മാനന്തവാടി കമ്മനയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അഞ്ച് പവനോളം സ്വർണാഭരണങ്ങൾ കവർന്നു. കമ്മന കളരിയിൽ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയാണ് കവർച്ച.
ഇന്ന് രാവിലെ 11 മണിയോടെ ചന്ദ്രന്റെ ഭാര്യ സുമ സമീപത്തെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. വൈകുന്നേരം നാല് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് വീടിനകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയുടെ ലോക്കർ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന താലിയുൾപ്പെടെ രണ്ട് സ്വർണമാലകളും കമ്മലുകളും ഉൾപ്പെടെ അഞ്ച് പവനോളം വരുന്ന ആഭരണങ്ങളാണ് കവർന്നത്.
വിവരമറിഞ്ഞതിനെ തുടർന്ന് മാനന്തവാടി പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ