*🟨ലോകകപ്പിൽനിന്നു പിന്മാറിയിട്ടില്ല; മെക്സിക്കോയില്‍ കളിക്കാം: ഇറാൻ*
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് 85 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഇറാന് കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന്, ഫിഫ ലോകകപ്പില്‍ ടീം കളിക്കില്ലെന്ന് ഇറാന് സ്പോര്‍ട്സ് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്കു മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കളിക്കില്ലെന്ന ഇറാന്റെ നിലപാടിന് മെഹ്ദി താജ് അടിവരയിട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
*» ട്രംപിന് എതിരേ*
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മെഹ്ദി താജ് ഇറാന്റെ മത്സരങ്ങള്‍ മെക്സിക്കോയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയം. ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ എത്തുന്നത് അവരുടെതന്നെ ജീവനും സുരക്ഷയ്ക്കും ഉചിതമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുദ്ധ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന ഇറാന് സ്പോര്‍ട്സ് മന്ത്രിയുടെ വാക്കുകളോടുള്ള പ്രതികരണമായിരുന്നു ട്രംപ് നടത്തിയത്.
എന്നാല്‍, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം, കളിക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എന്തു നീതി എന്നതായിരുന്നു ഇറാന്റെ മറു ചോദ്യം. “ഇറേനിയന്‍ ദേശീയ ടീമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സ്ഥിതിക്ക്, ഞങ്ങള്‍ തീര്‍ച്ചയായും അമേരിക്കയിലേക്കു പോകില്ല’’- മെക്സിക്കോയിലെ ഇറേനിയന്‍ എംബസിയുടെ എക്സ് അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലൂടെ മെഹ്ദി താജ് വ്യക്തമാക്കി.
*» മൂന്നു കളിയും അമേരിക്കയില്‍*
ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ഇറാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണം.
ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമാണ് നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന്റെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍. 2026 ഫിഫ ലോകകപ്പിന് യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് സ്വന്തമാക്കിയ മൂന്നാമത് ടീമാണ് ഇറാന്.
*🟨ഇറാന് മാനുഷിക സഹായം നല്‍കുമെന്ന് ചൈന*
ബീജിങ്: ഇറാന്, ഇറാക്ക്, ജോര്‍ദാന്‍, ലബനന് രാജ്യങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായം നല്‍കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന് ജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ യുദ്ധം ഇറാനിലെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അസഹനീയമായ ദുരന്തങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ചൈനയ്ക്ക് ദുഃഖമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ലിന് പറഞ്ഞു.
പശ്ചിമേഷ്യയില്‍ അടിയന്തരമായി മാനുഷിക സഹായം വേണമെന്ന് അടുത്തിടെ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചൈന സഹായം നല്‍കുന്നതെന്ന് ലിന് പറഞ്ഞു. യുദ്ധം പശ്ചിമേഷ്യയില്‍ രണ്ടര കോടി ആളുകളെ അഭയാര്‍ഥികളാക്കി.
ഇറാനൊപ്പം ജോര്‍ദാന്‍, ലബനന്, ഇറാക്ക് എന്നിവിടങ്ങളിലെ ജനങ്ങളെയും യുദ്ധം ബാധിച്ചു. ലബനനില്‍ 80,000-ത്തോളം ആളുകള്‍ അഭയാര്‍ഥികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞാഴ്ച ഇറാനില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ചൈന 20,0000 യുഎസ് ഡോളറിന്റെ സഹായം നല്‍കിയിരുന്നു. ഇറാനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ചൈന, യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയോടും ഇസ്രയേലിനോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
*🟨നൈജീരിയയിൽ ചാവേർ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു*
മയ്ദുഗുരി: വടക്കുകിഴക്കൻ നൈജീരിയയിൽ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു.
ബോർനോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മയ്ദുഗുരി നഗരത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് ബോർനോ പോലീസ് അറിയിച്ചു.
പ്രധാന മാർക്കറ്റിലും യൂണിവേഴ്സിറ്റി ഓഫ് മയ്ദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിന്റെ പ്രവേശന കവാടത്തിലും ഉൾപ്പെടെ ജനക്കൂട്ടം തടിച്ചുകൂടിയ മൂന്നിടത്തായിരുന്നു ഒരേസമയം സ്ഫോടനമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. 2009 മുതൽ ബോക്കോ ഹറാം ഭീകരർ നൈജീരിയയിൽ ആക്രമണം നടത്തിവരികയാണ്.
*🟨സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം: യുഎഇയിൽ 16 ഇന്ത്യക്കാർ അറസ്റ്റിൽ*
അബുദാബി: യുഎഇ ലക്ഷ്യമിട്ടുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെത്തുടർന്ന് 16 ഇന്ത്യക്കാരുൾപ്പെടെ 35 പേർ അറസ്റ്റിൽ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി ഉത്തരവിട്ടതനുസരിച്ചാണ് ഇവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇതിനു പുറമെ അബുദാബിയിൽ സമാന കുറ്റത്തിന് 45 പേരെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധനടപടികളെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും എഐ ഉപയോഗിച്ചു നിർമിച്ച വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് നടപടി.
പിടിയിലായവർക്കെതിരേ അതിവേഗ വിചാരണ നടപടികൾ ആരംഭിച്ചു.യുഎഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മിസൈലുകൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അറ്റോർണി ജനറൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം ദൃശ്യങ്ങൾ ശത്രുരാജ്യങ്ങൾക്ക് യുഎഇയുടെ പ്രതിരോധശേഷി മനസിലാക്കാൻ അവസരമൊരുക്കുമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
*🟨ഹോർമുസ് കടക്കാൻ പാക് ടാങ്കറിന് ഇറാന്റെ അനുമതി*
കറാച്ചി: ഹോർമുസ് കടലിടുക്ക് കടക്കാൻ പാക്കിസ്ഥാന്റെ എണ്ണടാങ്കറിന് അനുമതി നല്കി ഇറാൻ.എംടി കറാച്ചി എന്നു പേരുള്ള കപ്പലിൽ 1,09,990 ടൺ ക്രൂഡ് ഓയിലുണ്ട്.
കപ്പൽ ഇന്ന് കറാച്ചിയിലെത്തുമെന്ന് പാക്കിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപറേഷൻ (പിഎൻഎസ്സി) വക്താവ് ഫാറൂഖ് നിസാമി അറിയിച്ചു.
*🟨യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പുരിൽ*
സിംഗപ്പുർ: ഇറാനെതിരായ പ്രത്യേക ദൗത്യത്തിന്റെ ഭാഗമെന്നോണം പ്രത്യേക പരിശീലനം ലഭിച്ച യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പൊളി സിംഗപ്പുർ തീരത്ത് എത്തിയതായി റിപ്പോർട്ട്.
സൗത്ത് ചൈന കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുകൂടി കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ ആണു റിപ്പോർട്ട് ചെയ്തത്. 2,200ഓളം മറീനുകൾ ഈ കപ്പലിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
ജപ്പാനിലെ ഒക്കിനാവയിലുള്ള അമേരിക്കയുടെ 31-ാം മറൈൻ എക്സ്പെഡിഷനറി യൂണിന്റെ ഭാഗമായുള്ള മറീനുകളാണു കപ്പലിലുള്ളത്.
*🟨ലാരിജാനിയുടെ വധം ഇറാനു കനത്ത തിരിച്ചടി*
ടെഹ്റാൻ: ഇറാന്റെ അധികാരഘടനയിൽ പരമോന്നത നേതാവ് കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ളയാളായാണു കഴിഞ്ഞദിവസം ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനി അറിയപ്പെടുന്നത്. ഇറാന്റെ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായിരുന്നു.
കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയ്യുടെ ഏറ്റവുമടുത്ത വിശ്വസ്തൻകൂടിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന ഖുദ്സ് ദിന റാലിയിലാണ് ഇദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
ഫെബ്രുവരി 28ന് ആയത്തുള്ള ഖമനയ് കൊല്ലപ്പെട്ടതിനുശേഷം ഇറാൻ ഭരണകൂടത്തിലെ പരമോന്നത നേതാവായി പ്രവർത്തിച്ചു രാജ്യത്തിന്റെ പ്രത്യാക്രമണങ്ങൾ ഏകോപിപ്പിച്ചിരുന്നതും അലി ലാരിജാനിയാണ്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ മരണം ഇറാന്റെ സുരക്ഷ-രാഷ്ട്രീയ മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.
സുരക്ഷാകാര്യങ്ങൾക്കൊപ്പം രാജ്യത്തെ പ്രതിരോധ, ഇന്റലിജൻസ്, വിദേശനയ കാര്യങ്ങളും ഏകോപിപ്പിച്ചിരുന്നത് അലി ലാരിജാനിയായിരുന്നു. 2005മുതൽ 2007 വരെ ഈ സ്ഥാനം വഹിച്ചിട്ടുള്ള ലാരിജാനി ഒടുവിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പദവിയിലേക്ക് തിരിച്ചെത്തിയത്.
2008 മുതൽ 2020 വരെ പാർലമെന്റ് സ്പീക്കറായിരുന്ന അദ്ദേഹം കൾച്ചർ ആൻഡ് ഇസ്ലാമി ഗൈഡൻസ് വകുപ്പ് മന്ത്രിയായും 1994മുതൽ 2004 വരെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് മേധാവിയായും പ്രവർത്തിച്ചു.
റവലൂഷണറി ഗാർഡ് കോർപ്സിന്റെ ഉപമേധാവിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രാജ്യത്തിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താനും നിയോഗിക്കപ്പെട്ടു.
ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടതോടെ ഭരണകൂടത്തിലെ ഏറ്റവും മുതിർന്ന നേതാവായി അദ്ദേഹം മാറി. ഭരണകൂടത്തിന്റെ തീരുമാനങ്ങളെല്ലാം കൈക്കൊണ്ടിരുന്നത് ഇദ്ദേഹമാണ്.
*🟨യുദ്ധം നീണ്ടാൽ കൊടും പട്ടിണിയെന്നു മുന്നറിയിപ്പ്*
ജനീവ: പശ്ചിമേഷ്യൻ സംഘർഷം ഇനിയും നീണ്ടാൽ ജൂണോടെ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധംമൂലം പ്രധാന മാനുഷിക സഹായ പാതകൾ തടസപ്പെട്ടിരിക്കുകയാണെന്നും ലോകത്ത് കൂടുതൽ പ്രതിസന്ധി നേരിടുന്ന ചില കേന്ദ്രങ്ങളിലേക്കുള്ള ജീവൻരക്ഷാ ഷിപ്പ്മെന്റുകൾ വൈകുകയുമാണെന്നും ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാ പറഞ്ഞു.
ഭക്ഷ്യധാന്യ, ഇന്ധന വിലക്കയറ്റവും ഷിപ്പിംഗ് ചെലവിലെ വർധനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*🟨ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈൽ വീണു*
ജറൂസലെം: പുണ്യനഗരമായ ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈലിന്റെ അവശിഷ്ടം വീണത് ആശങ്കയ്ക്കിടയാക്കി.
പള്ളിക്കു സമീപമുള്ള ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് കെട്ടിടത്തിനുമുകളിലാണ് ഇന്നലെ പുലർച്ചെ മിസൈലിന്റെ അവശിഷ്ടം പതിച്ചത്. ഇതിനുപുറമെ അൽ-അഖ്സ മോസ്കിനു സമീപമുള്ള ടെമ്പിൾ മൗണ്ടിലും മിസൈൽ വീണതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജറൂസലെമിലെ ഓഫീസിനു സമീപവും മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ജറൂസലെമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്റെ നടപടിയെ ഇസ്രയേൽ സർക്കാർ അപലപിച്ചു.
ജറൂസലെം പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനുമായി താൻ സംസാരിച്ചെന്നും ഇറാൻ കരുതിക്കൂട്ടി രാഷ്ട്രീയലക്ഷ്യങ്ങൾക്കുനേരേയും ക്രൈസ്തവ, മുസ്ലിം, യഹൂദ ആരാധനാലയങ്ങൾക്കുനേരേയും ആക്രമണം നടത്തുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഗിദെയോൻ സാർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചതോടെ സുരക്ഷ മുൻനിർത്തി തിരുവുത്ഥാന പള്ളി അടച്ചിട്ടിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്രയും ദിവസം ഈ തീർഥാടനദേവാലയം അടച്ചിടുന്നത്. വിശുദ്ധവാരത്തിലെങ്കിലും പള്ളി തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
*🟨ഇറാന്റെ ഭീഷണി കണ്ട് പിന്മാറില്ല; സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെലെൻസ്കി*
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ചതിനെതിരെ ഉയർന്ന ഇറാന്റെ ഭീഷണി കണ്ട് പിന്മാറില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി.
ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നായിരുന്നു സെലൻസ്കിയുടെ വാഗ്ദാനം. ഇത്തരം ഭീഷണികൾ നയതന്ത്ര രംഗത്ത് പുതിയ കാര്യമല്ലെന്നും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ഇത്തരം നിരവധി ഭീഷണികൾ കേൾക്കുന്നുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
ഇസ്രയേലിന് ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രെയ്ൻ തങ്ങളുടെ ലക്ഷ്യമായി മാറിയെന്നും അതിനാൽ ആക്രമണമുണ്ടാകുമെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി അറിയിച്ചിരുന്നു.
എന്നാൽ ആക്രമണമല്ല പകരം സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഡ്രോണുകളെ തകർക്കാനുള്ള സാങ്കേതിക സഹായമാണ് തേടിയത്. ഇത് ആക്രമണത്തിനുള്ളതല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണെന്നും സെലൻസ്കി വ്യക്തമാക്കി.
*🟨നെതന്യാഹു എവിടെ? ക്യാബിനറ്റ് യോഗങ്ങളിലും അസാന്നിധ്യം; അഭ്യൂഹങ്ങൾ ശക്തം*
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുവേദികളിൽ കാണാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിക്കുന്നു. ഏറ്റവും നിർണായകമായ ഏഴ് ക്യാബിനറ്റ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, കഴിഞ്ഞ ഏഴ് പ്രധാന ക്യാബിനറ്റ് മീറ്റിംഗുകളിലും നെതന്യാഹുവിന്റെ അസാന്നിധ്യം പ്രകടമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിടുന്ന വീഡിയോകൾ കൃത്രിമമായി നിർമിച്ചതാണെന്ന ആക്ഷേപവും ശക്തമാണ്. ഒരു കോഫി ഷോപ്പിൽ ഇരിക്കുന്ന വീഡിയോയിൽ അദ്ദേഹത്തിന്റെ കൈകളിൽ ആറ് വിരലുകൾ കണ്ടതും പിന്നീട് വന്ന വീഡിയോകളിൽ വിരിലിലെ മോതിരം അപ്രത്യക്ഷമാകുന്നതുമെല്ലാം അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ നെതന്യാഹു കൊല്ലപ്പെട്ടുവെന്നോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നോ ഉള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ഇതെല്ലാം ഇസ്രായേൽ ഔദ്യോഗികമായി തള്ളിക്കളയുന്നുണ്ടെങ്കിലും, നെതന്യാഹു നേരിട്ട് പൊതുവേദികളിൽ വരാത്തത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
*🟨ഗോവിന്ദൻ മാഷേ, പാർട്ടിയെ വെല്ലുവിളിക്കരുത്: മുന്നറിയിപ്പ് നൽകി എം.വി. ജയരാജൻ*
കണ്ണൂർ: ടി.കെ. ഗോവിന്ദനോട് പാർട്ടിയെ വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പ് നൽകി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. കണ്ണൂരിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പത്രസമ്മേളനം നടത്തി പാർട്ടിയെ വെല്ലുവിളിക്കരുതെന്ന് എം.വി.ജയരാജൻ മുന്നറിയിപ്പ് നൽകിയത്.
പാർട്ടിയെ ആക്രമിക്കാൻ വരുന്ന ഏതു കൊലകൊന്പനെയും പാർട്ടി പ്രവർത്തകർ ചെറുക്കും. അതാണ് ചരിത്രം. ലക്ഷക്കണക്കിനു പ്രവർത്തകരുള്ള പാർട്ടിയാണിത്. അധികാരദുരയിൽ ശത്രുക്കൾക്കൊപ്പം ചേർന്ന് പാർട്ടിയെ അധിക്ഷേപിച്ച ടി.കെ. ഗോവിന്ദനെതിരേ മലപ്പട്ടത്ത് ഇന്നലെ പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് ഉയർന്നത്.
പ്രകടനത്തിൽ ടി.കെ. ഗോവിന്ദന്റെ ബന്ധുക്കൾ വരെ പങ്കെടുത്തു. അത്രത്തോളം പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകരുള്ള സംഘടനയാണ്. ടി.കെ. ഗോവിന്ദനൊപ്പം ടി.കെ. ഗോവിന്ദൻ മാത്രമേയുള്ളൂവെന്നും എം.വി. ജയരാജൻ പറഞ്ഞു.
തളിപ്പറന്പ് മണ്ഡലത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിന്റെ കണക്കുകളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിലൂടെ ടി.കെ.ഗോവിന്ദൻ പല്ലിൽ കുത്തി നാറ്റിക്കുകയാണ്. ഹാപ്പിനെസ് ഫെസ്റ്റിന്റെ സംഘാടകസമിതി വൈസ് ചെയർമാൻ കൂടിയായിരുന്നു ടി.കെ. ഗോവിന്ദൻ. ഇതിന്റെ കണക്കുകൾ ഓഡിറ്റിംഗി നു വിധേയമാക്കി ഇൻകം ടാക്സ് റിട്ടേൺസിന് നൽകി അംഗീകാരം ലഭിച്ചതാണ്.
വസ്തുത ഇതാണെന്നിരിക്കെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചത്. ടി.കെ. ഗോവിന്ദൻ പരസ്യ സംവാദത്തിനുവെല്ലുവിളിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, പാർട്ടി ശത്രുവുമായി സംവാദമോ എന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. പാർട്ടിയെ ത കർക്കാൻ ശ്രമിക്കുന്നതിന് ആദ്യം അദ്ദേഹം വിശദീകരണം നൽകട്ടെ എന്നും എം.വി. ജയരാജൻ പറഞ്ഞു.
*🟨മുദ്രാവാക്യ പരസ്യങ്ങളുമായി മുന്നണികൾ*
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക ൾ വോട്ടുതേടി ജനങ്ങൾക്കു മുന്നിലേക്കെത്തുന്പോൾ വോട്ടർമാർക്കിടയിൽ വേഗത്തിൽ ശ്രദ്ധ നേടാനായുള്ള തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ രംഗത്തിറക്കി പ്രചാരണം സജീവമാക്കി.
യുഡിഎഫും എൽഡിഎഫും എൻഡിഎയും തങ്ങളുടെ പ്രചാരണ മുദ്രാവാക്യങ്ങൾ ഇതിനോടകം പുറത്തുവിട്ടു. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്ന മുദ്രാവാക്യമാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറാക്കിയത്. ഇന്നലത്തെ പ്രധാന ദിനപത്രങ്ങളിലെല്ലാം ഒന്നാം പേജ് പരസ്യം നല്‍കിയാണ് ഈ മുദ്രാവാക്യ വ്യാപക പ്രചാരണത്തിന് തുടക്കമിട്ടത്.
ഈ ദുർഭരണത്തിന് ഇനി 25 ദിനം മാത്രമെന്ന കുറിപ്പോടെ സ്വർണക്കൊള്ളയും വന്യജീവി ആക്രമണവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിലക്കയറ്റവുമെല്ലാം ഉൾകൊള്ളിച്ചുള്ളതായിരുന്നു പ്രചാരണ മുദ്രാവാക്യത്തോടൊപ്പമുള്ള പരസ്യം . കണക്കു ചോദിക്കാൻ സമയമായെന്നും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇടതു മുന്നണിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ മുദ്രാവാക്യം ’മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്.
എൽഡിഎഫ് സർക്കാർ മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേർത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നൽകാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, കേരളത്തെ അതി ദാരിദ്യ്രമുക്തമാക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവർക്കും വീടുകൾ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാവർക്കും തൊഴിൽ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാവർക്കും സ്വന്തമായി ഭൂമി നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാ സർക്കാർ ആശുപത്രികളും ലോകോത്തരമാക്കാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ.. എന്നിങ്ങനെ നീളുന്നു മുദ്രാവാക്യം.
എൻഡിഎ മുദ്രാവാക്യം കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘മാറാത്തത് മാറും ഇനി കേരളം വളരും’ എന്നതാണ് എൻഡിഎ മുദ്രാവാക്യം. പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തുവെച്ച് ഈ മുദ്രാവാക്യം തന്റെ പ്രസംഗത്തിലും പരാമർശിച്ചിരുന്നു. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി മാറ്റം ആവശ്യമാണെന്നും ഇതിനാൽ മാറാത്തത് മാറും, ഇനി കേരളം വളരും എന്നതാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്.
ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ