ദക്ഷിണ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 51 വിദ്യാർഥികള്‍ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
മിനാബ് നഗരത്തിലെ സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലിലെ ഒമ്പത് നിലകളുള്ള കെട്ടിട സമുച്ചയത്തിന് കേട് പാടുകള്‍ സംഭവിച്ചു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 50 വയസുകാരന് പരിക്കേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായി ഇസ്രയേലിലെ എമർജൻസി സർവീസ് അറിയിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ ഇസ്രായേല്‍-അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വൻതോതിലുള്ള മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പ്രഖ്യാപിച്ചു.
ശത്രുവിനെ പരാജയപ്പെടുത്തുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഐആർജിസി വ്യക്തമാക്കി. മേഖലയിലെ അമേരിക്കയുടേതായ എല്ലാം ഞങ്ങളുടെ സ്വാഭാവിക ലക്ഷ്യങ്ങളാണെന്നും ഐആർജിസ് അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പല വിമാനക്കമ്പനികളും സർവീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് എയർവേയ്‌സ് മാർച്ച് മൂന്ന് വരെ തെല്‍ അവിവിലേക്കും ബഹൈനിലേക്കുമുള്ള തങ്ങളുടെ സർവീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ