രിസ്മസിന് സീരിസ് റിലീസിനെത്തും. എട്ട് എപ്പിസോഡുകളിലായിരിക്കും ആദ്യ സീസണ്‍ ഒരുക്കിയിരിക്കുന്നത്.
◾ മാരുതി സുസുക്കി ജിംനി സ്വന്തമാക്കി സിനിമാതാരം അപര്‍ണ ബാലമുരളി. ഗ്രേ കളര്‍ ജിംനിയാണ് അപര്‍ണ തിരഞ്ഞെടുത്തത്. 12.32 ലക്ഷം മുതല്‍ 14.45 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ജിംനിക്ക് എക്സ്ഷോറൂം വില വരുന്നത്. 1.5 ലീറ്റര്‍ എന്‍ജിനാണ് ജിംനിക്ക് കരുത്തേകുന്നത്. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുമുണ്ട്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഫോര്‍വീല്‍ ഡ്രൈവ് ഹൈ, ഫോര്‍വീല്‍ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. ആറ് എയര്‍ബാഗുകള്‍, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രന്‍ഷ്യല്‍, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്ബെല്‍റ്റ്, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്‍ഡ്, ഐഎസ്ഒഎഫ്ഐഎക്സ് ചൈല്‍ഡ് സീറ്റ്, റിവേഴ്സ് ക്യാമറ, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും ജിംനിക്കായി മാരുതി നല്‍കിയിട്ടുണ്ട്.
◾ ആയുര്‍വ്വേദ ചികിത്സാരംഗത്ത് ഉപയോഗിച്ചുവരുന്ന നിരവധി നാട്ടുപൂക്കളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. സസ്യശാസ്ത്രസംബന്ധിയായ വിവരങ്ങളും ഔഷധോത്പാദനരംഗത്ത് പൂക്കള്‍ക്കുള്ള പ്രാധാന്യവും രേഖപ്പെടുത്തുന്ന ഉള്ളടക്കം. പുഷ്പങ്ങളുടെ വിവിധങ്ങളായ ഉപയോഗതലങ്ങള്‍ പരിചയപ്പെടുത്തുന്നു. ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം. 'പൂക്കള്‍ മരുന്നാണ്'. ഡോ. പ്രിയ ദേവദത്ത്. മാതൃഭൂമി. വില 240 രൂപ.
◾ അധികം ഭാരമെടുത്ത് വ്യായാമം ചെയ്യാന്‍ മടികാണിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് കാനഡയില്‍ നിന്നുള്ള പുതിയ പഠന റിപ്പോര്‍ട്ട്. ഭാരം കുറഞ്ഞ വെയ്റ്റുകള്‍ ഉപയോഗിച്ചും പേശീബലം വര്‍ധിപ്പിക്കാമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. 20 യുവാക്കളില്‍ 10 ആഴ്ച നീണ്ടുനിന്ന പഠനമാണ് കാനഡയിലെ ഗവേഷകര്‍ നടത്തിയത്. ഇവരുടെ ഒരു കൈയ്യിലെയും കാലിലെയും വര്‍ക്കൗട്ട് ഭാരമേറിയ വെയ്റ്റുകള്‍ കൊണ്ടും, മറുഭാഗത്തെ കൈയ്യിലും കാലിലും ഭാരം കുറഞ്ഞ വെയ്റ്റുകള്‍ കൊണ്ടും വ്യായാമം ചെയ്യിപ്പിച്ചു. ഹെവി വെയ്റ്റ് ട്രെയിനിങ്ങില്‍ പരമാവധി 12 തവണ മാത്രം ഉയര്‍ത്താന്‍ കഴിയുന്ന വലിയ ഭാരങ്ങളും ലൈറ്റ് വെയ്റ്റ് ട്രെയിനിങ്ങില്‍ 25 തവണ വരെ ഉയര്‍ത്താന്‍ കഴിയുന്ന കുറഞ്ഞ ഭാരങ്ങളുമായിരുന്നു. ഫലം തുല്യമായിരുന്നു എന്നുമാത്രമല്ല പഠനത്തിനൊടുവില്‍ രണ്ട് രീതിയിലും പേശികളുടെ വളര്‍ച്ച ഒരേപോലെയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. മസിലുകളുടെ വളര്‍ച്ച നിലച്ചുപോകാതിരിക്കാന്‍ കാലക്രമേണ ഭാരത്തില്‍ ചെറിയ വര്‍ധനവ് വരുത്തേണ്ടതുണ്ട്. സ്ഥിരതയാണ് ലൈറ്റ് വെയ്റ്റ് ട്രെയിനിങ്ങില്‍ പ്രധാനം. എങ്കിലും കഠിനമായ വര്‍ക്കൗട്ടുകളോട് താല്‍പ്പര്യമില്ലാത്തവര്‍ക്കും തുടക്കക്കാര്‍ക്കും ഈ വ്യായാമരീതി വലിയ സഹായമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
കാട്ടില്‍നിന്ന് ചെറി പഴങ്ങള്‍ ശേഖരിച്ച് എല്ലാദിവസവും അവന്‍ ഒരു വീട്ടമ്മക്കായിരുന്നു ഇത് വിറ്റിരുന്നത്. അവര്‍ പഴങ്ങള്‍ വീട്ടിനകത്തു കൊണ്ടുപോയി തൂക്കി നോക്കും. എന്നിട്ട് അതിന്റെ പണം കൊടുക്കും. അതും വാങ്ങി അവന്‍ പോകും. ഒരു ദിവസം വീട്ടമ്മ ബാലനോട് ചോദിച്ചു:
'പഴങ്ങള്‍ തൂക്കിനോക്കുന്നത് ഒരിക്കല്‍ പോലും നീ കണ്ടിട്ടില്ല. തൂക്കം കുറച്ച് പറഞ്ഞ് ഞാന്‍ നിന്നെ പറ്റിക്കുകയാണെന്ന് നിനക്ക് സംശയം തോന്നിയിട്ടില്ലേ?' അവന്‍ ഒട്ടും ചിന്തിക്കാതെ ഉടനെ മറുപടി പറഞ്ഞു:
'ഒരിക്കലും തോന്നിയിട്ടില്ല. കാരണം തൂക്കം കുറച്ച് പറഞ്ഞ് എന്നെ പറ്റിച്ചാല്‍ എനിക്ക് നഷ്ടപ്പെടുന്നത് കുറേ ചെറി പഴങ്ങള്‍ മാത്രമായിരിക്കും. പക്ഷേ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ മന:സാക്ഷി ആയിരിക്കും.' സ്വന്തം മന:സാക്ഷിയെ നഷ്ടപ്പെടുത്താതെ ആര്‍ക്കും ആരെയും പറ്റിക്കാന്‍ കഴിയില്ല. തട്ടിപ്പും വെട്ടിപ്പും നടത്തി സ്വത്ത് സമ്പാദിക്കുമ്പോള്‍ സ്വയം മിടുക്കനാണെന്ന് ഒരു അഹങ്കാരം ആര്‍ക്കും തോന്നാം. പക്ഷേ ഓരോ ചതിയും മന:സാക്ഷിയില്‍ ഓരോരോ പോറലുകളായി വീണുകിടക്കും. ഇതാണ് പിന്നെ നമ്മുടെ സമാധാനത്തെ സ്വാധീനിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോകുമ്പോഴേ ഓരോ തെറ്റിനും മാപ്പ് ലഭിക്കുകയുള്ളൂ. സ്വന്തം മനസാക്ഷിയെ നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. - ശുഭദിനം
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ