88 കാരിയെ ചവിട്ടി വീഴ്ത്തി, തല ചുമരിൽ ഇടിപ്പിച്ചു ; മദ്യലഹരിയിൽ കൊച്ചുമകൻ മുത്തശിയെ ക്രൂരമായി മർദിച്ചതായി പരാതി.




പയ്യന്നൂരില്‍ പ്രായാധിക്യം മൂലം മര്യാധയ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ കൂടി വയ്യാത്ത വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത.

എണ്‍പതിയെട്ടുകാരിയായ കണ്ടങ്കാളിയിലെ കർത്യായനിക്കാണ് കൊച്ചുമകന്റെ മർദ്ദനമേറ്റത്. മെയ് 11ന് ഇവരുടെ വീട്ടിലായിരുന്നു സംഭവം. കൊച്ചുമകനെതിരെ പൊലീസ് കേസെടുത്തു. വയോധികയെ കൈകൊണ്ട് മര്‍ദിക്കുന്നതും വഴക്ക് പറയുന്നതുമായുള്ള വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചു.

കൊച്ചുമകൻ റിജു വയോധികയെ ചവിട്ടിവീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നും ഹോം നഴ്‌സാണ് പോലീസില്‍ പരാതി നല്‍കിയത്. തലക്കും കൈക്കും പരിക്കേറ്റ കാർത്യായനി പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൂടെ താമസിക്കുന്നതിന്‍റെ വിരോധത്തില്‍ ആക്രമിച്ചു എന്നാണ് കേസ്. മദ്യപിച്ചെത്തിയാണ് റിജു അമ്മൂമ്മയെ തല്ലിയതെന്ന് മറ്റൊരു കൊച്ചുമകൻ രാഹുല്‍ പറഞ്ഞു.

റിജു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും ഹോം നേഴ്സ് പറഞ്ഞു. ഇതിനുമുൻപും റിജു വയോധികയെ ആക്രമിച്ചിട്ടുണ്ട്. കുളിമുറിയില്‍ വീണതാണെന്നാണ് ആദ്യം പറഞ്ഞത്. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് മർദനമേറ്റ പാടുകള്‍ കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊച്ചുമകനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.