സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂരിലും കാസർകോടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. എന്നാൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമേ ഇടുക്കിയിലും മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. ഇടുക്കിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലാ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്‌നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുമാണ് കേരളത്തിൽ മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ