ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
സ്പോട്ട് ബുക്കിംഗ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുളിൽ തന്നെ ഭക്തർക്ക് മടങ്ങി പോകാൻ സാഹചര്യമൊരുക്കും. കൂടുതലായി ഭക്തർ എത്തിയാൽ അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. പമ്പയിലെ സ്പോട്ട് ബുക്കിംഗ് തത്‌കാലം നിർത്തിവച്ചു. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ല പ്രവേശനം നിയന്ത്രിക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്ക് കാപ്പിയും നൽകും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്.
ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം ഇന്ന് വൈകിട്ടോടെ എത്തും.
സന്നിധാനത്ത് ഇന്ന് വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെന്നാണ് വിവരം. രാവിലെ നട തുറന്നത് മുതൽ സുഗമമായി ഭക്തർ ദർശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് മാത്രമാണ് നിലക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥാടകരെ കടത്തി വിടുന്നത്. ഇന്നലെ ശബരിമലയിൽ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.
ദർശനത്തിനായി എട്ടുമണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരിൽ പലരും കുഴഞ്ഞുവീണു. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പാളിയതാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വലിയ ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ദർശന സമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ