ഈ മാസം 13ന് സമ്ബൂര്‍ണ പണിമുടക്കുമായി ഡോക്ടര്‍മാര്‍; അത്യാഹിത സേവനങ്ങള്‍ പ്രവര്‍ത്തിക്കും.


ശമ്ബള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഡോക്ടർമാർ ഈ മാസം 13ന് പണിമുടക്കും.

അത്യാഹിത സേവനങ്ങള്‍ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും ഡോക്ടർമാർ വിട്ടുനില്‍ക്കും. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ ഡോക്ടർമാർ സൂചനാസമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്ബൂർണ പണിമുടക്കിലേക്ക് എത്തിയത്.

വിവിധ തസ്തികകളിലെ ശമ്ബളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്ബള പരിഷ്കരണ കുടിശ്ശിക നല്‍കുക, പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുക, അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവംബർ പതിമൂന്നിന് ഡോക്ടർമാർ സമ്ബൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പ്രതിഷേധത്തിലാണ് കെജിഎംസിടിഎ. ഇതിൻ്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഒരു ദിവസം ഒപിയില്‍ നിന്ന് വിട്ടുനിന്ന് സമരം നടത്തിയിരുന്നു. എന്നാല്‍ ലേബർ റൂം, കാഷ്വാലിറ്റി, ഐസിയു സേവനങ്ങള്‍ നല്‍കിയിരുന്നു. പ്രതിഷേധം ഈ രീതിയില്‍ തുടർന്നിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് കെജിഎംസിടിഎ എത്തിയത്.

സർക്കാർ ചർച്ചകള്‍ക്ക് പോലും തയാറാകുന്നില്ലെന്ന് കെജിഎംസിടിഎ ആരോപിച്ചു. ഇതുവരെ സർക്കാർ ചർച്ചകള്‍ക്ക് തയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാർ സമരം പലവിധത്തില്‍ കടുപ്പിച്ചിരുന്നു. എന്നാല്‍ തസ്തികകള്‍ സൃഷ്ടിച്ച്‌ ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നു.