പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ..

2026| ഫെബ്രുവരി 27 | വെള്ളി |1201।കുംഭം15| 
1447 | റമദാൻ9

◾ചെന്നൈയില്‍ രാജകീയമായി ഇന്ത്യ; സിംബാബ്‌വേയെ തകര്‍ത്തത് 72 റണ്ണിന്*
ചെന്നൈ: അസ്സല്‌ വെടിക്കെട്ട്‌. മാലപ്പടക്കത്തിന്‌ തിരികൊളുത്തിയപോലെ ഫോറും സിക്‌സറും. ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തെ ത്രസിപ്പിച്ചു ഇന്ത്യ. കൂറ്റൻ ജയവുമായി ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ സെമി സാധ്യത സജീവമാക്കി. സൂപ്പർ എട്ടിൽ ജയം അനിവാര്യമായ കളിയിൽ സിംബാബ്‌വേയെ 72 റണ്ണിന്‌ തകർത്തു. ഞായറാഴ്‌ച വെസ്‌റ്റിൻഡീസിനെ തോൽപിച്ചാൽ കുതിക്കാം. സ്‌കോർ: ഇന്ത്യ 256/6, സിംബാബ്‌വേ 184/6.

◾യൂ ട്യൂബിലൂടെ അതിജീവിതമാരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയതിന് ബിജെപി നേതാവും മുൻ ഡിജിപിയുമായിരുന്ന ആർ ശ്രീലേഖയ്ക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ഭാരതീയ ന്യായ സംഹിത (ബിഎൻസ്) വകുപ്പ് 72, പോക്സോ ആക്ട് 23, 23 (2), 23(4) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പൗരാവകാശ പ്രവർത്തകനായ ആർ ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതും അവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. സസ്നേഹം ശ്രീലേഖ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് വെളിപ്പെടുത്തുന്നുണ്ട്.

മറ്റൊരു വീഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നു. 

◾പട്ടയം അനുവദിക്കുന്നതിൽ നിലനിന്നിരുന്ന കോടതി വിലക്ക് നീങ്ങി, ഇടുക്കി ജില്ലയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം പുനരാരംഭിച്ചു*

*ഇടുക്കി:* ഇടുക്കി ജില്ലയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം വീണ്ടും ആരംഭിച്ചു. 1964 ലെ ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിൽ നിലനിന്നിരുന്ന കോടതി വിലക്ക് നീങ്ങിയതോടെ ചെറുതോണിയിൽ സംഘടിപ്പിച്ച പട്ടയവിതരണ ചടങ്ങിൽ 2077 കുടുംബങ്ങൾക്ക് പട്ടയങ്ങൾ കൈമാറി.

◾വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല.

◾എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ പുരസ്ക‌ാരം നൽകാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്ന് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് ഹരജി നൽകിയത്.പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് ഹരജിക്കാരുടെ വാദം. മാരാരിക്കുളം പൊലിസ് രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണാ കേസ്, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകൾ, എസ്.എൻ ട്രസ്റ്റ് കോളേജുകളിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

◾മിൽമ പാലിന് ലീറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്‍റെ അനുമതി തേടി മിൽമ. സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും. പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. 

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാൽവില ഉയർത്തുന്നത് ജനരോഷത്തിനിടയാക്കും എന്നതാണ് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ചിഞ്ചുറാണിയോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ക്ഷീര കർഷകരെ സഹായിക്കാനെന്ന കാരണവുമായി വില കൂട്ടാനുള്ള മിൽമയുടെ നീക്കം.

◾സഊദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്ലമിയ എന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്ച‌ പുലർച്ചെ അഞ്ച് മണിയോടെ പുറപ്പെട്ട മലയാളി ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ബസിന് ബ്രേക്ക് തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഇതിന് ശേഷം യാത്ര തുടരുന്നതിനിടെ മഹ്ലമിയയിൽ വെച്ച് ബസിന്റെ്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.

ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡർ ഭേദിച്ച് എതിർദിശയിലുള്ള പാതയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിൻ്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.തകർന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തെത്തിയത്.

◾*ബീഹാറില്‍ നിന്നെത്തിയ 21 കുട്ടികളെ ജന്മനാട്ടില്‍ തിരിച്ചെത്തിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി*

 കോഴിക്കോട്: ബീഹാറില്‍ നിന്ന് കേരളത്തില്‍ എത്തിയ കുട്ടികളെ സ്വന്തം നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് കോഴിക്കോട് ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. മതിയായ രേഖകളില്ലാതെ ബീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയില്‍ നിന്ന് കേരളത്തിലെത്തിയ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 21 ആണ്‍ കുട്ടികളെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സമയോചിതമായ ഇടപെടലിലൂടെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കാനായത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വിവേക് എക്സ്പ്രസില്‍ ബീഹാര്‍ സ്വദേശികളായ രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടികള്‍ എത്തിയത്. ഇവരുടെ കൈവശം കുട്ടികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. കുട്ടികളെ കോഴിക്കോട്ടുള്ള ഒരു സ്ഥാപനത്തിലേക്ക് കൊണ്ടു വരികയാണെന്ന വിവരം ഇവരില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയം കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിഗണനയിലേക്ക് അയച്ചത്. തുടര്‍ന്ന് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ്ങും ആവശ്യമായ മറ്റു സേവനങ്ങളും നല്‍കി. സിഡബ്ലിസിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബീഹാറിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ടു. കിഷന്‍ഗഞ്ച് ജില്ലയുടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ കുട്ടികളുടെ വീടുകളില്‍ അന്വേഷണം നടത്തി സാമൂഹ്യ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ബീഹാറില്‍ നിന്ന് കുട്ടികളുടെ ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തി. ഇവര്‍ ഹാജരാക്കിയ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം തിരികെ നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഷിജി എ റഹ്‌മാന്‍ ചെയര്‍പേഴ്സണായും അഷ്‌റഫ് കാവില്‍, ഡോ. നൂര്‍ജഹാന്‍, കെ ബി സ്മിത, വി ബി അഖില്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് കുട്ടികളെ സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

*ശുഭദിനം*
*കവിത കണ്ണൻ*
താങ്കള്‍ക്ക് വായ്‌നാറ്റമുണ്ടെന്ന് സിംഹത്തിന്റെ ഭാര്യ സിംഹത്തോട് പറഞ്ഞു. ഇത് കേട്ട് സിംഹത്തിന് ദേഷ്യം വന്നു.  എന്നാലും അതൊന്ന് പരിശോധിക്കാന്‍ സിംഹം തീരുമാനിച്ചു.  എതിരെ വന്ന ആടിനോട് തനിക്ക് വായ്‌നാറ്റമുണ്ടോ എന്ന്  ചോദിച്ചു. ആട് സത്യം പറഞ്ഞു. ഒറ്റയടിക്ക് ആടിനെ സിംഹം കൊന്നു.  പിന്നീടുകണ്ട ചെന്നായയോടും സിംഹം ചോദ്യം ആവര്‍ത്തിച്ചു.  ആടിന്റെ അവസ്ഥകണ്ട ചെന്നായ പറഞ്ഞു. അങ്ങയുടെ ശ്വാസത്തിന് പൂക്കളുടെ സുഗന്ധമാണ്.  ചെന്നായ നുണപറയുകയാണെന്ന് മനസ്സിലാക്കിയ സിംഹം അതിനെയും കൊന്നു. അടുത്ത ഊഴം കുറുക്കന്റേതായിരുന്നു.  ആടിന്റെയും ചെന്നായയുടേയും കഥമനസ്സിലാക്കിയ കുറുക്കന്‍ പറഞ്ഞു.  എനിക്ക് മൂക്കടപ്പാണ് ഗന്ധമറിയില്ല.  ഇത് കേട്ട് സിംഹം കുറുക്കനെ വെറുതെവിട്ടു.   പ്രജകളും അടിമകളും സത്യം പറയില്ല.  രാജാവ് നഗ്നനാണെന്ന് പറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടും ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നുള്ളതുകൊണ്ടും അവര്‍ അബദ്ധം കാണിക്കില്ല.  തന്നിലും തന്റെ ചെയ്തികളിലും പ്രശ്‌നമുണ്ടോ എന്നത് വെളിപ്പെടുത്താന്‍ സമസ്ഥാനീയര്‍ക്കോ, സമപ്രായക്കാര്‍ക്കോ മാത്രമേ പറയാന്‍ ചങ്കൂറ്റമുണ്ടാകൂ.  മറ്റുളളവരെല്ലാം ഞാനെന്തുപറയാന്‍ എന്ന ഭാവത്തില്‍ ഒളിച്ചോടും.  മുഖത്ത് നോക്കി കാര്യങ്ങള്‍ പറയുന്നവരെ ആദരവോടെ കൂടി വേണം കാണാന്‍. തങ്ങള്‍ക്ക് എന്തുസംഭവിക്കുമെന്നതിനെകുറിച്ച് അവര്‍ക്ക് ആകുലതയുണ്ടാകില്ല. സത്യങ്ങള്‍ അപ്രിയമാണെങ്കിലും അവ തിരുത്തിയാല്‍ അത് എല്ലാവര്‍ക്കും പ്രയോജനപ്രദമാകും എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.  സത്യത്തെ പേടിക്കാതിരിക്കാം, തിരുത്തേണ്ടിടത്ത് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകാം - ശുഭദിനം