തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ഈ മാസം 27 ന്, പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്.


തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27 ന് കേരള തീരത്ത് എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ശനിയാഴ്ച അറിയിച്ചു.

ഖാരിഫ് വിതയ്ക്കല്‍ സീസണിന് ഈ മണ്‍സൂണ്‍ നേരത്തെ ആരംഭിക്കുന്നത് ശുഭസൂചനയാണ്. നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അവസാനമായി മണ്‍സൂണ്‍ നേരത്തെ എത്തിയത് 2022 ല്‍ ആയിരുന്നു. അന്ന് മെയ് 31 ന് കേരള തീരത്ത് മഴ പെയ്തിരുന്നു.

സെപ്റ്റംബറില്‍ രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലയില്‍ നിന്ന് മഴ പിൻവാങ്ങുന്നതോടെ കാലവർഷം അവസാനിക്കുന്നു. ഈ വർഷം, ഐഎംഡിയും സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റും ഒരു മികച്ച മണ്‍സൂണ്‍ സീസണ്‍ പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം മഴ സാധാരണ അല്ലെങ്കില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നല്ലൊരു മണ്‍സൂണ്‍, കാർഷിക ഉല്‍പ്പാദനം വർദ്ധിപ്പിക്കുന്നതിനും ജലസംഭരണികള്‍ നിറയ്ക്കുന്നതിനും സഹായിക്കും. പ്രധാനമായും കാർഷിക മേഖലയെ ആശ്രയിക്കുന്ന ഗ്രാമീണ മേഖലയുടെ സാമ്ബത്തിക ക്ഷേമവും മഴ നിർണ്ണയിക്കുന്നു.