അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.



കൊച്ചി: അങ്കമാലി കറുക്കുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

റോസിലി ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം, കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പോസ്റ്റ്മോർട്ടം അല്‍പസമയത്തിനകം നടക്കും. കറുക്കുറ്റി ചീനിയില്‍ താമസിക്കുന്ന ആന്റണി, റൂത്ത് ദമ്ബതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് ഇന്നലെ മരിച്ചത്. കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മക്ക് അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കറുക്കുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പയ്യപ്പള്ളി വീട്ടലാണ് നാട് നടുങ്ങിയ കുഞ്ഞിന്റെ മരണം. വീട്ടില്‍ നിന്ന് നിലവിളി കേട്ട് അയല്‍വാസി മണി ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചകുഞ്ഞിനെ അച്ഛൻ ആന്റണി തോളില്‍ കിടത്തിയിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ എന്തോ കടിച്ചു എന്നായിരുന്നു മറുപടി. അച്ഛനെയും അമ്മയെയും കുഞ്ഞിനെയും കാറില്‍ കയറ്റി മണി ഉടൻ അപ്പോളോ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതോടെയാണ് അടിമുടി ദുരൂഹതയായത്. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും എല്ലാം അടങ്ങുന്ന കുടുംബമാണ് ആന്റണിയുടെത്. കുഞ്ഞിനെ രാവിലെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. അമ്മ ഭക്ഷണം എടുക്കാൻ അടുക്കളയില്‍ പോയി തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച്‌ കിടക്കുന്നതാണ് കണ്ടത്.

60 കാരിയായ അമ്മൂമ്മ വിഷാദരോഗത്തിന് ചികിത്സ തേടുന്നവിഷാദരോഗത്തിന് ചികിത്സ തേടുന്ന ആള്‍ ആണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഓവർഡോസ് മരുന്ന് കഴിച്ച്‌ മാനസിക വിഭ്രാന്തി കാണിച്ച്‌ ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെയും അമ്മൂമ്മ ഓവർഡോസ് മരുന്ന് കഴിച്ചിരുന്നു. അമ്മൂമ്മ കുഞ്ഞിനെ പരിക്കേല്‍പിച്ചെന്ന സംശയത്തിലാണ് പൊലീസ്. 

കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയതിന് പിന്നാലെ തളർന്നുവീണ അമ്മൂമ്മയെ മൂക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും മൊഴി അങ്കമാലി പൊലീസ് രേഖപ്പെടുത്തി. അമ്മൂമ്മയുടെയും അമ്മയുടെയും അടക്കം മൊഴികള്‍ ഉടൻ രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.