മസ്കത്ത്: ഒമാനില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാർ ഒഴുക്കില്‍പ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി.
തൃത്താല സ്വദേശികളാണ് മരിച്ചത്. രണ്ടു കുടുംബങ്ങള്‍ ഒന്നിച്ച് യാത്ര പോയതായിരുന്നു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യ ഷംല ലുബിഷാദ്, തൃത്താല സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്. യൂസഫിന്റെ ഉമ്മ റംലയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ഇൻകാസ് നേതാവായ ലുബിഷാദ്, സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങള്‍ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഒന്നിച്ച് ഒരു കാറില്‍ യാത്ര പോയതായിരുന്നു. ലുബിഷാദ്, മരിച്ച യൂസഫിന്റെ ഭാര്യ, നാലു കുട്ടികള്‍ എന്നിവർ രക്ഷപ്പെട്ടു. ഒമാൻ മസ്ക്കറ്റ് ബർക്കയിലെ വാദിയിലാണ് വാഹനം ഒഴുക്കില്‍പ്പെട്ടത്.
ഒമാനില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂറിനകം ശക്തമാകുമെന്നായിരുന്നു മുന്നറിയിപ്പ്. വിവിധ ഇടങ്ങളില്‍ മഴ തുടങ്ങിയതിനെ തുടര്‍ന്ന് അമറാത്ത്-ബൗഷർ റോഡ് താല്‍ക്കാലികമായി അടച്ചു. വാഹനയാത്രക്കാർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. വടക്കൻ, തെക്കൻ അല്‍ ബാതിന ഗവർണറേറ്റുകളിലും മസ്കറ്റിന്റെ ചില ഭാഗങ്ങളിലും ശക്തമായ ഇടിമിന്നല്‍ മഴ മേഘങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാദികള്‍ക്ക് അരികിലേക്ക് പോകുന്നതിനും വാഹനമോടിക്കുന്നതിനും ജാഗ്രത വേണമെന്ന് നിർദേശമുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ