ടച്ചിങ്സ് നൽകാത്തതിന്റെ പേരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അളഗപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടച്ചിങ്സ് നൽകാത്തതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പുതുക്കാട് മേഫെയർ ബാറിന് മുന്നിൽ വെച്ചാണ് സംഭവം. ഞായറാഴ്‌ച രാവിലെ സിജോ ജോൺ എന്ന നാൽപ്പതുകാരൻ ബാറിലെത്തി മദ്യപിക്കുകയും ഭക്ഷണം കഴിക്കുന്നതുപോലെ നിരന്തരം ടച്ചിങ്സ് ആവശ്യപ്പെടുകയും ചെയ്തു. എട്ടുതവണയാണ് ടച്ചിങ്സ് ആവശ്യപ്പെട്ടത്. ഒടുവിൽ ടച്ചിങ്സ് നൽകാത്തതിനെ ചൊല്ലി ജീവനക്കാരുമായി തർക്കമായി. ഉന്തു തള്ളുമുണ്ടായി. ഒടുവിൽ സിജോ ജോണിനെ ബാറിൽ നിന്ന് ജീവനക്കാർ ചേർന്ന് ഇറക്കിവിട്ടു. നിന്നെയൊക്കെ കാണിച്ചു തരാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടാണ് യുവാവ് ബാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതെന്ന് ബാർ ജീവനക്കാർ പറയുന്നു.
പുതുക്കാടുനിന്നും തൃശൂരിലേക്ക് പോയി പ്രതി ഒരു കത്തി വാങ്ങി. വീണ്ടും ബാറിൽ കയറി മദ്യപിച്ച പ്രതി ഹേമചന്ദ്രൻ പുറത്ത് വരുന്നതും നോക്കി കാത്തുനിൽക്കുകയായിരുന്നു. രാത്രി 11.30ന് ബാർ അടച്ച ശേഷം ഹേമചന്ദ്രൻ ഭക്ഷണം കഴിക്കാനായി മുന്നിലുള്ള ചായക്കടയിലെത്തി. ഈ സമയത്താണ് ഒളിച്ചിരുന്ന സിജോ ജോൺ ഹേമചന്ദ്രനെ ആക്രമിച്ചത്. കൈയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് ഹേമചന്ദ്രൻ്റെ കഴുത്തിൽ കുത്തിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഹേമചന്ദ്രനെ ഉടനെ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ച രണ്ടരയോടെ പ്രതി പിടിയിലാകുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ