വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്


വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്.

വൈകിട്ട് 4 മണിക്ക് തൃക്കൈപ്പറ്റ വെള്ളിത്തോടിലെ പദ്ധതി പ്രദേശത്ത് വെച്ച് ചടങ്ങുകൾ നടക്കും. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. ദുരന്തബാധിതർക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വീടുകൾ വിഭാവനം ചെയ്തിരിക്കുന്നത്.

8 സെന്റ് ഭൂമിയിൽ 1060 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടുകൾ ആണിവ. മൂന്ന് കിടപ്പുമുറികൾ, ഹാൾ, അടുക്കള എന്നിവയുൾപ്പെടെ ആധുനിക രീതിയിലുള്ള നിർമ്മാണമാണിത്. താമസം തുടങ്ങുന്ന കുടുംബങ്ങൾക്കായി ഫർണിച്ചറുകൾ, അത്യാവശ്യ ഗൃഹോപകരണങ്ങൾ, ഭക്ഷ്യക്കിറ്റുകൾ എന്നിവയുടെ വിതരണം ഇന്നലെയോടെ പൂർത്തിയായിട്ടുണ്ട്. പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്ന കുടുംബങ്ങളുടെ സ്വകാര്യതയും സമാധാനവും മാനിക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർത്ഥിച്ചു. അതിനാൽ, ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവർത്തകരും പൊതുജനങ്ങളും സന്ദർശനം പരമാവധി ഒഴിവാക്കണമെന്ന് അറിയിപ്പിലുണ്ട്.