ജിഎസ്ടി നിരക്ക് പുതുക്കലിൽ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നോട്ട് നിരോധനം പോലെ തന്നെ കൃത്യമായ പഠനം നടത്താതെയാണ് പുതിയ മാറ്റമെന്ന് ധനമന്ത്രി.
കേരളത്തിന് പതിനായിരം കോടി വരേയും രാജ്യത്തിന് രണ്ടുലക്ഷം കോടിയുടേയും നഷ്ടമുണ്ടാകും. ആശങ്ക പരിഹരിച്ചില്ലെങ്കിൽ സ്ഥിതി വളരെ മോശമാകുമെന്നും മുന്നറിയിപ്പ് നൽകി. ലോട്ടറികൾക്ക് വിലകൂടില്ലെന്നും ധനമന്ത്രി.
ലോട്ടറി മേഖലയെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു
അതേസമയം, കുടുംബ ബജറ്റിൽ വലിയ ആശ്വാസം നൽകുന്ന ജി.എസ്.ടി ഇളവ് പ്രാബല്യത്തിൽ . 12 ശതമാനം, 28 ശതമാനം സ്ലാബുകൾ എടുത്തുകളഞ്ഞതോടെ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾക്കും കാര്യമായി വിലകുറയും. നിത്യോപയോഗ സാധനങ്ങളായ ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങി പൊറോട്ട, ചപ്പാത്തി, ഗൃഹോപകരണങ്ങൾ, ചെറു കാറുകൾ എന്നിവയ്ക്കുവരെ കാര്യമായി വില കുറയും. 36 അവശ്യ മരുന്നുകൾക്കും ആരോഗ്യ ലൈഫ് ഇൻഷുറൻസുകൾക്കും ജി.എസ്.ടി പൂർണമായി ഒഴിവാക്കിയതും കാര്യമായ ആശ്വാസമാണ്. കാർഷിക, വിദ്യാഭ്യാസ, നിർമാണ മേഖലകളിലും ജി.എസ്.ടി പരിഷ്‌കാരം പ്രകടമായ മാറ്റമുണ്ടാക്കും.
12 ശതമാനം സ്ലാബിൽ ഉണ്ടായിരുന്ന 99 ശതമാനം ഉൽപന്നങ്ങളും അഞ്ച് ശതമാനത്തിലേക്കോ പൂജ്യത്തിലേക്കോ എത്തി. സമ്പാദ്യോൽസവം എന്നാണ് പരിഷ്‌കരണത്തെ പ്രധാനമന്ത്രി ഇന്നലെ വിശേഷിപ്പിച്ചത്. രണ്ടുലക്ഷം കോടിരൂപ വിപണിയിൽ എത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമനും പ്രതീക്ഷ പ്രകടിപ്പിച്ചു. പുകയില ഉൽപന്നങ്ങൾ 40 ശതമാനം സ്ലാബിലാണെങ്കിലും തൽക്കാലം നിലവിലെ 28 ശതമാനം സ്ലാബും നഷ്ടപരിഹാര സെസും തുടരും. കാർബണേറ്റഡ് ശീതള പാനീയങ്ങൾക്കും വിലകൂടും.
ഉപഭോക്താക്കൾക്ക് നിരക്കിളവിൻ്റെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ബി.ജെ.പിയും വിപുലമായ പ്രചാരണ പരിപാടികൾ നടത്തുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ