ദില്ലി മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആർഎസ് നേതാവ് കെ കവിതയെയും കുറ്റവിമുക്തരാക്കി. കെജ്‌രിവാൾ അടക്കം കേസിലെ 23 പ്രതികളെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.
അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. കുറ്റപത്രത്തിൽ പാളിച്ചയുണ്ട്. വലിയ കുറ്റപത്രം നൽകിയതുകൊണ്ട് കാര്യമില്ല. കുറ്റപത്രത്തിലെ ആക്ഷേപം സാധൂകരിക്കാൻ തക്ക സാക്ഷിമൊഴികളില്ല. അരവിന്ദ് കെജ്രിവാളിനെ പ്രതിചേർക്കാൻ തെളിവുമില്ലെന്നും കോടതി പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്‌രിവാൾ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ അദ്ദേഹം സത്യം ജയിച്ചുവെന്നും തനിക്കൊപ്പം ദൈവമുണ്ടെന്നും പറഞ്ഞു.
കേസിൽ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് റൗസ് അവന്യൂ കോടതി ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയതില്‍ അന്വേഷണം നടക്കും. കുല്‍ദീപ് സിംഗിനെയാണ് മദ്യനയ അഴിമതിക്കേസില്‍ സിബിഐ ഒന്നാം പ്രതിയാക്കിയത്.
കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ 2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സർക്കാർ മദ്യവിൽപനയിൽ നിന്നും പൂർണമായും പിന്മാറുകയും, ഇത് മറ്റു കമ്പനികൾക്ക് നൽകുകയും ചെയ്തു. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്ലെറ്റുകൾക്ക് ടെൻഡർ വിളിച്ചാണ് അനുമതി നൽകിയത്. സ്വകാര്യ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന തുടങ്ങിയതോടെ, മദ്യത്തിന്റെ ഗുണനിലവാരത്തിൽ വ്യാപക പരാതി ഉയർന്നു. മദ്യ നയം നടപ്പാക്കിയ രീതിയിൽ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. പുതിയ എക്‌സൈസ് നയത്തിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഡൽഹി ചീഫ് സെക്രട്ടറി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് റിപ്പോർട്ട് നൽകി.
ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടി രൂപയുടെ ഇളവ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെയാണ് പുതിയ നയം നടപ്പാക്കിയതെന്നും 2022 ജൂലൈ എട്ടിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2022 ജൂലായ് 22 ന് ചട്ടലംഘനങ്ങൾക്കും നടപടിക്രമങ്ങളിലെ പിഴവുകൾക്കുമെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവർണർ ശുപാർശ ചെയ്തു. വിവാദമായതോടെ 2022 ജൂലായ് 30ഓടെ പുതിയ മദ്യനയത്തിൽ നിന്നും ഡൽഹി സർക്കാർ പിൻവാങ്ങി.
പുതിയ നയത്തിൽ തീരുമാനമാകുന്നതു വരെ, ആറുമാസത്തേക്ക് പഴയ നയം പുനഃസ്ഥാപിക്കാൻ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്‌സൈസ് വകുപ്പിന് നിർദേശം നൽകി. 2022 ഓഗസ്റ്റ് 17 ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി സിസോദിയക്കും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് 19 ന് സിസോദിയയുടെയും ആം ആദ്മി പാർട്ടിയിലെ മറ്റ് മൂന്ന് അംഗങ്ങളുടെയും വസതിയിൽ സിബിഐ റെയ്ഡ് നടത്തി. 2022 ഓഗസ്റ്റ് 22 ന് സിബിഐയിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞു. തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ