നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 78.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ 80.35 ശതമാനവും മാനന്തവാടി നിയോജക മണ്ഡലത്തിൽ 78.86 ശതമാനവും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 77.21 ശതമാനവുമാണ് പോളിങ്. ജില്ലയിൽ ആകെ 715 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്.
എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്‍കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ബൂത്തുകളിലെ പ്രവർത്തനങ്ങൾ കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സജ്ജീകരിച്ചിരുന്ന കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിച്ചു. സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നന്ദി രേഖപ്പെടുത്തി.
രാവിലെ 5.30ന് തന്നെ എല്ലാ ബൂത്തുകളിലും പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക് പോളിങ് ആരംഭിച്ചു. തുടർന്ന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും സീൽ ചെയ്ത് ഏഴ് മണി മുതൽ പോളിങ് ആരംഭിച്ചു. രാവിലെ മുതൽ തന്നെ മിക്ക ബൂത്തുകളിലും നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രാവിലെ ഒൻപത് മണിക്ക് 16.38 ശതമാനമായിരുന്ന പോളിങ് നിരക്ക് 11 മണിയോടെ 33 ശതമാനത്തിലേക്ക് ഉയർന്നു. ഉച്ചയ്ക്ക് ഒരു മണി പിന്നിട്ടപ്പോഴേക്കും ജില്ലയിലെ പോളിങ് ശതമാനം 50 കടന്നു. പോളിങ് സമയം അവസാനിച്ച വൈകുന്നേരം ആറിനും പല ബൂത്തുകളിലും വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് പ്രിസൈഡിങ് ഓഫീസർമാർ ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കി.
പൂർണമായും ഹരിത ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. സെക്ടർ ഓഫീസർമാർ ബൂത്തുകൾ സന്ദർശിച്ച് വോട്ടെടുപ്പ് നടപടികൾ വിലയിരുത്തി. കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, പൊലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രൻ എന്നിവർ പ്രവർത്തനങ്ങൾ തത്സമയം ഏകോപിപ്പിച്ചു. ബൂത്തുകളിലെ പോളിങ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ വോട്ടിങ് മെഷീനും അനുബന്ധ സാമഗ്രികളും മൂന്ന് മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളിൽ തിരിച്ചെത്തിച്ചു. ഇവിടങ്ങളിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ട്രോങ് റൂമുകളിൽ കനത്ത സുരക്ഷയിലാണ് മെഷീനുകൾ സൂക്ഷിക്കുന്നത്.
വോട്ടെണ്ണൽ ദിനമായ മെയ് നാലിനായിരിക്കും മെഷീനുകൾ ഇനി സ്ട്രോങ് റൂമുകളിൽ നിന്ന് പുറത്തെടുക്കുക. 24 മണിക്കൂറും ക്യാമറ നിരീക്ഷണവും സായുധ സേനകളുടെയും സുരക്ഷയും സ്ട്രോങ് റൂമുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ