2026| ഫെബ്രുവരി 28 | ശനി |1201।കുംഭം16|
1447 | റമദാൻ10
◾ഡൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ബിജെപി 10 സീറ്റിലധികം നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും റൗസ് അവന്യൂ കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്.
സിബിഐയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. കെജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. വലിയ തോതിലുള്ള അഴിമതിയും ക്രിമിനൽ ഗൂഢാലോചനയും നടന്നെന്ന സിബിഐയുടെ വാദങ്ങൾ കോടതി തള്ളി. കെ കവിത ഉൾപ്പെടെ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. വിചാരണ തുടങ്ങാൻ പോലും ആവശ്യമായ പ്രാഥമിക തെളിവുകൾ കേസിലില്ലെന്ന് 600 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.
കെജ്‌രിവാളിന്റെ വെല്ലുവിളി
കോടതി വിധിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച കെജ്‌രിവാൾ, ഈ കേസ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ചു. "നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ അധികാരമോഹത്തിനായി ഡൽഹിയെ നശിപ്പിച്ചു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾ 10 സീറ്റിലധികം നേടിയാൽ ഞാൻ രാഷ്ട്രീയം നിർത്തും. ഡൽഹിയിലെ മൂന്ന് കോടി ജനങ്ങൾ നിങ്ങളെ വെറുത്തിരിക്കുകയാണ്." - അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
◾സംസ്ഥാനത്തെ വൈദ്യുതി നിരക്ക് മാർച്ച് ഒന്നുമുതൽ കുറയും. പ്രതിമാസ ബില്ലിങ് ഉള്ളവർക്ക് മാർച്ചിലെ ബില്ലിൽ യൂണിറ്റിന് രണ്ട് പൈസയും രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും കുറയും. ഇന്ധന സർചാർജായി കണക്കാക്കുന്ന തുകയിലാണ് കുറവ് വരുത്തുക. ജനുവരിയിലെ ഇന്ധന സർചാർജ് കണക്കാക്കപ്പെട്ടപ്പോൾ, താപ വൈദ്യുത നിലയങ്ങളിൽനിന്നുള്ള, റെഗുലേറ്ററി കമീഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽ ചെലവ് കുറഞ്ഞതാണ് നിരക്ക് കുറയാൻ കാരണം."
◾ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ വീടുകളും മസ്‌ജിദുകളും തുറന്ന് നൽകണമെന്നും ആഹ്വാനം ചെയ്യുന്ന പാളയം ഇമാമിന്റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇമാമിന്റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളുമടക്കം ഷെയർ ചെയ്‌ത് ഇതാണ് റിയൽ കേരള സ്റ്റോറിയെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്.
'ആറ്റുകാൽ പൊങ്കാല വരുകയാണ്... നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നത് പോലെ പലനാട്ടിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തർ തിരുവനന്തപുരത്തു ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്‌ജിദുകളും വീടുകളും അവർക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക .. നോമ്പ് (റമദാൻ) ആയത് കൊണ്ട് പകൽ സമയം നിങ്ങളുടെ വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം.
◾ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിൽ ആറു സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ മൂന്നു പേർ അറസ്റ്റിൽ. കോട്ടയം സ്വദേശിയായ മുതിർന്ന പൗരനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 1.86 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പാലക്കാട്, ഗോവ, ബംഗളൂരു, നാഗ്പുർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. തട്ടിപ്പുസംഘത്തിനായി വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച വ്യക്തിയെ ഗോവയിലെ ഹോട്ടലിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ക്രിപ്റ്റോ കറൻസി ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. തട്ടിപ്പുകാർക്കുവേണ്ടി കടലാസ് സ്ഥാപനം നടത്തിയ വ്യക്തിയെ നാഗ്പുരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഡെബിറ്റ് കാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽനിന്ന് കണ്ടെടുത്തു.
◾കൊല്‍ക്കത്തയിലും നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളില്‍നിന്ന് താമസക്കാരും ഓഫിസുകളില്‍നിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. അതേസമയം, ഭൂചലനത്തിന്റെ തീവ്രതയോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല. നഗരത്തിലെ പല ഓഫിസ് കെട്ടിടങ്ങളിലും ഫര്‍ണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭൂമികുലുക്കം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തരായെന്നും ഓഫിസ് കെട്ടിടങ്ങളില്‍നിന്നും മറ്റും ആളുകളെ ഉടന്‍തന്നെ ഒഴിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
◾*ശുഭദിനം*
*കവിത കണ്ണൻ*
ജനങ്ങള്‍ അവരുടെ ജോലി സന്തോഷത്തോടെയാണോ ചെയ്യുന്നത് എന്നറിയാന്‍ രാജാവിന് ഒരു ആഗ്രഹം തോന്നി. അദ്ദേഹം വേഷപ്രച്ഛന്നനായി ഇറങ്ങി. ആദ്യം കണ്ട മരംവെട്ടുകാരനോട് ചോദിച്ചു: ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? അയാള്‍ പറഞ്ഞു: ഒട്ടുമില്ല. പാരമ്പര്യമായി കിട്ടിയതുകൊണ്ട് ചെയ്യുന്നു. അലക്കുകാരനോട് രാജാവ് ചോദ്യം ആവര്‍ത്തിച്ചു. പഠിക്കാന്‍ വിട്ട സമയത്ത് പഠിച്ചില്ല. ഇപ്പോള്‍ ഈ ഗതിയിലായി. ജീവിക്കണ്ടേ, അതിനാല്‍ ഇത് ചെയ്യുന്നു. കൃഷിക്കാരോടും കച്ചവട്ക്കാരോടുമെല്ലാം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉത്തരങ്ങളും ഇത്തരത്തിലുളളതൊക്കെയായിരുന്നു. തിരികെ കൊട്ടാരത്തിലേക്ക് പോകും വഴി ഒരു ചെറിയ കുടിലില്‍ വിളക്കിന് മുന്നിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഒരു വൃദ്ധനെ രാജാവ് കണ്ടു. അയാളോടും രാജാവ് ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ പറഞ്ഞു: ഇതാണ് എന്റെ ജീവിതം, എനിക്കത്രയ്ക്ക് ഇഷ്ടമാണിത്. അവിടെയൊരു സ്‌കൂള്‍ നിര്‍മ്മിക്കാന്‍ രാജാവ് ഉത്തരവിട്ടു.. തലച്ചോറുകൊണ്ടും ഹൃദയം കൊണ്ടും നമുക്ക് ജോലി ചെയ്യാം. ആദ്യ കൂട്ടര്‍ക്ക് ജോലി ആഹാരവും അതിജീവനവുമാണ്. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിതലക്ഷ്യം പൂര്‍ത്തീകരിച്ച് അവര്‍ മുന്നോട്ട് പോകും. കര്‍മ്മ പൂര്‍ത്തീകരണമാണ് രണ്ടാമത്തെ കൂട്ടരുടെ ലക്ഷ്യം. ഓരോ പ്രവൃത്തിയും തീരുമ്പോഴുളള ആത്മസംതൃപ്തിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുളള അവരുടെ ഊര്‍ജ്ജം. എന്ത് ചെയ്യുമ്പോഴും അതില്‍ ആനന്ദം കണ്ടെത്തുക ചെറിയ കാര്യമല്ല.. ഈ ആനന്ദമാണ് നമുക്ക് ആത്മസംതൃപ്തിയും നല്‍കുക. -
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ