നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
വികസനത്തിന് 60 ഇന പദ്ധതി
പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് ഇ ടതുമുന്നണിയുടെ പ്രകടന പത്രിക.
▪️ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
▪️2031ൽ കേരളത്തെ ഉയർന്ന-ഇടത്തരം വരുമാന രാജ്യത്തിന് തുല്യമായ സമ്പദ്ഘടനയാക്കി മാറ്റും, സാമ്പത്തിക വരുമാനത്തിലെ വർദ്ധനയുടെ നേട്ടം കേരളത്തിലെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കും.
▪️കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പഠനം പൂർത്തിയാക്കിയവർക്ക് കാംപസ് പ്ലേസ്മെന്റ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, നൈപുണ്യ സർവകലാശാല സ്ഥാപിക്കും, സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും.
▪️അതിവേഗ റെയിൽപാതയ്ക്ക് ശ്രമം തുടരും, കെഎസ്ആർടിസിയെ പ്രവർത്തന ലാഭത്തിലാക്കും.
▪️വിവിധ സർക്കാർ സ്‌കീമുകൾ പ്രാദേശികതലത്തിൽ സംയോജിപ്പിച്ച് കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷയും മറ്റു വയോജനങ്ങൾക്ക് ആരോഗ്യകരവും ആനന്ദകരവുമായ ജീവിതവും ഉറപ്പുവരുത്തും.
▪️കേരളത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും, എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും.
▪️അഭ്യസ്‌തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്‌പ അനുവദിക്കും.
▪️കിടപ്പു രോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ, തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും, കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും, വ്യവസായ ടൗൺഷിപ്പ് അതോറിറ്റിക്ക് രൂപം നൽകും, വിഴിഞ്ഞം ഔട്ടർ ഏരിയാ ഗ്രോത്ത് കോറിഡോർ വികസിപ്പിക്കും, ചവറ - കൊച്ചി റെയർ എർത്ത് കോറിഡോർ ആരംഭിക്കും, പവർകട്ട് ഇല്ലാത്ത കാലം തുടരും.
▪️ഒരു ലക്ഷം നാനോ മൈക്രോ സംരംഭങ്ങൾ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും.
▪️ തോട്ടവിളകൾക്ക് പുതിയ കർമപദ്ധതി, പ്രവാസി പ്രൊഫഷണലുകൾക്കായി ലോക കേരള സങ്കൽപ്പം, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കും, 5 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും, ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും, ആരോഗ്യകരമായ വാർധക്യം പദ്ധതി നടപ്പാക്കും, ലൈഫ് മിഷൻ 2.0 നടപ്പാക്കും.
▪️ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കും, 2031 ൽ 5 കോടി ആഭ്യന്തര ടൂറിസ്റ്റുകളെയും 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് ആകർഷിക്കും.
▪️വിജ്ഞാന സമ്പദ്ഘടയിലേക്കുള്ള പരിവർത്തനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പരിഹരിക്കും, നെല്ലിന്റെ താങ്ങുവില ഉയർത്തും, പച്ചക്കറികളുടെ താങ്ങുവില ഉയർത്തും, റബറിന്റെ താങ്ങുവില ഉയർത്തും, നെല്ലിൻ്റെ താങ്ങുവില സംഭരണ വേളയിൽ തന്നെ നൽകും, ലയങ്ങൾ പുനർനിർമ്മിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ പറയുന്നു.
പ്രകടന പത്രിക പ്രകാശന ചടങ്ങിൽ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, സിപിഐ നേതാവ് കെ പ്രകാശ് ബാബു, ആർജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ