കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള -കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ