തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് നിർദേശം നൽകി. സമ്മതിദായകർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി, ഡിസംബർ 9, 11 തീയതികളിൽ ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയും നൽകണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9-നും; തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11-നുമാണ് അവധി.
സംസ്ഥാനത്തെ ഫാക്ടറികൾ, പ്ലാന്റേഷനുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സൗകര്യമൊരുക്കുകയോ അവധി നൽകുകയോ ചെയ്യണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി അനുവദിക്കുന്നതിന് നടപടിയെടുക്കാൻ കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ