മദ്യലഹരിയില്‍ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി മകനെ തുടരെ ആക്രമിക്കുകയായിരുന്നു. പതിനഞ്ചു വയസുകാരനായ മകനാണ് ആക്രമണത്തിന് ഇരയായത്.
മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ തല്ലിയതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മർദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉടൻ തന്നെ നജീബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു മർദ്ദനം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈൻ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും.
മറ്റൊരു സംഭവത്തില്‍ വെള്ളറട കൂട്ടപ്പൂവില്‍ മകളെ മർദിക്കുന്നത് തടയുന്നതിനിടെ മരുമകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൂട്ടപ്പു ചരിവുവിള സോജി ഭവനില്‍ ദാസ് ടി (61) ആണ് മകളുടെ ഭർത്താവായ പത്തുകാണി സ്വദേശി മോജോ (30)യെ വെട്ടിയത്. തുടർന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ അതിർത്തിയില്‍ വച്ച് അറസ്റ്റ് ചെയ്‌തു. ഇയാളെ റിമാൻഡ് ചെയ്തു. ശനി രാത്രി ഒന്പതോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ മോജോ ഭാര്യയെ മർദിക്കുന്നത് കണ്ട് സഹികെട്ടാണ് ദാസ് വെട്ടിയത്. മോജോ ഭാര്യയെ മർദിക്കുന്നത് സ്ഥിരമായിരുന്നു. മുന്പ് പലതവണ മകളെ ഉപദ്രവിക്കരുതെന്ന് ദാസ് താക്കീത് നല്‍കിയിരുന്നെങ്കിലും മോജോ വകവച്ചിരുന്നില്ല. ഗുരുതര വെട്ടേറ്റ മോജോയെ നാട്ടുകാരും മകളും ചേർന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ