നിലമേലില്‍ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. നിലമേല്‍ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള ഹോട്ടലില്‍നിന്ന് ഇവരടങ്ങുന്ന കുടുംബം ഭക്ഷണം കഴിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി 9:30ഓടെ ആണ് വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്ന് ആറംഗ കുടുംബം ഭക്ഷണം കഴിച്ചത്. നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതിനിടെയാണ് രണ്ടുപേർക്ക് ജീവൻ നഷ്ടമായത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റൊരാളുടേത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്ന് പോലീസ് വിഴിഞ്ഞത്തെ ഹോട്ടല്‍ പൂട്ടിച്ചു. ഇത് ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുന്ന ഹോട്ടലാണ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലില്‍ പരിശോധന നടത്തും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ