ഇരിട്ടിയിൽ വിഷപാമ്പുമായി കളിച്ച് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. മൂർഖൻ പാമ്പിനെ കൈ കൊണ്ട് പിടിച്ച് കുപ്പിയിലാക്കിയായിരുന്നു കുട്ടികളുടെ കളി. കുട്ടികളിൽ ഒരാൾ ജോലിക്ക് പോയ മാതാവിന് ചിത്രം വാട്സാപ്പിൽ അയച്ചതാണ് രക്ഷയായത്.
ഇരിട്ടി കുന്നോത്താണ് സംഭവം. ഇന്നലെ ജില്ലയിൽ മഴ കാരണം സ്കൂളുകൾക്ക് അവധിയായിരുന്നു. മരചുവട്ടിൽ കളിക്കുന്നതിനിടെ കുഞ്ഞുപാമ്പ് ഇഴഞ്ഞു പോകുന്നത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതിനെ പിടിച്ച് പ്ലാസ്റ്റിക്ക് കുപ്പിയിൽ അടയ്ക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ഇതിന്റെ ഫോട്ടോയെടുത്ത് ഇരിട്ടിയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അമ്മയ്ക്ക് അയച്ചു നൽകി.
മുർഖൻ്റെ ഫോട്ടോ കണ്ട ഞെട്ടിയ അമ്മ സ്നേക്ക് റെക്യുവറിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്നേക്ക് റെസ്ക്യൂവർ എത്തി പാമ്പിനെ ഏറ്റെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
വലിയ അപകടമാണ് ഒഴിവായത്. തങ്ങൾ പിടിച്ചത് മൂർഖൻ ആണെന്നോ വിഷപാമ്പാണെന്നോ കുട്ടികൾ തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് വിവരം. നിലവിൽ സോഷ്യൽ മീഡിയയിൽ പാമ്പു പിടിക്കുന്ന വീഡിയോകൾ വ്യാപകമാണ്. ഇത് കണ്ടാണോ കുട്ടികൾ പാമ്പിനെ പിടിച്ചതെന്ന് വ്യക്തമല്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ