2025 നവംബർ 21 വെള്ളി
1201 വൃശ്ചികം 5 അനിഴം
1447 ജ : അവ്വൽ 30
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ.പത്മകുമാര്‍ പറഞ്ഞ 'ദൈവതുല്യര്‍' ആരൊക്കെ?. നമ്മള്‍ ദൈവതുല്യം കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കില്‍ എനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് എ.പത്മകുമാര്‍ കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. കേസില്‍ ഒരു മാസത്തിനിപ്പുറം പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ 'ദൈവതുല്യര്‍' ആരാണെന്ന ചോദ്യത്തിനു കൂടി ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി പുറത്ത്. ഉദ്യോഗസ്ഥരെയും എന്‍ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിന്റെ മൊഴി. ഉദ്യോഗസ്ഥര്‍ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്മകുമാര്‍ പറയുന്നു. അതേസമയം പോറ്റിയുമായി ആറന്‍മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം നിശബ്ദനായ പത്മകുമാര്‍ ദൈവത്തെ പോലെ കണ്ടതാരെയാണെന്ന ചോദ്യത്തിന് ചിരിക്കുക മാത്രമാണ് ചെയ്തത്.
◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിക്ക് മുന്‍പാകെ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്കാണ് മാറ്റിയത്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും കോടതി ശിക്ഷിക്കുന്നെങ്കില്‍ ശിക്ഷിക്കട്ടെയെന്നും ആവശ്യമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
◾ സി.പി.എം ശബരിമല കൊള്ളയടിച്ചത് ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ചാണെന്നും ഇപ്പോള്‍ കാണുന്നത് ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ജയിലേക്ക് പോകുന്ന ഘോഷയാത്രയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം. ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ച വി.ഡി. സതീശന്‍ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദന് മാത്രമെ കാണകയുള്ളുവെന്നും പരിഹസിച്ചു.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമാണെന്നും ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് ഇവിടെ അവസാനിക്കില്ലെന്നും മൂന്ന് ദേവസ്വം മന്ത്രിമാര്‍ക്ക് ഈ കൊള്ളയില്‍ നേരിട്ട് പങ്കുണ്ടെന്നും ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ട് പോയാല്‍ അവര്‍ അഴിയെണ്ണേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
◾ ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിപിഎമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്നും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നടന്നത് രാഷ്ട്രീയ അഴിമതി തന്നെയാണെന്നും അമ്പലത്തില്‍ നിന്നു സ്വര്‍ണം കട്ടവര്‍ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
◾ ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ച സംഭവം സിപിഎം അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് തെളിയിക്കുന്നതാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എന്ന് .മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ദേവസ്വം ബോര്‍ഡിന്റെ പേരില്‍ സിപിഎം ശബരിമലയില്‍ നിയോഗിച്ചത് ഒരു കൊള്ളസംഘത്തെയാണോ എന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗസ്ഥതല തട്ടിപ്പ് എന്ന് പറഞ്ഞ് ഈ വിഷയത്തില്‍ നിന്ന് സിപിഎമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ലെന്നും പറഞ്ഞു.
◾ ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ കര്‍ശന നടപടി ഉറപ്പാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജു എബ്രഹാം വ്യക്തമാക്കി. ഇനി പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെങ്കിലും കര്‍ശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാന്‍ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കര്‍ശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായതിന് പിന്നാലെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പത്മകുമാറിന്റെ ആറന്മുളയിലെ വീടിനാണ് വന്‍ പൊലീസ് കാവല്‍. വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വീടിനു പരിസരത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തി. അറസ്റ്റില്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.
◾ ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിനെ കുറിച്ചും ശബരിമല വിഷയത്തെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.
◾ തിരുവനന്തപുരം നെടുമങ്ങാട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 40 ദിവസം കൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
◾ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴക്ക് ശമനമുണ്ടെങ്കിലും ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത 2 ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇത് പ്രകാരം 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവിക്കുന്ന ദിനത്തില്‍ തീരുമാനമായില്ല. ഈ മാസം 25ന് വിചാരണക്കോടതി കേസ് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോള്‍ നടക്കുന്നത്. സംശയ നിവാരണം കൂടിക്കഴിഞ്ഞാല്‍ കേസ് വിധി പറയുന്നതിനായി മാറ്റും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുക.
◾ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ വയനാട്ടില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളി വയലിന് സീറ്റില്ല. മീനങ്ങാടിയില്‍ പരിഗണിച്ചിരുന്നെങ്കിലും ജഷീര്‍ വഴങ്ങിയിരുന്നില്ല. കേണിച്ചിറയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ജോയ് ആണ് സ്ഥാനാര്‍ഥി.
◾ കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയുടെ 36-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. പയ്യന്നൂര്‍ കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെയാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
◾ കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വധഭീഷണിയെന്ന് പരാതി. സ്ഥാനാര്‍ത്ഥിയായ നന്ദന്‍ ആപ്പുംകുഴി മേപ്പയൂരിനാണ് വധഭീഷണിയുണ്ടായത്. ഇതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു നന്ദന്‍ ആപ്പുംകുഴി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയിലെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ഡിവിഷന്‍ ബെഞ്ചുകള്‍ നേരത്തെ പിന്മാറിയിരുന്നു.
◾ എറണാകുളം ജില്ലാ കേന്ദ്രീകരിച്ച് നടന്ന നൂറ് കിലോ ചന്ദന വില്പന പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാര്‍ സ്വദേശികളില്‍ നിന്നാണ് മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തില്‍ ചന്ദനം പിടിച്ചെടുത്തത്. രണ്ടു കാറുകളായി കടത്താന്‍ ശ്രമിച്ച ചന്ദനമാണ് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇടുക്കി സ്വദേശികളായ ശരണ്‍ ശശി, നിഖില്‍ സുരേഷ്, ഷാജി വിഎസ്, അനീഷ് മാത്യു, ചാര്‍ളി ജോസഫ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
◾ കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആല്‍ത്തറമൂടില്‍ വന്‍ തീപിടിത്തം. നാല് വീടുകള്‍ക്ക് തീപിടിക്കുകയും ഇവ പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു.
◾ മലയാളി വ്യവസായിയെയും യുവതിയെയും അബുദാബിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ ഒരാളായ മലയാളിയെ ചെന്നൈയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ഒളിവിലായിരുന്ന നിലമ്പൂര്‍ സ്വദേശി ഷമീം കെകെ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2020 മാര്‍ച്ചിലാണ് കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പില്‍, ഓഫീസ് മാനേജര്‍ ഡെന്‍സി ആന്റണി എന്നിവരെ ആണ് അബുദാബിയിലെ ഫ്ലാറ്റില്‍ വച്ച് കൊന്നത്. നിലമ്പൂരില്‍ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കൊലപാതകങ്ങള്‍.
◾ ഇടുക്കി പണിക്കന്‍കുടിയില്‍ നാലു വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി പറൂസിറ്റി സ്വദേശി പെരുമ്പള്ളികുന്നേല്‍ രഞ്ജിനി (28), മകന്‍ ആദിത്യന്‍ (4) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയപ്പോള്‍ മകനെ വീടിന്റെ ജനല്‍ കമ്പിയില്‍ ജീവനോടെ കെട്ടി തൂക്കിയ നിലയിലായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ മകനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകനെ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
◾ ഗവര്‍ണ്ണറുടെ വിവേചനാധികാരം സംബന്ധിച്ച സുപ്രീംകോടതിയുടെ ഏറ്റവും പുതിയ വിധി സ്വാഗതം ചെയ്യുന്നതായി ബംഗാള്‍ ഗവര്‍ണ്ണറും മലയാളിയുമായ സി.വി. ആനന്ദ ബോസ്. കോടതി വിധിയിലൂടെ ഗവര്‍ണ്ണര്‍ വെറുമൊരു 'റബ്ബര്‍ സ്റ്റാമ്പല്ലെന്ന് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നതെന്നും, സുപ്രീംകോടതി നിര്‍ദ്ദേശിച്ച നിയമവഴികളിലൂടെ മാത്രമാണ് ബംഗാള്‍ രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന നിയമസഭ പാസാക്കുന്ന ഒരു ബില്‍ പോലും തടഞ്ഞുവെക്കാറില്ലെന്നും ഗവര്‍ണ്ണര്‍ ആനന്ദ ബോസ് കൂട്ടിച്ചേര്‍ത്തു.
◾ സംസ്ഥാനത്ത് അധികാര പങ്കിടല്‍ ഫോര്‍മുല നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ണാടക എംഎല്‍എമാര്‍ ഡല്‍ഹിയില്‍. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പക്ഷത്തുള്ള പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഡല്‍ഹിയിലെത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.
◾ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസമ്മില്‍ ഗനായിയും ഷഹീന്‍ സയീദും ഉള്‍പ്പെടെ നാലുപേരെ കൂടുതല്‍ ചോദ്യംചെയ്യലിനായി കോടതി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച, പട്യാല ഹൗസ് കോടതിയാണ് ഇവരെ 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.
◾ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായതിനുശേഷം ആദ്യത്തെ വമ്പന്‍ പരിപാടിയ്ക്കൊരുങ്ങി ഡല്‍ഹി. 50,000 പേര്‍ പങ്കെടുക്കുന്ന ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ചുള്ള മെഗാ പരിപാടിക്കാണ് ചെങ്കോട്ട തയ്യാറെടുക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
◾ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദ് അടക്കം പ്രതികളുടെ ജാമ്യപേക്ഷയിലെ വാദത്തിനിടെ കടുത്ത പരാമര്‍ശവുമായി ദില്ലി പൊലീസ്. ദില്ലി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യമിട്ട് ആയിരുന്നുവെന്ന് വാദിച്ച അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജു. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഉപയോഗിച്ച് പഠിച്ച് ഡോക്ടറുമാരും ആക്ടീവിസ്റ്റുകളുമാകുന്നവര്‍ നേരിട്ട് ആയുധമെടുക്കുന്ന ഭീകരരേക്കാള്‍ അപകടകാരികള്‍ ആകുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ആഞ്ഞടിച്ചു.
◾ ദില്ലി മെട്രോ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷൌര്യ പാട്ടിലിന്റെ മരണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്‌കൂള്‍ ബാഗില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അതില്‍ ദില്ലിയിലെ ഒരു പ്രൈവറ്റ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടി സ്‌കൂളില്‍ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്‌കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
◾ ജമ്മു കശ്മീരില്‍ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ ഒന്നായ കശ്മീര്‍ ടൈംസിന്റെ ജമ്മുവിലെ ഓഫീസില്‍ റെയ്ഡ്. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയാണ് പരിശോധന നടത്തുന്നത്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ പേരിലാണ് റെയ്ഡ്.
◾ ജെന്‍ സീ സംഘര്‍ഷത്തെ തുടര്‍ന്ന് നേപ്പാളിലെ ബാര ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രവര്‍ത്തകരും ജെന്‍ സീ പ്രതിഷേധക്കാരും തമ്മില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി.
◾ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് ട്രൈബ്യൂണല്‍ വിധിച്ച അഞ്ച് പേരോട് ഉടന്‍ രാജ്യം വിടാന്‍ അസമിലെ സോണിത്പുര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. 1950-ലെ കുടിയേറ്റ നിയമം നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഈ നിലയില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അഞ്ച് പേരും ഒരു വര്‍ഷമായി താമസമില്ലെന്നാണ് ഇവരുടെ അയല്‍വാസികള്‍ പൊലീസിനും അധികൃതര്‍ക്കും മൊഴി നല്‍കിയത്. ഇവര്‍ ഒളിവില്‍ പോയിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
◾ സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം ചര്‍ച്ചയാകുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ അനുകൂലിക്കുകയും സാധാരണ മുസ്ലീങ്ങളെ വെറുക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്റേത് എന്നായിരുന്നു സാന്‍ഡേഴ്സന്റെ വിമര്‍ശനം.
◾ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി നിയുക്ത മേയര്‍ സൊഹ്റാന്‍ മംദാനിയും ഇന്നു വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മംദാനി അനുമതി തേടിയെന്നും വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ച സ്ഥിരീകരിച്ചുള്ള സമൂഹമാധ്യമ പോസ്റ്റില്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ കമ്മ്യൂണിസ്റ്റ് മേയര്‍ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചത്. പരസ്പരം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. എന്നാല്‍ ട്രംപുമായുള്ള ബന്ധം ന്യൂയോര്‍ക്ക് നഗരത്തിന്റെ വിജയത്തിന് നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മംദാനി വ്യക്തമാക്കിയിരുന്നു.
◾ ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം. ഷോര്ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ വേദിയില്‍ നിന്ന് ഒഴിപ്പിച്ചു. ഇന്ത്യയുടെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും ബ്രസീല്‍ ടൂറിസം മന്ത്രി സെല്‍സോ സാബിനോ അറിയിച്ചു.
◾ പ്രമുഖ ജര്‍മ്മന്‍ ബാങ്കായ ദോയ്‌ചെ ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയില്‍, വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസുകള്‍ ഏറ്റെടുക്കാന്‍ കൊട്ടക് മഹീന്ദ്ര ബാങ്കും ഫെഡറല്‍ ബാങ്കും സജീവമായ ചര്‍ച്ചകളില്‍. തങ്ങളുടെ ഏക യൂറോപ്യന്‍ ഇതര റീട്ടെയില്‍ വിപണിയായ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി പുറത്തുകടക്കുന്നതിനുളള നീക്കങ്ങളിലാണ് ദോയ്‌ചെ ബാങ്ക്. ആഗോളതലത്തില്‍ ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സിഇഒ ക്രിസ്റ്റ്യന്‍ സേവിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന വലിയ പുനഃസംഘടനയുടെ ഭാഗമായാണ് ദോയ്‌ചെ ബാങ്ക് ഈ വിഭാഗം വില്‍ക്കാന്‍ ഒരുങ്ങുന്നത്. വ്യക്തിഗത വായ്പകള്‍, മോര്‍ട്ട്‌ഗേജുകള്‍, കൂടാതെ വെല്‍ത്ത് മാനേജ്‌മെന്റ് ആസ്തികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വില്‍പ്പനയ്ക്കുള്ള പോര്‍ട്ട്‌ഫോളിയോ. 2025 മാര്‍ച്ച് വരെ ഏകദേശം 25,038 കോടി രൂപയുടെ റീട്ടെയില്‍ ആസ്തികളാണ് ഈ വിഭാഗത്തിനുള്ളത്. ഈ ഏറ്റെടുക്കല്‍ വിജയകരമായാല്‍ കൊട്ടക്, ഫെഡറല്‍ ബാങ്കുകള്‍ക്ക് ദോയ്‌ചെ ബാങ്കിന്റെ ലാഭകരമായ വെല്‍ത്ത് മാനേജ്‌മെന്റ് സെഗ്മെന്റിലേക്കും റീട്ടെയില്‍ ബിസിനസ് ബുക്കിലേക്കും പ്രവേശനം ലഭിക്കും.
◾ വര്‍ണ്ണശാലയുടെ ബാനറില്‍ കുര്യന്‍ വര്‍ണ്ണശാല നിര്‍മ്മിച്ച് തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദം- ഹവ്വ ഇന്‍ ഏദന്‍'. ബൈബിള്‍ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളുടെ (കായേന്‍, ആബേല്‍ ) ജീവിതം പൂര്‍ണ്ണമായും അവതരിപ്പിക്കുകയാണ് ആദം ഹവ്വ ഇന്‍ ഏദന്‍ എന്ന ചിത്രത്തില്‍. പഴയ നിയമത്തിലെ ഉല്‍പത്തി അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. ആല്‍വിന്‍ ജോണ്‍ ആദത്തെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ ഹവ്വയായെത്തുന്നു. പഞ്ചാബ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ആദം ഹവ്വ ഇന്‍ ഏദന്‍ എന്ന ചിത്രം ഡിസംബര്‍ അവസാന വാരം തിയറ്ററുകളില്‍ എത്തും.
◾ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് ചിത്രം കാന്തയിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. 'കാര്‍മുകില്‍ കണ്ണഴകോ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ശിവത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഝാനു ചന്ദര്‍ ആണ്. പ്രദീപ് കുമാര്‍ ആണ് ഗായകന്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്. സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.
◾ 400 ദിവസത്തിനുള്ളില്‍ 50,000 യൂണിറ്റ് വില്‍പ്പന കടന്ന് വിന്‍ഡ്‌സര്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ ഈ നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വില്‍പ്പനയ്‌ക്കെത്തിയതിനുശേഷം മണിക്കൂറില്‍ ശരാശരി അഞ്ച് യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട്, ഈ കണക്കിലെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫോര്‍ വീലര്‍ ഇവിയാണ് വിന്‍ഡ്‌സര്‍ എന്ന് കമ്പനി അവകാശപ്പെടുന്നു. ശരാശരി, പ്രതിദിനം 125 ഉപഭോക്താക്കള്‍ വിന്‍ഡ്‌സര്‍ ഇവി വാങ്ങുന്നുവെന്നും ഇത് രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഫോര്‍ വീലര്‍ ഇവിയായി മാറുന്നുവെന്നും എംജി പറയുന്നു. വിന്‍ഡ്‌സര്‍ ഇവിയുടെ പ്രോ വേരിയന്റ് എംജി അടുത്തിടെ പുറത്തിറക്കിയിരുന്നു. 449 കിലോമീറ്റര്‍ റേഞ്ചുള്ള 52.9 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററി പായ്ക്കാണ് ഇതിന്റെ സവിശേഷത. റേഞ്ച് വര്‍ദ്ധിച്ചിട്ടും, കാറിന്റെ 136 എച്പി പവര്‍ ഔട്ട്പുട്ടും 200 എന്‍എം ടോര്‍ക്കും മാറ്റമില്ലാതെ തുടരുന്നു. 7.4 കിലോവാട്ട് എസി ചാര്‍ജര്‍ ഏകദേശം 9.5 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നു. 14 ലക്ഷം മുതല്‍ 18.39 ലക്ഷം വരെയാണ് എംജി വിന്‍ഡ്‌സര്‍ ഇവിയുടെ എക്‌സ്-ഷോറൂം വില.
◾ ഭൂതകാലത്തിലേക്കുള്ള വിഭവസമൃദ്ധമായ യാത്രയാണ് കാടകം, ആസ്ത്രേലിയയില്‍ നിന്ന് ഉത്തരമലബാറിലെ ഒരു ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ എഴുത്തുകാരി ഏറ്റവുമധികം വാചാലയാകുന്നത് നാവില്‍ മറന്നു പോകാതെ സൂക്ഷിച്ച രുചിയെക്കുറിച്ചാണ്. അതോടൊപ്പം കഥകളും മിത്തുകളും കളികളും ചങ്ങാത്തങ്ങളും ഓര്‍മ്മകളും കടന്നുവരുന്നു. ചില കഥാപാത്രങ്ങള്‍ ആഴമുള്ളവരും വിചിത്ര സ്വഭാവമുള്ളവരുമാണ്. മറ്റുചിലര്‍ നമ്മളെ വല്ലാതെ വേദനിപ്പിക്കുന്നു. സംഭാഷണത്തില്‍ പ്രാദേശിക ഭാഷയുടെ കൃത്യത പുലര്‍ത്തുമ്പോഴും വിവരണങ്ങള്‍ ഹാസ്യമുള്‍പ്പെടെ വഴങ്ങുന്ന സുന്ദരമായ തെളിമലയാളത്തിലാണ്. ഇത്രയും സൂക്ഷ്മമായി പഴയ കേരളീയ ഗ്രാമത്തെ എഴുതാന്‍ ഇവിടുത്തെ സ്ഥിരതാമസക്കാരന് സാദ്ധ്യമല്ല. അതൊരു പ്രവാസിയെക്കൊണ്ടേ പറ്റൂ. കാരണം അവരുടെ ഉള്ളില്‍ ചെന്നുചേര്‍ന്ന ഭൂഖണ്ഡത്തേക്കാള്‍ ഇവിടുത്തെ ഭാഷയും പ്രകൃതിയും മനുഷ്യരും നാട്ടുദൈവങ്ങളും നിറഞ്ഞു നില്‍ക്കുന്നു. 'കാടകം'. ലളിതാ രാജ്. ഗ്രീന്‍ ബുക്സ്. വില 190 രൂപ.
◾ രക്തസമ്മര്‍ദവും പ്രമേഹവും വരുതിയില്‍ നിര്‍ത്താന്‍ ചുരയ്ക്ക സഹായിക്കുമെന്ന് പഠനം. ക്യൂറിയസ് ജേണലില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കാലറി വളരെ കുറവാണ്. കൂടാതെ വൈറ്റമിന്‍ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ നീര്‍വീക്കം കുറയുകയും ദഹനപ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാകുകയും ചെയ്യും. ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കും. പല വലുപ്പത്തില്‍ നീളത്തിലും ഉരുണ്ട ആകൃതിയിലും വണ്ണം കുറഞ്ഞും എല്ലാം ചുരയ്ക്ക ലഭ്യമാണ്. ചുരയ്ക്ക ശരീരം തണുപ്പിക്കും എന്നു മാത്രമല്ല ഹൃദയത്തിന് ആരോഗ്യമേകുകയും ഉറക്ക പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്ക ജ്യൂസ് സഹായിക്കും. ഇരുമ്പ്, അവശ്യ വിറ്റാമിനുകള്‍, പൊട്ടാസ്യം എന്നിവ ചുരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസ് ആയോ അല്ലാതെയോ ഡയറ്റില്‍ ചേര്‍ക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുരയ്ക്കയില്‍ കോളിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും സഹായുക്കും. മാത്രമല്ല, ചുരയ്ക്ക ഒരു നാച്വറല്‍ ക്ലെന്‍സര്‍ കൂടിയാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയാനും. ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
പൂച്ച ആ വീട്ടിലെ എലികളെയെല്ലാം പിടിക്കൂടിയെങ്കിലും ഒരെണ്ണം മാത്രം കുതറിയോടി രക്ഷപ്പെട്ടു. പൂച്ച ഒരു തന്ത്രം പ്രയോഗിച്ചു. താന്‍ ദൈവഭക്തനായി മാറിയെന്നും ഇനി എലികളെയൊന്നും കൊല്ലുകില്ലെന്നും പ്രഖ്യാപിച്ചു. രക്ഷപ്പെട്ട എലി പൂച്ചയെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും പൂച്ച പ്രാര്‍ത്ഥനയിലായിരുന്നു. ഇത് കണ്ട എലി സമാധാനത്തോടെ വീണ്ടും വീട്ടില്‍ നടക്കാന്‍ തുടങ്ങി. എലിയുടെ ശ്രദ്ധമാറിയെന്ന് കണ്ടതും പൂച്ച എലിയെ പിടിച്ചു. അപ്പോള്‍ എലി ചോദിച്ചു: അങ്ങ് ദൈവഭക്തനായി മാറി എലികളെ കൊല്ലില്ല എന്ന് പറഞ്ഞതല്ലേ.. പൂച്ച പറഞ്ഞു: ശരിയാണ്, പക്ഷേ, എനിക്ക് വിശപ്പില്ലാത്തപ്പോള്‍ മാത്രം ഞാന്‍ ഭക്തനാണ്. എല്ലാവര്‍ക്കും എല്ലായ്‌പോഴും ഒരുപോലെ പെരുമാറാന്‍ സാധിച്ചെന്ന് വരില്ല. പക്ഷേ, ആവശ്യങ്ങള്‍ക്കനുസരിച്ച് ആകാരം മാറുന്നവരെ അകറ്റി നിര്‍ത്തുക തന്നെ വേണം. രഹസ്യങ്ങളും തന്ത്രങ്ങളും ആവശ്യമായ അളവില്‍ എല്ലാവരിലും കാണും. പക്ഷേ, അന്യന്റെ വഴിയില്‍ മാര്‍ഗ്ഗതടസ്സമായി സൃഷ്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് അകറ്റിനിര്‍ത്തുക തന്നെ വേണം. - ശുഭദിനം
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ