ഡ്രൈവർ 'ഉറങ്ങിപ്പോയി'; കുമ്പളത്ത് യൂ- ടേൺ എടുത്ത ലോറിയിലേക്ക് ബസ് ഇടിച്ചുകയറി; 28 പേർക്ക് പരിക്ക്



കുമ്പളം ടോൾ പ്ലാസയ്ക്ക് തൊട്ടുമുൻപ് യൂ- ടേൺ എടുക്കുകയായിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറി 28 പേർക്ക് പരിക്ക്. ടൂറിസ്റ്റ് ബസിലെ ഡ്രൈവർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.'നന്ദനം' എന്ന പേരിലുള്ള ടൂറിസ്റ്റ് ബസാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ കുമ്പളം-അരൂർ ഭാഗത്തേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല. 

അതിനാൽ കുണ്ടന്നൂർ-തൃപ്പൂണിത്തുറ റൂട്ടിലൂടെ മുന്നോട്ടുപോകാൻ കണ്ടെയ്‌നർ ലോറി ടേൺ എടുക്കുമ്പോഴാണ് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് ഇടിച്ചുകയറിയതെന്നും പൊലീസ് പറഞ്ഞു.

ടൂറിസ്റ്റ് ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 'ഡൈവർ ഉറങ്ങിപ്പോയതാകാമെന്ന് ചില യാത്രക്കാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്, '- പൊലീസ് കൂട്ടിച്ചേർത്തു.

അപകടത്തിൽ ബസിൻ്റെ മുൻഭാഗം തകർന്നു. ഡ്രൈവറുടെ ക്യാബിൻ പൊളിച്ചാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഫയർഫോഴ്സ് പുറത്തെത്തിച്ചത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) യുടെ ഒരു ക്രെയിനും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചു. തിരുവനന്തപുരം സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. മലപ്പുറത്ത് ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

 പലർക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം ആറു പേരോട് സിടി സ്കാനിങ്ങിന് വിധേയരാകാൻ നിർദ്ദേശിച്ചതായി പരിക്കേറ്റവരെ പ്രവേശിപ്പിച്ച ലേക്ഷോർ ആശുപത്രിയുടെ വക്താവ് പറഞ്ഞു. സംഭവത്തിൽ പനങ്ങ പൊലീസ് കേസെടുത്തു. അതേസമയം, അപകടത്തെത്തുടർന്ന് കുമ്പളം ടോൾ പ്ലാസയിൽ ചെറിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.