അമ്പലവയലിൽ ഓടുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.



അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം.

ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി ഇറങ്ങി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം ബൈക്ക് പൂർണ്ണമായി തീനാളങ്ങളിൽ അമരുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും അമ്പലവയൽ പോലീസും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.