കേരളതീരത്ത് തീപടർന്ന കപ്പലിൽ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കൾവരെ; ശ്വസിച്ചാല്‍ അതീവ അപകടകരം.

 


കോഴിക്കോട് ബേപ്പൂര്‍ തീരത്ത് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503 ചരക്കുകപ്പലില്‍ ഉള്ള വസ്തുക്കളുടെ വിവരങ്ങള്‍ പുറത്ത്. 150ലധികം കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉള്ളതായാണ് വിവരം. ഇവയില്‍ പലതും അതിവേഗം തീപിടിക്കാവുന്ന ദ്രവപദാര്‍ത്ഥങ്ങളാണ്. ശ്വസിച്ചാല്‍ അപകടകരമാകുന്ന നിരവധി വസ്തുക്കളും കണ്ടെയ്‌നറിലുണ്ട്. കടല്‍വെള്ളം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കളും കണ്ടെയ്‌നറില്‍ ഉള്ളതായാണ് വിവരം.

കപ്പലില്‍ ഉള്ള വസ്തുക്കളുടെ വിവരങ്ങള്‍


 തീപിടിക്കാവുന്ന ഖര-ദ്രാവക പദാര്‍ത്ഥങ്ങള്‍

റെസിന്‍ സൊല്യൂഷന്‍, പെയിന്റ്, ടര്‍പ്പെന്റൈന്‍ ഉള്‍പ്പടെയുള്ളവ- ചെറിയ തീപ്പൊരിയോ സ്റ്റാറ്റിക് ചാര്‍ജ്ജോ പോലും അപകട സാധ്യതയുണ്ടാക്കും. 32 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുണ്ടായാലും അപകടം

 വിഷ പദാര്‍ത്ഥങ്ങള്‍

ഡൈമീതെല്‍ സള്‍ഫേറ്റ്, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈക്ലോറോ മീതൈല്‍ തുടങ്ങിയവ-ഇത്തരം പദാര്‍ത്ഥങ്ങള്‍ ശ്വസിച്ചാല്‍ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. അപസ്മാരമുണ്ടാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം. ഇതിള്‍ ഉള്‍പ്പെടുന്നത് ക്ലാസ് 6.1 വിഭാഗത്തിലുള്ള വിഷവസ്തുക്കളാണ്. പല രാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കളാണിവ.

പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍

ട്രൈക്ലോറോ ബെന്‍സീന്‍, സിങ്ക് ഓക്സൈഡ്, ഫോസ്ഫേറ്റ് ചെയ്ത എസ്റ്ററുകള്‍ തുടങ്ങിയവ- ഇത് സമുദ്ര സമ്പത്തിനെ ദോഷകരമായി ബാധിക്കും. ചെറിയ ചോര്‍ച്ച പോലും സമുദ്രത്തില്‍ വലിയ ആഘാതമുണ്ടാക്കു. മത്സ്യ സമ്പത്തിനെ ഉള്‍പ്പടെ ദോഷകരമായി ബാധിക്കും.

 ജലവും വായുവുമായി ചേര്‍ന്നാല്‍ അപകടകരം

ഓര്‍ഗണോ മെറ്റാലിക് പൈറോഫോറിക്സ്- അന്തരീക്ഷത്തില്‍ ജ്വലിക്കുന്ന പദാര്‍ത്ഥം. തീയണയ്ക്കുക അതീവ ദുഷ്‌കരമാക്കും. കടല്‍ ജലവുമായി ചേര്‍ന്നാല്‍ സ്ഫോടനംവരെ സംഭവിക്കാം.

 പൊള്ളല്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങള്‍

മലീക് ആന്‍ഹൈഡ്രൈഡ്, ഫോസ്ഫോറിക് ആസിഡ്, മെതാക്രൈലിക് ആസിഡ്, പോളിമൈന്‍സ്- സ്പര്‍ശിച്ചാല്‍ പൊള്ളലേല്‍ക്കാം. ചോര്‍ച്ചയുണ്ടെങ്കില്‍ കപ്പലിനെ വരെ ദുര്‍ബ്ബലമാക്കാന്‍ തീവ്രശേഷി.

ചൂടേറ്റാല്‍ അപകട സാധ്യതയുള്ള വസ്തുക്കള്‍

ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്- ചൂട്, വൈബ്രേഷന്‍, അന്തരീക്ഷ താപനില തുടങ്ങിയവ അപകട സാധ്യത കൂട്ടും