*🟨"ഇന്ത്യ, ചൈന കപ്പലുകൾ
ഹോർമുസിൽ തടയില്ല*
തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണ, വാതക കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ തടയില്ലെന്ന് വെളിപ്പെടുത്തി ഇറാന്‍.
അമേരിക്ക, ഇസ്രയേൽ, യൂറോപ്പ്, ഇവരുടെ പാശ്ചാത്യ സഖ്യകക്ഷികൾ എന്നിവരുടെ കപ്പലുകള്‍ക്കാണ് വിലക്കെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. പാശ്ചാത്യേതര രാജ്യങ്ങൾക്ക് ഇപ്പോഴും ഈ കടലിടുക്കിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ കഴിഞ്ഞേക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്കുള്ള നിരവധി എണ്ണ ടാങ്കറുകള്‍ ഹോര്‍മൂസിന് സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇറാന് ചുറ്റുമുള്ള രാജ്യങ്ങളിലെ യുഎസ് ആസ്‌തികൾ ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനൊപ്പമാണ് കടലിടുക്കില്‍ പ്രവേശിക്കുന്ന പാശ്ചാത്യ കപ്പലുകള്‍ കത്തിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. ലോകത്തില 20 ശതമാനം എണ്ണ കൈമാറ്റം നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇതിൽ ഏറ്റവും കൂടുതൽ കപ്പലുകളെത്തുന്നത് ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്. നാവിക പാത അടച്ചതോടെ ഏഷ്യയിലെ രാജ്യങ്ങളും കടുത്ത എണ്ണ പ്രതിസന്ധി നേരിടുകയാണ്."
*🟨"ലെബനനില്‍ കൂട്ട പലായനം*
ജനീവ: ഇസ്രയേല്‍–അമേരിക്ക സഖ്യം രൂക്ഷമായ ആക്രമണം തുടരുന്ന ലെബനനിൽ ലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നും പതിനായിരക്കണക്കിന് സിറിയൻ അഭയാർഥികൾ അതിർത്തി കടന്ന് തിരികെ പോയെന്നും യു എൻ അഭയാർഥി ഏജൻസി. മേഖലയില്‍ "വൻ പ്രതിസന്ധി' നിലനില്‍ക്കുകയാണെന്നും യുഎൻഎച്ച്സിആർ വെളിപ്പെടുത്തി. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ ഇറാനിൽ ഒരു ലക്ഷത്തോളംപേര്‍ കുടിയിറക്കപ്പെട്ടു.
സഹായം അഭ്യർഥിച്ച് ഇറാനികളിൽ നിന്ന് ദിനംപ്രതി നൂറുകണക്കിന് ഫോൺകോളുകൾ യുഎൻഎച്ച്സിആർ ജീവനക്കാർക്ക് ലഭിക്കുന്നു.
തെക്കൻ ലെബനനിലും ബെയ്‌റൂട്ടിന്റെ ചില ഭാഗങ്ങളിലും ഇസ്രായേൽ വന്‍തോതില്‍ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിയാന്‍ നിര്‍ബന്ധിക്കുന്നത്. ഗുരുതര ആശങ്ക ഉയര്‍ത്തുന്ന നീക്കമാണിതെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്ക് പറഞ്ഞു."
*🟨ആക്രമണങ്ങളിൽ നിന്ന് പിന്മാറണം: യുഎന്‍*
ജനീവ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇറാനും യുഎസ്– ഇസ്രയേൽ സഖ്യവും ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കമീഷന്‍ മേധാവി വോൾക്കർ ടർക്ക്. സമാധാനത്തിന് അവസരം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
യുഎസും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനികാക്രമണം കാട്ടുതീ പോലെ പടരുകയാണെന്നും ഇതിന് അടിയന്തിരമായി തടയിടണമെന്നും അദ്ദേഹം പറഞ്ഞു. ‘ബോംബാക്രമണങ്ങളും കൊലപാതകവും തുടരുകയാണ്. ഇരുപക്ഷവും ആക്രമണം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണം. സംഘർഷത്തിന് അയവ് വരുത്താൻ മറ്റു രാജ്യങ്ങളും പൂർണമായി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു."
*🟨"മോദിയുടെ മൗനത്തെ വിമര്‍ശിച്ച് ആഗോള മാധ്യമങ്ങള്‍*
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ. ആഗോളസംഘർഷങ്ങള്‍ പെരുകുമ്പോള്‍ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര നിലപാടാണ് ചോദ്യംചെയ്യപ്പെടുന്നത്.
ഡൽഹിയിലെ ഇറാൻ എംബസിയിൽ വിദേശസെക്രട്ടറി അനുശോചന രേഖയിൽ ഒപ്പിട്ടെങ്കിലും പ്രധാനമന്ത്രി മോദി വ്യക്തിപരമായ ഒരു പ്രസ്‌താവനയും ഇതുവരെ നടത്തിയിട്ടില്ല. ബോധപൂര്‍വമുള്ള ഈ നടപടി പശ്ചിമേഷ്യൻ സംഘർഷത്തിൽ നിഷ്‌പക്ഷത പുലർത്തുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയെയും ഇസ്രയേലിനെയും പിണക്കാതിരിക്കാനുള്ള മോദിയുടെ പരിശ്രമമാണിത് –‘അൽ ജസീറ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ അധിനിവേശ നയങ്ങളെ നടപടികളെ വിമർശിക്കാനുള്ള വിമുഖതയാണ് മോദിയുടെ മൗനമെന്ന് ‘ദ ഗാർഡിയൻ’ പറയുന്നു. അമേരിക്കയുമായും ഇസ്രയേലുമായുള്ള പ്രതിരോധ-, സാങ്കേതിക മേഖലയിലെ സഹകരണം നിലനിർത്താനുള്ള "കണക്കുകൂട്ടിയുള്ള സംയമനം’ ആണിതെന്ന് റോയിട്ടേഴ്സ് വിലയിരുത്തുന്നു.
പ്രധാന ഊർജ പങ്കാളിയും മധ്യേഷ്യയിലേക്കുള്ള തന്ത്രപ്രധാനമായ കവാടവുമായ ഇറാനുമായുള്ള ബന്ധം തകരാന്‍ മോദിയുടെ നിലപാട് വഴിവയ്‌ക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ആഗോള കാര്യങ്ങളിൽ വിശ്വസനീയ ശബ്‌ദമായി നിലനില‍്ക്കാനുള്ള ഇന്ത്യയുടെ ശേഷി ഇതോടെ ചോദ്യംചെയ്യപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
*🟨"യുഎസ്– ഇസ്രയേൽ ബോംബാക്രമണം തീവ്രം*
തെഹ്‌റാൻ: അമേരിക്കന്‍–ഇസ്രയേൽ സഖ്യത്തിന്റെ കടന്നാക്രമണം ഓരാഴ്‌ച പിന്നിടുമ്പോഴും ധീരമായി ചെറുത്തുനിന്ന് ഇറാന്‍. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്‌ചയിൽ ഇറാനിലും ലെബനനിലും ജനവാസമേഖല ലക്ഷ്യമിട്ട് വന്യമായ ബോംബാക്രമണ പരമ്പരകളാണ് യുഎസ്സും ഇസ്രയേലും നടത്തിയത്. ബോംബുകൾ വകവയ്ക്കാതെ അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രാർഥനകൾക്ക് ശേഷം സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആത്മീയനേതാവ് ഖമനേയിയുടെ ചിത്രവുമായി നടന്നുനീങ്ങുന്ന ചിത്രങ്ങള്‍ ഏജന്‍സികള്‍ പുറത്തുവിട്ടു.
വെള്ളിയാഴ്‌ച ലെബനനില്‍ 123 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഷിറാസിൽ 20 പേർ കൂടി കൊല്ലപ്പെട്ടു. തെഹ്‌റാനിലെ നിലോഫർ സ്‌ക്വയറിലെ സ്‌കൂളും ഇസ്രയേൽ ആക്രമിച്ചു. ഖമനേയിയുടെ ഭൂഗർഭ അറ തകർത്തെന്നും അവകാശപ്പെട്ടു. ഇറാനിൽ മരണം 1332 ആയി. പരിക്കേറ്റവരുടെ എണ്ണം 2000 കടന്നു. 3000ലേറെ വീട് തകര്‍ന്നു. പശ്ചിമേഷ്യയിൽ 200 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ് പറഞ്ഞു.
ഇറാന്റെ വ്യോമസേനയെ പൂർണമായും ഇല്ലാതാക്കിയെന്നും ഭൂരിഭാഗം മിസൈൽ ലോഞ്ചറുകളും തകർത്തെന്നും യുഎസ് അവകാശപ്പെട്ടു. ഇനി ഇറാനുമായി ചര്‍ച്ചയ്‌ക്കില്ലെന്നും ഇറാൻ സമ്പൂർണമായി കീഴടങ്ങണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു."
*🟨"റഷ്യൻഎണ്ണ വാങ്ങാൻ അമേരിക്കൻ ഔദാര്യം യാചിച്ച് മോദിസര്‍ക്കാര്‍*
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹൊർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്‌തംഭിച്ചതോടെ റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ അനുവദിക്കണമെന്ന് അമേരിക്കയോട് യാചിച്ച് മോദി സർക്കാർ. ഇതോടെ 30 ദിവസത്തേക്ക് റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യക്ക് അമേരിക്ക അനുമതി നൽകി. ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്ക വിലക്കിയിരിക്കുകയാണ്. ഇതോടെ മോദി സർക്കാർ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് നിർത്തിയെങ്കിലും പശ്ചിമേഷ്യൻ സംഘർഷം പ്രതിസന്ധിയായി.
ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നൽകിയ വിവരം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് അറിയിച്ചത്. ഇൗ താൽക്കാലിക നടപടി റഷ്യക്ക് വലിയ സാമ്പത്തികനേട്ടമുണ്ടാക്കില്ല. നിലവിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന എണ്ണയുടെ വിപണനത്തിന് മാത്രമാണ് അനുമതി. വരുംദിവസങ്ങളിൽ അമേരിക്കൻ ക്രൂഡോയിൽ ഇന്ത്യ കൂടുതൽ വാങ്ങുമെന്നുറപ്പുണ്ട് –ബെസന്റ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ റഷ്യൻ എണ്ണ വാങ്ങാൻ പ്രത്യേക അനുമതി തേടി മോദി സർക്കാർ അമേരിക്കയെ സമീപിച്ചെന്ന് വ്യക്തമാക്കുന്നതാണ് ബസന്റിന്റെ പ്രസ്‌താവന. അന്തർദേശീയതലത്തിൽ ഇന്ത്യയെ നാണംകെടുത്തുന്ന പ്രസ്‌താവനയായിട്ടും കേന്ദ്രം മൗനം തുടരുകയാണ്. അമേരിക്കൻ അനുമതി ലഭിച്ചതോടെ റഷ്യൻ കപ്പലുകൾ ഇന്ത്യയിലെത്തി."
"രാജ്യത്തിന്റെ ഉൗർജ പരമാധികാരം പൂർണമായും അടിയറവച്ചതിനെ പ്രതിപക്ഷ പാർടികൾ നിശിതമായി വിമർശിച്ചു. വാണിജ്യരംഗത്ത് ചൈനയ്‌ക്ക് അനുവദിച്ച ഇളവ് ഇന്ത്യക്ക് നൽകില്ലെന്ന അമേരിക്കൻ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറിയുടെ പ്രസ്‌താവനയും മോദി സർക്കാർ എത്രമാത്രം യുഎസ് താൽപ്പര്യങ്ങൾക്ക് കീഴടങ്ങിയെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാർ പൂർണമായും അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിച്ചുള്ളതായിരിക്കുമെന്നും ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്‌റ്റഫർ ലാന്റോ പറഞ്ഞതിനോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല."
*🟨"ഇറാന് ശേഷം ക്യൂബ; ഭീഷണിയുമായി ട്രംപ്*
വാഷിങ്‌ടൺ: ഇറാനിലെ സൈനിക നടപടിക്ക് ശേഷം അമേരിക്കയുടെ ശ്രദ്ധ ക്യൂബയിലേക്ക് തിരിയുമെന്ന് ട്രംപിന്റെ ഭീഷണി. 2025ലെ മേജർ ലീഗ് സോക്കൾ ചാന്പ്യമാരായ ഇന്റർ മിയാമിക്ക് വെൈറ്റ് ഹൗസിൽ നൽകിയ സ്വീകരണത്തിലായിരുന്നു ട്രംപിന്റെ വിവാദ പ്രസ്‌താവന.
‘ക്യൂബയിൽ നടക്കുന്ന കാര്യങ്ങൾ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇറാനിലെ കാര്യങ്ങൾ പരിഹരിച്ച ശേഷം ഞങ്ങളുടെ ശ്രദ്ധ ക്യൂബയിലായിരിക്കും. കുറഞ്ഞ സമയത്തിൽ ക്യൂബയിൽ ഭരണമാറ്റം കൊണ്ടുവരും’–ട്രംപ് പറഞ്ഞു. ക്യൂബൻ വംശജരടങ്ങുന്ന സദസ്സിനോടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനുമേൽ ആക്രമണം നടത്തി ഒരാഴ്‌ച തികയുംമുൻപാണ് ട്രംപിന്റെ അടുത്ത ഭീഷണി.".
*🟨ആർഎസ്എസ് അജൻഡയ്‌ക്ക് കൂട്ടുനിൽക്കാത്തതിന് പകപോക്കൽ'*
മലപ്പുറം: ആർഎസ്‌എസിന്റെ വർഗീയ അജന്‍ഡയ്‌ക്ക് കൂട്ടുനിൽക്കാത്തതാവാം സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ പദവിയിൽനിന്ന് തന്നെ പുറത്താക്കാൻ കാരണമെന്ന് ഡോ. കെ കെ ഗീതാകുമാരി. ‘‘പട്ടികജാതിക്കാരിയായ ഞാൻ ആ സ്ഥാനത്തിരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. മൂന്നുമാസമായി എന്നെ മാറ്റാൻ അവസരം നോക്കിയിരിക്കുകയായിരുന്നു. ബിസിഎ വിദ്യാർഥിയെ അനധികൃതമായി വിജയിപ്പിച്ചെന്ന ആരോപണം കളവാണ്. ആരോടും പരാതി പറയാനില്ല. എന്നെപ്പോലെ ഒരാൾക്ക് അതിന് ശക്തിയില്ല’’–കലിക്കറ്റ് സർവകലാശാല സംസ്‌കൃതവിഭാഗത്തിൽ തിരികെ ചുമതലയേറ്റ അവർ പറഞ്ഞു.
വിസി ചുമതലയിൽനിന്ന് ഗീതാകുമാരിയെ നീക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വ്യാഴാഴ്‌ചയാണ് ഉത്തരവിറക്കിയത്.
ബിസിഎ വിദ്യാർഥിയെ പാസാക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് നടപടിക്ക് കാരണമെന്നത് കെട്ടുകഥയാണെന്ന് ഗീതാകുമാരി പറഞ്ഞു. ‘‘2001ലാണ് സനേഷ് എന്ന വിദ്യാർഥി ബിഎഫ്‌എയ്‌ക്ക് ചേർന്നത്. അന്ന് വിജയിക്കാൻ പാസ്‌മാർക്ക് മതിയായിരുന്നു. ആ ബാച്ചിലെ 14 പേരും സർട്ടിഫിക്കറ്റ് വാങ്ങി. സനേഷ് 2021ൽ എംഎഫ-്‌എ മ്യൂറൽ പെയിന്റിങ്ങിന് ചേർന്നു. ഒന്നാം റാങ്കോടെ വിജയിച്ചു."
"സർട്ടിഫിക്കറ്റ് അനുവദിക്കുന്പോഴാണ് ബിഎ-ഫ്‌എ വിഷയം ഉയർന്നത്. അപ്പോഴേക്കും നിയമം മാറി എല്ലാ വിഷയത്തിലും മിനിമം പാസ്‌മാർക്ക് വേണമെന്നായി. കോഴ്‌സ് പൂർത്തിയാക്കിയത് നിയമം വരുംമുൻപായതിനാൽ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് വിദഗ്‌ധ സമിതികൾ രണ്ടുതവണ ശുപാർശചെയ്‌തു. ഇത് സിൻഡിക്കറ്റും അക്കാദമിക് കൗൺസിലും അംഗീകരിച്ചു. സിൻഡിക്കറ്റിൽ ഗവർണർ നിയമിച്ച നാല് പ്രതിനിധികളും ഇതിനെ എതിർത്തില്ല. എന്നാൽ, പിന്നീട് ഇൗ വിഷയം തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു. ആർഎസ്‌എസാണ് അതിനുപിന്നിൽ. പല കാര്യങ്ങളിലും വഴങ്ങാത്തതാകാം കാരണം. ഞാൻ രാഷ്‌ട്രീയക്കാരിയല്ല. സർവകലാശാലാ പ്രൊഫസറാണ്. പട്ടികജാതിക്കാരിയാണെന്നത് അവർക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടാകില്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ കള്ളമാണ്’’–ഗീതാകുമാരി പറഞ്ഞു."
*🟨"യാതൊരു ചർച്ചയ്ക്കുമില്ല, നിരുപാധികം കീഴടങ്ങുക': ഇറാനെതിരെ അന്ത്യശാസനവുമായി ട്രംപ്*
വാഷിംഗ്ടൺ: ഇറാനുമായി യാതൊരുവിധ ചർച്ചകൾക്കോ ഉടമ്പടികൾക്കോ തയ്യാറല്ലെന്നും 'നിരുപാധികമായ കീഴടങ്ങൽ' മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇറാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി താൻ അംഗീകരിക്കുന്ന പുതിയ നേതൃത്വം വരികയാണെങ്കിൽ, തകർച്ചയുടെ വക്കിലെത്തിയ ആ രാജ്യത്തെ സാമ്പത്തികമായി പുനർനിർമ്മിക്കാൻ സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.
ഇറാൻ കീഴടങ്ങാൻ തയ്യാറായാൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ആ രാജ്യത്തെ എന്നത്തേക്കാളും വലുതും ശക്തവുമാക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ പ്രശസ്തമായ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' എന്ന മുദ്രാവാക്യത്തിന് സമാനമായി 'മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ' എന്ന പുതിയ ലക്ഷ്യവും അദ്ദേഹം പങ്കുവെച്ചു. എന്നാൽ പുതിയതും സ്വീകാര്യവുമായ നേതൃത്വം രാജ്യഭരണം ഏറ്റെടുത്താൽ മാത്രമേ ഈ സഹായങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളിലും ബെയ്‌റൂട്ടിലെ ഹിസ്ബുള്ള താവളങ്ങളിലും ഇസ്രായേൽ ശക്തമായ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമേലുള്ള അമേരിക്കൻ വ്യോമാക്രമണം വരും ദിവസങ്ങളിൽ അതിശക്തമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന വേളയിൽ ട്രംപ് ഇപ്പോൾ നടത്തിയ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്."
*🟨"50 യുദ്ധവിമാനങ്ങള്‍; ഇറാന്റെ ഹൃദയഭാഗത്ത് ഇസ്രയേൽ ആക്രമണം, ഖമനേയിയുടെ ഭൂഗർഭ ബങ്കർ തകർത്തു*
തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിക്കായി നിർമ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രയേൽ വ്യോമസേന. വെള്ളിയാഴ്ച പുലർച്ചെ നടന്ന മിന്നലാക്രമണത്തിൽ ഏകദേശം 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസും മൊസാദും നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. തെഹ്‌റാനിലെ ഭരണകൂട ആസ്ഥാനത്തിന് താഴെ നിർമ്മിച്ചിരുന്ന ബങ്കർ ഖമനേയിയുടെ അടിയന്തര സൈനിക നീക്കങ്ങൾക്കായുള്ള സുരക്ഷിത താവളമായിരുന്നു. ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഇത് പ്രവർത്തന കേന്ദ്രമാക്കിയിരുന്നു.
നഗരഹൃദയത്തിലെ തെരുവുകളോളം വ്യാപിച്ചുകിടക്കുന്ന ഈ ബൃഹത്തായ ബങ്കർ സമുച്ചയം വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഇറാൻ വികസിപ്പിച്ചെടുത്തത്. ബങ്കർ തകർന്നതോടെ ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം തകരാറിലായതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 86-ാം വയസ്സിൽ കൊല്ലപ്പെട്ട ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
"ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തു. അതേസമയം, സമുദ്രമേഖലയിലും കനത്ത പ്രത്യാക്രമണങ്ങൾ നടന്നു. ഇറാന്റെ അത്യാധുനിക ഡ്രോൺ വിമാനവാഹിനി കപ്പലായ ഐആർഐഎസ് ഷാഹിദ് ബാഘേരി യുഎസ് ആക്രമണത്തിൽ തകർന്നു. കൂടാതെ ശ്രീലങ്കൻ തീരത്ത് വച്ച് ഇറാന്റെ യുദ്ധക്കപ്പൽ യുഎസ് മുങ്ങിക്കപ്പൽ തകർക്കുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കയുടെ ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഇറാന്റെ ഭൂഗർഭ മിസൈൽ ലോഞ്ചറുകളിൽ ശക്തമായ ബോംബാക്രമണം നടത്തി. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ മാത്രം 1,230 പേർ ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്."
*🟨"സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ വീണ്ടും കത്ത്*
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ സില്‍വര്‍ലൈനിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) വീണ്ടും പുതുക്കി സമർപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ കത്ത്. റെയിൽവേ ബോർഡാണ് പദ്ധതിച്ചുമതലയുള്ള കെആർഡിസിഎല്ലിന് (കെ റെയിൽ) കത്തയച്ചത്. വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍വരുന്ന അഹമ്മദാബാദ് സര്‍ക്കേജ് -–ധുലേറ അര്‍ധ അതിവേഗ റെയില്‍പ്പാതയ്‌ക്കായി മാനദണ്ഡങ്ങള്‍ വികസിപ്പിക്കുകയാണ്.
ഇൗ പാത ബ്രോഡ്‌ഗേജിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ലൈനിന്റെ ഡിപിആര്‍ പുതുക്കാനാണ് ഫെബ്രുവരി 27ന് കെ- റെയിലിന് ലഭിച്ച നിര്‍ദേശം. ഇത് പ്രായോഗികമല്ല. റെയിൽവേയ്‌ക്കും കേരള സർക്കാരിനും പങ്കാളിത്തമുള്ള സംയുക്ത കന്പനിയാണ് കെ റെയിൽ.
സില്‍വര്‍ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. മറ്റ് ട്രെയിനുകള്‍ക്കും സഞ്ചരിക്കാന്‍ പറ്റുന്ന തരത്തില്‍ ബ്രോഡ്‌ഗേജില്‍ നിര്‍മിച്ചാല്‍ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്നും പ്രത്യേക പാതയായാണ് സിൽവർലൈൻ നിര്‍മിക്കുന്നത് എന്നും കെ- റെയില്‍ നേരത്തെതന്നെ റെയില്‍വേയെ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ സര്‍ക്കാജ്- ധുലേറ അര്‍ധ അതിവേഗ പാത നിര്‍മിക്കുന്നത് ബ്രോഡ്‌ഗേജിലാണ്. പാസഞ്ചര്‍ ട്രെയിനുകൾക്കും ചരക്കുട്രെയിനുകൾക്കും പോകാവുന്ന പാതയാണ് ലക്ഷ്യം. ഇൗ മാതൃകയില്‍ ബ്രേഡ്‌ഗേജിലേക്ക് മാറിയാല്‍ സില്‍വര്‍ലൈനിന് അനുമതി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തയ്യാറാണെന്നാണ് മനസ്സിലാകുന്നതെന്ന് വിദഗ്‌ധർ പറയുന്നു. മുന്പ് പദ്ധതിക്ക് തടസ്സമായി പറഞ്ഞിരുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളിൽനിന്ന് കേന്ദ്രം പിന്നോട്ട് പോകുകയും ചെയ്തു.
*🟨കോൺഗ്രസിന്റെ ഒതുക്കലിന് വഴങ്ങാതെ ജോസഫ് വിഭാഗം*
കോട്ടയം: സീറ്റുകൾ കുറച്ച് തങ്ങളെ ഒതുക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിൽ പ്രകോപിതരായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റിൽനിന്ന് നാലെണ്ണം പിടിച്ചെടുക്കാനുള്ള നീക്കമാണ് അവരെ പ്രകോപിപ്പിച്ചത്. തൃക്കരിപ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ജോസഫ് വിഭാഗം, ഏറ്റുമാനൂരിൽ ചുമരെഴുതി. തൃക്കരിപ്പൂരിൽ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് സ്ഥാനാർഥിയാകുമെന്ന് ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ഇവിടെ കോൺഗ്രസ് നേതാക്കളുടെ പേര് സ്ഥാനാർഥികളായി മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയാണെന്നും ശക്തമായി നേരിടുമെന്നും ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനായാണ് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ചുമരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് ജോസഫ് വിഭാഗം പ്രതികരിച്ചത്.
ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട്, തൃക്കരിപ്പൂർ സീറ്റുകൾ കിട്ടിയേ തീരൂ എന്നാണ് കോൺഗ്രസിന്റെ വാദം. ചിലപ്പോൾ ഇടുക്കിയും തൃക്കരിപ്പൂരും നൽകാൻ ജോസഫ് വിഭാഗം തയ്യാറായേക്കും. ഏറ്റുമാനൂർ വേണമെങ്കിൽ പകരം പൂഞ്ഞാർ നൽകണമെന്നാണ് ആവശ്യം. പൂഞ്ഞാർ നൽകാൻ കോൺഗ്രസ് തയ്യാറല്ല. സീറ്റ് ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ ജോസഫ് വിഭാഗം പ്രതിഷേധത്തിലാണ്. കോൺഗ്രസ് നേതൃത്വം വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് യോഗത്തിന് വിളിച്ചുവെങ്കിലും ജോസഫ് വിഭാഗം പോകാൻ കൂട്ടാക്കിയില്ല. സീറ്റുകൾ പിടിച്ചെടുക്കാൻ വിവിധ ഡിസിസികൾ നടത്തുന്ന അവകാശവാദത്തിൽ പ്രകോപിതരായ കേരള കോൺഗ്രസിന്റെ നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയിൽ സജീവമായിരുന്നില്ല."
*🟨"പശ്ചിമേഷ്യൻ സംഘർഷം: വിമാനം റദ്ദാക്കൽ തുടരുന്നു*
ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ– ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ – ഇന്ത്യൻ റൂട്ടിലെ വിമാനപ്രതിസന്ധി തുടരുന്നു. ഇന്ത്യൻ ഓപ്പറേറ്റർമാരുടെ 278 വിമാനങ്ങൾ വെള്ളിയാഴ്‌ചയും റദ്ദാക്കി. മാർച്ച് 31 വരെ തുർക്കിയയിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി ടിക്കറ്റുകൾ റദ്ദാക്കാമെന്ന് ഇൻഡിഗോ അറിയിച്ചു.
വെള്ളിയാഴ്‌ച റൂട്ടിൽ ആകെ 17 വിമാനമാണ് സർവീസ് നടത്തിയത്. കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാൻ യുഎഇയിൽ നിന്ന് സ്‌പൈസ്‌ജെറ്റ് സര്‍വ്വീസ് നടത്തും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ആകാസ എയർ കന്പനികളും റൂട്ടിൽ സർവീസ് നടത്തുന്നു."
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ