ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; പിഴവ് പറ്റിയെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ, ശബ്ദരേഖ പുറത്ത്


ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിൻ്റെ ശബ്ദരേഖ. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടർ പറയുന്നതാണ് ശബ്ദരേഖയിലുള്ലത്.

തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറൽ ആശുപത്രിയിലെ സർജൻ ഡോ. രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറയുന്നത്.

ഡോക്ടർക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും തങ്ങളോട് മറച്ചുവച്ചെന്നുമാണ് സംഭാഷണത്തിൽ നിന്ന് തനിക്ക് മനസിലായതെന്ന് സബീർ വ്യക്തമാക്കി. ഉത്തരവാദിത്തത്തിൽ നിന്ന് ഡോക്ടർ ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഡോക്ടർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.