കാസര്‍കോട്ട് ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം.


കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയില്‍നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.

സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.