മീനങ്ങാടി പഞ്ചായത്തിനും താനാളൂർ കൃഷിഭവനും സംസ്ഥാന കർഷക അവാർഡ്


കാർഷിക മേഖലയിൽ മികച്ച പ്രവർത്തത്തിനുള്ള സി. അച്യുതമേനോൻ അവാർഡിന് (പത്തുലക്ഷം രൂപ) വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തും മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ അവാർഡിന് (അഞ്ചു ലക്ഷം) മലപ്പുറം താനാളൂർ കൃഷിഭവനും അർഹമായി.

കെ. വിശ്വനാഥൻ നെൽക്കതിർ അവാർഡ് (മൂന്നുലക്ഷം) പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുത്പാദക സമിതിക്കാണ്. ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള അവാർഡ് പാലക്കാട് അഗളി അബ്ബണ്ണൂർ ഊരും (മൂന്നുലക്ഷം), തൃശൂർ ചാലക്കുടി അടിച്ചിൽത്തൊടി ഉന്നതിയും (രണ്ടു ലക്ഷം) നേടി. കൃഷി മന്ത്രി പി. പ്രസാദാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 17ന് രാവിലെ 11ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും വാർത്തസമ്മേ ളനത്തിൽ പങ്കെടുത്തു.