2026| മാർച്ച് 05 | വ്യാഴം |1201।കുംഭം21|
1447 | റമദാൻ15
◾വയനാട് ജില്ലയുടെ ഗതാഗത രംഗത്ത് നിർണായകമായ മാറ്റത്തിന് തുടക്കമിട്ട് 17.6 കോടി രൂപ വിനയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ഏറ്റവും വലിയ പാലം വള്ളിയൂർക്കാവ് പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 208 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം മാനന്തവാടി നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നു. പാലം യാഥാർഥ്യമായതോടെ കാവണകുന്ന്, ചെറുവയൽ, പൂളക്കൽ, കമ്മന, കുരിശിങ്കൽ, ആറാം മൈൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചാരം ഏറെ സുഗമമാകും.
സംസ്ഥാനത്തിന്റെ വികസന ദൗത്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്കാണ് സർക്കാർ മുൻഗണ നൽകുന്നതെന്നും ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനവും ദേശീയ പാത - 66 ന്റെ നവീകരണവും ലക്ഷ്യമാക്കി 5550 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചിരിക്കുന്നത്. 600 കിലോമീറ്റർ നീളമുള്ള ദേശീയപാത പദ്ധതിയിൽ ഭൂരിഭാഗം പ്രവർത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. മലയോര പ്രദേശങ്ങളുടെ വളർച്ചയെ മുൻനിർത്തി 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്റർ നീളമുള്ള പുരോഗമിക്കുകയാണെന്നും ഇത് കർഷകർക്കും വിനോദസഞ്ചാര മേഖലക്കും വലിയ പിന്തുണയാകുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ചവർഷത്തിനിടെ നൂറു പാലങ്ങൾ എന്നതായിരുന്നു 2021-ൽ സർക്കാർ ലക്ഷ്യമിട്ടത് , നിലവിൽ 150 പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി.
സംസ്ഥാനം നേരിട്ട മഹാ ദുരന്തങ്ങളെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞ പത്തു വർഷങ്ങളായി സർക്കാർ കാര്യക്ഷമമായി ഇടപെട്ടുവെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വള്ളിയൂർക്കാവ് പാലം ഉദ്ഘാടന വേദിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. പാലം യാഥാർഥ്യമായതോടെ പഴയ പാലം നിലനിന്നിരുന്ന സ്ഥലം ദേവസ്വത്തിന് തിരികെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
പത്മശ്രീ ചെറുവയൽ രാമൻ, മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ,ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര, മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷീജ ഫ്രാൻസിസ്, എടവക ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി വർക്കി, വള്ളിയൂർക്കാവ് പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി, താബോർ ചർച്ച് വികാരി മോൻസി ജേക്കബ്, കോഴിക്കോട് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി. എസ് അജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ പൊതുജനങ്ങൾ പങ്കെടുത്തു.
◾ഡോക്ടർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലിയുമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സമരം പിൻവലിച്ചത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയെന്നും കെജിഎംസിടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ചത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിർത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 17 ദിവസമായി സമരത്തിലായിരുന്നു ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഒരാഴ്ചയ്ക്കകം ഉറപ്പു നൽകിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു
◾ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് തത്കാലം പ്രതിസന്ധി ഉണ്ടാകില്ല. റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി.
തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി റഷ്യയെ ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും എത്തുന്നത്. ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. ഇറാഖ്, സൗദി അറേബ്യ,യു.എ.ഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് ഹോർമുസ് കടലിടുക്ക് അടച്ചതോടെ നിലച്ചത്. ഈ സാഹചര്യത്തിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം
ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഖത്തറിൽ പ്രകൃതി വാതകത്തിന്റെ ഉത്പാദനവും വിതരണവും സ്തംഭിച്ചതോടെ ഗ്യാസ് വിതരണത്തിലും റഷ്യയുടെ സഹായം തേടും. വരുന്ന ആഴ്ചകളിഷ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന് താത്കാലിക ആശ്വാസം ലഭിക്കുമെന്നാണ് വിവരം. ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിൽ നിന്നുള്ള എണ്ണ അടുത്ത ആഴ്ചകളിൽ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. യുദ്ധ സാഹചര്യങ്ങൾ കാരണം ഇന്ധന വിതരണത്തിൽ തടസമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
◾1000 ദിർഹത്തിന് 25,000 രൂപയിലേറെ മൂല്യം
യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ച നേരിട്ടതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ അനുകൂലമായ അവസരമൊരുങ്ങുന്നു. ചരിത്രത്തിലാദ്യമായി ഒരു ദിർഹത്തിന് 25 രൂപ എന്ന നിർണായക പരിധി പിന്നിട്ട രൂപയുടെ മൂല്യം ബുധനാഴ്ച രാവിലെ 25.05 വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം 24.85 രൂപയിലായിരുന്ന വിനിമയ നിരക്കാണ് ഒറ്റയടിക്ക് വർധിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഡോളറിനെതിരെ രൂപ ദുർബലമാകുന്നതുമാണ് പ്രവാസികൾക്ക് നേട്ടമായ ഈ മാറ്റത്തിന് പിന്നിൽ
എണ്ണവില ബാരലിന് 82 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്. ഇതോടെ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിലെ നിരക്ക് അനുസരിച്ച് 1000 ദിർഹം നാട്ടിലേക്ക് അയക്കുമ്പോൾ 25,040 രൂപയോളം ലഭിക്കും.
ഫെബ്രുവരി ആദ്യവാരത്തിൽ ഇത് 24,500 രൂപയ്ക്ക് അടുത്തായിരുന്നു. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അയക്കുന്ന പണത്തിന് വലിയ മൂല്യവർധനവ് ഉണ്ടായതോടെ റമസാൻ-പെരുന്നാൾ ചെലവുകൾക്കും മറ്റുമായി പണം അയക്കാൻ കാത്തിരുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്.
രൂപയുടെ മൂല്യം ഇനിയും താഴാൻ സാധ്യതയുള്ളതിനാൽ കൈവശമുള്ള തുക പൂർണമായും ഇപ്പോൾ അയക്കാതെ ഒരു ഭാഗം മാത്രം അയച്ച് ബാക്കി തുക നിരക്കിലെ മാറ്റങ്ങൾക്കായി മാറ്റിവെക്കുന്ന രീതിയും പല പ്രവാസികളും സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആഗോള വിപണിയിലെ എണ്ണവിലയും രാഷ്ട്രീയ സാഹചര്യങ്ങളും രൂപയുടെ ചലനങ്ങളെ സ്വാധീനിക്കും.
◾മാനന്തവാടി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ
യുദ്ധവിരുദ്ധറാലിനടത്തി
മാനന്തവാടിനഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വഴി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽസമാപിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർത്തിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു റാലി. ഗാന്ധി പാർക്കിൽ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം ഷിനോജ് ചൊല്ലിക്കൊടുത്തു.
നഗരസഭ ചെയർപേഴ്സൻ ജേക്കബ്ബ് സെബാസ്റ്റിൻ 'വൈസ് ചെയർപേഴ്സൻ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, പി വി എസ് മൂസ, ഷീജ, ഫ്രാൻസീസ്, വ്യാപാരി വ്യവസായിയുണിറ്റ് പ്രസിഡൻ്റ് കെ ഉസ്മാൻ, സെക്രട്ടറി പി വി .മഹേഷ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എ എം നിഷാന്ത്, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അസിസ് വാളാട് , അഡ്വ. റഷീദ് പടയൻ,പ്രസ് ക്ലബ്ബ് ഭാരവാഹികളായ അരുൺ വിൻസെൻ്റ്. ജസ്റ്റിൻ ചെഞ്ചട്ടയിൽ, അബ്ദുൾ ലത്തിഫ്പടയൻ, കെ. സജീവൻ,അബ്ദുള്ള പള്ളിയാൽ , ഷമിർ എ, വി ഒ വിജയകുമാർ, കെ എസ് സജയൻ എന്നിവർ നേതൃത്വം നൽകി
◾ലൈംഗികാതിക്രമം: കർണാടക സ്വദേശി പിടിയിൽ
തിരുനെല്ലി: പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കര്‍ണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2022 നവംബര്‍ മാസത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കര്‍ണാടകയിലേക്ക് കൂട്ടി കൊണ്ടുപോയി പല തവണകളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന പി.എല്‍ ഷൈജു കേസില്‍ ആദ്യന്വേഷണം നടത്തുകയും പിന്നീട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ജി ജോഷി അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
◾ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ അനായാസമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ അനായാസമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 33 പന്തില്‍ 100 റണ്‍സ് അടിച്ച ഫിന്‍ അല്ലെന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം നേടി കൊടുത്തത്. എട്ടു സിക്‌സിന്റെ അകമ്പടിയോടെയാണ് അല്ലെന്റെ വെടിക്കെട്ട് പ്രകടനം. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്സ്.
ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്
*ശുഭദിനം*
*കവിത കണ്ണൻ*
അയാള്‍ പ്രശസ്തനായ ചിത്രകാരനാണ്. നഗ്നചിത്രങ്ങളും അയാളുടെ രചനയുടെ ഭാഗമായി മാറാറുണ്ട്. തന്റെ ചെറിയ മകള്‍ അത് കാണരുതെന്ന് കരുതി അയാള്‍ മുറി അടിച്ചിട്ടാണ് നഗ്നചിത്രങ്ങള്‍ വരയ്ക്കാറ്. ഒരിക്കല്‍ ഇത്തരം ചിത്രം വരക്കുമ്പോള്‍ മുറി അടച്ചിടാന്‍ അദ്ദേഹം മറന്നുപോയി. മകള്‍ മുറിയിലേക്ക് കടന്നുവന്നു. ഏകദേശം പൂര്‍ത്തായകാറായ ചിത്രം കുറച്ച് നേരം നോക്കി നിന്നതിന് ശേഷം അവള്‍ ചോദിച്ചു: ഇത് ശരിയല്ല. ഞാന്‍ പുറത്തിറങ്ങിയാല്‍ എപ്പോഴും ഷൂധരിക്കണമെന്ന് പറയുന്ന അച്ഛന്‍ ഇവളെ എന്താണ് ഷൂ ധരിപ്പിക്കാത്തത്. നമ്മള്‍ നോക്കുന്നതേ കാണൂ.. കാണുന്നതേ നോക്കൂ.. എല്ലാവരുടേയും കാഴ്ചയും കാഴ്ചപ്പാടും ഒരുപോലെയല്ല. ഒരാള്‍ എന്ത്കാണുന്നത് എന്നതിന് അയാളുടെ ആഗ്രഹങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടായിരിക്കും. തനിക്കൊരു ഇഷ്ടവുമില്ലാത്ത കാര്യം ആരുടേയും കണ്ണില്‍ പെടില്ല. കണ്ടാല്‍ തന്നെ ശ്രദ്ധിക്കില്ല. കളളന്റെ നോട്ടം പൂട്ടിലേക്കും, തുന്നല്‍ക്കാരന്റെ നോട്ടം മററുളളവരുടെ വസ്ത്രങ്ങളിലേക്കും ആകുന്നത് ഒരേ കാരണം കൊണ്ടാണ്. ആഗ്രഹങ്ങളെ ക്രമീകരിക്കുക എന്നതാണ് നമ്മുടെ ചുവടുകള്‍ കാര്യക്ഷമമാക്കാനുളള മാര്‍ഗ്ഗം. കാണേണ്ടവയെ മാത്രം കാണാനും കാണരുതാത്തവയെ അവഗണിക്കാനും ശീലിച്ചാല്‍ ജീവിതം സമാധാനപൂര്‍ണ്ണമായി തീരും. - ശുഭദിനം
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ