ഒറ്റപ്പെടലിന് വിട; പഞ്ചിന് കൂട്ടായി മോമോ, കുട്ടിക്കുരങ്ങന്റെ പുതിയ കൂട്ടുകാരിയുമായുള്ള വീഡിയോകൾ വൈറൽ.

 


പലരുടെയും കണ്ണ് നിറച്ച ജീവിതമായിരുന്നു പഞ്ച് എന്ന കുട്ടികുരങ്ങിന്റേത്. ജനിച്ചയുടനെ അവന്റെ അമ്മ അവനെ ഉപേക്ഷിച്ചതോടെ മറ്റു കുരങ്ങന്മാരും അവനെ കൂട്ടാതായി. അതോടെ അവനു കൂട്ടായി മാറിയത് ഓറഞ്ച് നിറത്തിലുള്ള ‘ഒറാങ്ങുട്ടാൻ’ പാവ ആയിരുന്നു. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ നിന്നുള്ള പഞ്ചിന്റെ വീഡിയോകൾ വളരെ പെട്ടെന്ന് ആണ് വൈറലായി മാറിയത്. അവന്റെ വിഷമത്തിൽ നമ്മളും പങ്കുചേർന്നു. ഇപ്പോഴിതാ പഞ്ചിനൊരു കൂട്ടുകാരിയെ കിട്ടിയ വാർത്തയാണ് പുറത്തുവരുന്നത്. പഞ്ചും പഞ്ചിന്റെ കൂട്ടുകാരി മോമോ ചാനുമാണ് നിലവിലെ വൈറൽ കണ്ടന്റ്.

പഞ്ചിനെ ഒറ്റയ്ക്കു മാറ്റി നിർത്തുന്നവർക്കിടയിൽ നിന്നും അവനെ ചേർത്ത് പിടിക്കാൻ ഒരു കൂട്ടുകാരി ആണ് വന്നിരിക്കുന്നത്, അവനൊപ്പം ഓടിക്കളിക്കുകയും തൊട്ടുരുമ്മി ഇരിക്കുകയും ചെയ്യുന്ന കൂട്ടുകാരി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത വീഡിയോകളിൽ പഞ്ച് മോമോ-ചാനുമായി കളിക്കുന്നത് കാണാം. അവന്റെ ഓറഞ്ച് പ്ലഷി ഒറാങ്ങ് ഉട്ടാനും അവരുടെ അരികിൽ കിടക്കുന്നതും കാണാം. അമ്മ അവനെ ഒഴിവാക്കുകയും മറ്റ് കുരങ്ങുകൾ കൂടെ കൂട്ടാതെ അകറ്റിനിർത്തുകയും ചെയ്ത ശേഷം അവന്റെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്നത് ആ പാവ ആയിരുന്നു. പഞ്ചിന്റെ വീഡിയോകൾ കണ്ടു കരയുന്നവർക്ക് പുതിയ വീഡിയോകൾ ചിരിയാണ് സമ്മാനിക്കുന്നത്.