തൃശൂർ വെടിക്കെട്ട് അപകടത്തില്‍ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം.
മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനമായി. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നടത്തും.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങള്‍ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. അതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് കളക്ടർ വ്യക്തമാക്കിയത്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടില്‍ വീട്ടില്‍ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടില്‍ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടില്‍ വീട്ടില്‍ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
സുദർശൻ്റെയും വാസുദേവൻ്റെയും സുവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീണ്‍ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവർ മെഡിക്കല്‍ കോളജിലും സാജൻ (38), വില്‍സണ്‍ (60) എന്നിവർ എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെ ഡിസ്ചാർജ് ചെയ്തു.
തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകള്‍ അവശ്യമാണ്. സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയില്‍ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂർ താലൂക്ക് ഓഫീസ് : 04884232226, തൃശൂർ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം : 94470 74424, മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍ റൂം: 8075011853 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവരില്‍ ആരെങ്കിലും സംഭവസ്ഥലത്തു നിന്ന് വിട്ടു പോയിട്ടുണ്ടെങ്കില്‍ അവർ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് മരണപ്പെട്ടവരെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടത്തില്‍ പെട്ടവർക്ക് മികച്ച ചികിത്സ നല്‍കുന്നതിന് തൃശൂർ മെഡിക്കല്‍ കോളേജും മെഡിക്കല്‍ സംഘവും പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ