കോടിപതി കൊച്ചിയില്‍? ഒന്നാം സമ്മാനം ലോട്ടറി വിറ്റത് നെട്ടൂര്‍ സ്വദേശി ലതീഷ്

 


ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജന്‍സിയില്‍ നിന്ന്. നെട്ടൂര്‍ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. നെട്ടൂരുകാരിലാരെങ്കിലുമാകണം ഭാഗ്യവാനെന്നാണ് ആഗ്രഹമെന്ന് ലതീഷ് പറഞ്ഞു. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലാണ് ലതീഷ് കട നടത്തുന്നത്.

ഏത് ടിക്കറ്റാണ് ഏത് നമ്പരാണ് എന്ന് തനിക്ക് അറിയില്ലെന്നും ഭഗവതി ഏജന്‍സിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ലതീഷ് പറഞ്ഞു. രണ്ട് മാസം മുന്‍പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 800 ടിക്കറ്റുകളാണ് ലതീഷ് എടുത്തിരുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോവുകയും ചെയ്തു. തന്റെ മാത്രമല്ല എടുക്കുന്നവരുടെ ഭാഗ്യം കൂടിയാണെന്ന് ലതീഷ് പറഞ്ഞു.

TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.